അരുണാചല്‍ സുന്ദരിക്ക് ചരിത്ര നേട്ടം; ഏഷ്യന്‍ ബോഡിബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ടമെഡല്‍

അരുണാചല്‍ പ്രദേശില്‍നിന്നുള്ള ഹില്ലാങ് യാജിക്, 15-ാമത് ദക്ഷിണേഷ്യന്‍ ബോഡിബില്‍ഡിങ് ആന്‍ഡ് ഫിസിക് സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട മെഡലുമായി ചരിത്രം കുറിച്ചു. ഭൂട്ടാനിലെ തിംഫുവില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ഒരു സ്വര്‍ണവും ഒരു വെള്ളിയുമാണ് രണ്ടിനങ്ങളിലായി ഹില്ലാങ് നേടിയത്. ഇന്ത്യയില്‍ നിന്ന് ഒരു വനിതാ താരം ആദ്യമായാണ് ഈയിനത്തിലെ അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ സ്വര്‍ണം നേടുന്നത്.
അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡു എക്‌സ് പോസ്റ്റിലൂടെ ഹില്ലാങ്ങിന് അഭിനന്ദനം അറിയിച്ചു. സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രി കിരണ്‍ റിജിജുവും താരത്തെ പ്രശംസിച്ചു. യാജിക്കിന്റെ വിജയം വടക്കുകിഴക്കന്‍ മേഖലയിലെ പുതിയ തലമുറയിലെ അത്ലറ്റുകള്‍ക്ക് ശാരീരിക കായികരംഗത്ത് മികവ് പുലര്‍ത്താന്‍ പ്രചോദനമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഒരു രാജ്യാന്തര ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ സ്വന്തമാക്കുന്ന അരുണാചലില്‍ നിന്നുള്ള ആദ്യ വനിതാ ബോഡിബില്‍ഡിങ് താരമാണ് ഹില്ലാങ് യാജിക്. ‘അവരുടെ വ്യക്തിഗത വിജയം മാത്രമല്ല, ആഗോള വേദിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ സാധിച്ചതും ശ്രദ്ധേയമാണ്’- അരുണാചല്‍ ബോഡിബില്‍ഡിംഗ് അസോസിയേഷന്‍ (എബിഎ) പ്രസിഡന്റ് നബാം ട്യൂണ പ്രസ്താവനയില്‍ യാജിക്കിന്റെ നേട്ടത്തെ പ്രശംസിച്ചു.
ഭൂട്ടാന്‍ ബോഡിബില്‍ഡിംഗ് അസോസിയേഷന്‍ ആതിഥേയത്വം വഹിച്ച ചാമ്പ്യന്‍ഷിപ്പില്‍ നിരവധി ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ പങ്കാളിത്തമുണ്ടായി. വേള്‍ഡ് ബോഡിബില്‍ഡിംഗ് ആന്‍ഡ് ഫിസിക് സ്‌പോര്‍ട്‌സ് ഫെഡറേഷനും (WBPF) ഏഷ്യന്‍ ബോഡിബില്‍ഡിംഗ് ആന്‍ഡ് ഫിസിക് സ്‌പോര്‍ട്‌സ് ഫെഡറേഷനും (ABPF) അംഗീകരിച്ച ചാമ്പ്യന്‍ഷിപ്പായിരുന്നു ഇത്.
25 കാരിയായ യാജിക്ക് കഴിഞ്ഞ വര്‍ഷം 56-ാമത് ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് & ഫിസിക് സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ശ്രദ്ധാകേന്ദ്രമായത്. കൂടാതെ, 15-ാമത് WBPF വേള്‍ഡ് ബോഡി ബില്‍ഡിംഗ് & ഫിസിക് സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പിലും അവര്‍ പങ്കെടുത്തു.
അരുണാചല്‍ പ്രദേശിലെ കുറുങ് കുമേയില്‍ ജനിച്ച യാജിക്, ഇന്ത്യന്‍ ബോഡി ബില്‍ഡേഴ്സ് ഫെഡറേഷനും കേരളത്തിലെ എറണാകുളത്ത് സ്ഥിതി ചെയ്യുന്ന ബോഡി ബില്‍ഡിംഗ് അസോസിയേഷന്‍ ഓഫ് കേരളയും നടത്തിയ സെലക്ഷന്‍ ട്രയല്‍സില്‍ വിജയിച്ചു. സെലക്ഷന്‍ ട്രയല്‍ പാസായ ശേഷം, ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് & ഫിസിക് സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പിലും 2024 ലെ വേള്‍ഡ് ബോഡി ബില്‍ഡിംഗ് & ഫിസിക് സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പിലും അവര്‍ ഇടം നേടി.
‘കഴിഞ്ഞ വര്‍ഷം എനിക്ക് ഒരു അന്താരാഷ്ട്ര മെഡലും നേടാന്‍ കഴിഞ്ഞില്ല.. നിരാശ തോന്നിയെങ്കിലും ഞാന്‍ തളര്‍ന്നില്ല.. ഇത്തവണ ഞാന്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്തു, എന്റെ 110% ഞാന്‍ നല്‍കി.. ഈ മെഡല്‍ ഞാന്‍ എന്റെ രാജ്യത്തിനും, എന്റെ സംസ്ഥാനമായ അരുണാചലിനും, എന്റെ പരിശീലകനും, ഒടുവില്‍ എനിക്കും സമര്‍പ്പിക്കുന്നു.. കൂടുതല്‍ ചാമ്പ്യന്‍ഷിപ്പുകള്‍ മുന്നിലുണ്ട്’ – ചരിത്ര നേട്ടത്തെ കുറിച്ച് യാജിക് ഇന്‍സ്റ്റയില്‍ കുറിച്ചു.