Breaking NewsIndiaLead NewsNEWS

അഹമ്മദാബാദ് ദുരന്തത്തില്‍ അട്ടിമറി സാദ്ധ്യത ബലപ്പെടുന്നു, തകരാത്ത ബ്‌ളാക്ക് ബോക്സ് തകര്‍ന്നെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ കത്തിയമര്‍ന്ന എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍ ബോയിംഗ് 787 വിമാനത്തിന്റെ ബ്‌ളാക്ക് ബോക്സിനും തകരാറുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. പ്രാദേശിക വിദഗ്ദ്ധര്‍ക്ക് വിവരം ശേഖരിക്കാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ ബ്‌ളാക്ക് ബോക്സ് യുഎസിലേയ്ക്ക് അയയ്ക്കാനുള്ള തീരുമാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍. 270 പേര്‍ ചാരമായ അഹമ്മദാബാദ് വിമാനാപകടത്തില്‍ അട്ടിമറി സാദ്ധ്യത ശക്തമാകവേയാണ് അധികൃതരുടെ പുതിയ നീക്കം.

വാഷിംഗ്ടണിലെ നാഷണല്‍ സേഫ്ടി ട്രാന്‍സ്പോര്‍ട്ട് ലബോറട്ടറിയിലേയ്ക്കാണ് ബ്‌ളാക്ക് ബോക്സ് പരിശോധനയ്ക്കായി അയക്കുന്നത്. തുടര്‍ന്ന് ലഭിക്കുന്ന വിവരങ്ങള്‍ എയര്‍ക്രാഫ്ട് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയ്ക്ക് കൈമാറും. ഇവര്‍ക്കാണ് അന്വേഷണത്തിന്റെ മുഖ്യചുമതലയുള്ളത്. ജൂണ്‍ 16നാണ് അപകടത്തിനിരയായ വിമാനത്തിന്റെ രണ്ടാമത്തെ ബ്‌ളാക്ക് ബോക്സ് അന്വേഷണ സംഘം കണ്ടെത്തിയത്. വിമാനത്തിന്റെ കോക്പിറ്റ് വോയിസ് റെക്കാഡറും ഫ്‌ളൈറ്റ് ഡാറ്റ റെക്കാഡറും കഴിഞ്ഞയാഴ്ച കണ്ടെത്തിയിരുന്നു.

Signature-ad

അതേസമയം, വിമാന അപകടത്തില്‍ ഭീകരബന്ധത്തിന്റെ സാദ്ധ്യതയും അന്വേഷണസംഘം തള്ളിക്കളഞ്ഞിട്ടില്ല. മെയിന്റനന്‍സ്, ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. സി.സി ടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

ഗുജറാത്ത് പൊലീസ്, എയര്‍പോര്‍ട്ട്‌സ് അതോറിട്ടി, ഡയറക്ടറേറ്റ് ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍ എന്നിവരും അന്വേഷണം നടത്തുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ഉന്നതസമിതിയും അന്വേഷിക്കുന്നു. കോക്പിറ്റ് വോയ്‌സ് റെക്കാഡര്‍, ബ്ലാക്ക് ബോക്‌സ് എന്നിവയിലെ ഡേറ്റ സൂക്ഷ്മമായി പരിശോധിക്കുകയാണ്. യുഎസ് നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും സമാന്തര അന്വേഷണം നടത്തുന്നു. ബോയിംഗ് കമ്പനി ഉദ്യോഗസ്ഥരും യുകെയിലെ ഏവിയേഷന്‍ വിദഗ്ദ്ധരും അഹമ്മദാബാദില്‍ ക്യാമ്പ് ചെയ്യുകയാണ്.

വിമാനത്തിന്റെ പൈലറ്റിന് പിഴവുണ്ടായോ? സാങ്കേതിക തകരാറാണോ അപകടത്തിന് കാരണമായത്? വിമാന രൂപകല്പനയില്‍ അപാകതയുണ്ടായിരുന്നോ? എന്‍ജിന്‍ മെയിന്റനന്‍സ് കൃത്യമായി നടത്തിയില്ലേ? എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് അന്വേഷണ സംഘം തേടുന്നത്.

വിമാനത്തിന്റെ രണ്ടു എന്‍ജിനുകളും ഒരേസമയം പ്രവര്‍ത്തനരഹിതമായി, ഇലക്ട്രിക്- ഹൈഡ്രോളിക് സംവിധാനങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചില്ല തുടങ്ങിയ സംശയങ്ങള്‍ ബലപ്പെടുകയാണ്. ഈ സാഹചര്യമുണ്ടായാല്‍ ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്ന റാറ്റ് (റാം എയര്‍ ടര്‍ബൈന്‍) ഡ്രീംലൈനറിലും പ്രവര്‍ത്തിച്ചെന്നാണ് സംശയിക്കുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ വിമാനത്തിന് ഹൈഡ്രോളിക്- ഇലക്ട്രിക് പവര്‍ നല്‍കുന്ന ചെറിയ ടര്‍ബൈന്‍ ആണ് റാറ്റ്. കഴിഞ്ഞദിവസം പുറത്തുവന്ന വീഡിയോയില്‍ റാറ്റ് പ്രവര്‍ത്തിച്ചിരുന്നെന്ന് വിശ്വസിക്കാവുന്ന ശബ്ദമുണ്ട്. അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ എന്‍ജിന്‍ മൂന്ന് മാസം മുന്‍പ് മാറ്റിസ്ഥാപിച്ചെന്ന് സൂചനയും ലഭിച്ചിട്ടുണ്ട്. വലതുഭാഗത്തെ പഴയ എന്‍ജിനാണ് മാര്‍ച്ചില്‍ മാറ്റിയത്.

 

Back to top button
error: