യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! പുറപ്പെടും മുന്‍പ് അന്വേഷിക്കണം; കണ്ണൂരില്‍നിന്നുള്ള ദുബായ്, ഷാര്‍ജ വിമാനങ്ങള്‍ റദ്ദാക്കി

കണ്ണൂര്‍: വ്യോമപാതകള്‍ അടച്ചതുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ കാരണം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ചില വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. കണ്ണൂരില്‍ നിന്ന് ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലേക്കുള്ള രണ്ട് സര്‍വീസുകളാണ് ഇന്ന് റദ്ദാക്കിയത്. യാത്ര ചെയ്യുന്നവര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അതത് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സര്‍വീസുകളുടെ സ്ഥിതി അന്വേഷിക്കണമെന്ന് വിമാനത്താവള അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ നല്‍കിയ അറിയിപ്പില്‍ പറയുന്നു.
ഇസ്രയേല്‍- ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങള്‍ വ്യോമപാത താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാകിസ്ഥാന്‍ വ്യോമപാതയില്‍ നേരത്തെ തന്നെ വിലക്കുണ്ട്.

ഈ സാഹചര്യത്തില്‍ പല വിമാനങ്ങളും ഒമാന്‍ വ്യോമപാതയാണ് ഉപയോഗിക്കുന്നത്. ഈ വ്യോമപാതയില്‍ തിരക്കേറിയതോടെയാണ് സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതമായത്. ഗള്‍ഫിലെ വേനല്‍ അവധി കൂടിയായതിനാല്‍ നാട്ടിലേക്ക് വരാന്‍ കാത്തിരുന്ന പ്രവാസികളെയും ഈ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്.