രവാഡ ചന്ദ്രശേഖര്‍ കാബിനറ്റ് സെക്രട്ടേറിയറ്റില്‍ സുരക്ഷാ സെക്രട്ടറി; ഇനി ആരാകും പുതിയ പൊലീസ് മേധാവി

തിരുവനന്തപുരം: ജൂണ്‍ 30 ന് വിരമിക്കുന്ന ഷെയ്ഖ് ദര്‍വേഷ് സാഹിബിന് പകരക്കാരനായി പുതിയ സംസ്ഥാന പൊലീസ് മേധാവിയെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയ വഴിത്തിരിവിലേക്ക് നീങ്ങി. സാധ്യതാ പട്ടികയിലെ രണ്ടാമത്തെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഡിജിപി രവാഡ എ ചന്ദ്രശേഖറിനെ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ കാബിനറ്റ് സെക്രട്ടേറിയറ്റില്‍ സെക്രട്ടറി (സുരക്ഷ) ആയി നിയമിക്കാന്‍ തിരഞ്ഞെടുത്തു. 1991 ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥനായ അദ്ദേഹം, നിലവില്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ (ഐബി) സ്‌പെഷ്യല്‍ ഡയറക്ടറാണ്.
കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ കൂടിയായ ഹരിനാഥ് മിശ്രയ്ക്ക് പകരക്കാരനായി ഓഗസ്റ്റ് ഒന്നിന് രവാഡ പുതിയ ചുമതലയേല്‍ക്കും. ശക്തമായ തസ്തികയാണെങ്കിലും, ഒരു വര്‍ഷം സേവനമുള്ള രവാഡയ്കക്് സെക്രട്ടറി (സുരക്ഷ) എന്ന നിലയില്‍ കാലാവധി നീട്ടല്‍ പ്രതീക്ഷിക്കാനാവില്ല. എന്നാല്‍, സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തിന്റെ കാര്യത്തില്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍, രവാഡയ്ക്ക് ഒരു വര്‍ഷം കൂടി സര്‍വീസ് നീട്ടിക്കിട്ടുന്നതിന് അര്‍ഹത ലഭിക്കും. സുപ്രീം കോടതിയുടെ വിധി പ്രകാരം സംസ്ഥാന പോലീസ് മേധാവികള്‍ക്ക് കുറഞ്ഞത് രണ്ട് വര്‍ഷത്തെ കാലാവധി ലഭിക്കണം എന്ന നിര്‍ദ്ദേശമുള്ളത് കൊണ്ടാണ് ഈ സാധ്യത.

പൊലീസ് മേധാവിയായി സംസ്ഥാനം അവസരം നല്‍കിയാല്‍ രവാഡ സംസ്ഥാനത്തേക്ക് മടങ്ങാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍, കേന്ദ്ര ഡെപ്യൂട്ടേഷനില്‍ തുടരാന്‍ അദ്ദേഹം തീരുമാനിച്ചാല്‍, വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം യുപിഎസ്സി സംസ്ഥാന സര്‍ക്കാരിന് അയയ്ക്കുന്ന മൂന്നംഗ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്. പട്ടികയില്‍ നിന്നുള്ള പേരുകളില്‍ ഒരാളെ പൊലീസ് മേധാവിയായി നിയമിക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിനുണ്ട്.
ഡിജിപിമാരായ നിതിന്‍ അഗര്‍വാള്‍, രവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, എഡിജിപിമാരായ എസ് സുരേഷ്, എം ആര്‍ അജിത് കുമാര്‍ എന്നിവരെയാണ് യുപിഎസ്സി ചുരുക്കപ്പട്ടികയ്ക്കായി പരിഗണിക്കുന്ന പേരുകള്‍. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് ഡയറക്ടര്‍ ജനറലായ യോഗേഷ്, തെരഞ്ഞെടുപ്പില്‍ ഒഴിവാക്കപ്പെട്ടാല്‍ കേന്ദ്ര ഡെപ്യൂട്ടേഷന്‍ പരിഗണിക്കുമെന്നറിയുന്നു.
വിജിലന്‍സ് ഡയറക്ടറായിരിക്കെ യോഗേഷ് ഗുപ്തയും മുഖ്യമന്ത്രിയുടെ ഓഫീസുമായി ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു, ഇത് അദ്ദേഹത്തിന്റെ സ്ഥലം മാറ്റത്തിലേക്ക് നയിച്ചു. സാമ്പത്തിക ക്രമക്കേടുകളില്‍ ഉള്‍പ്പെട്ടതായി സംശയിക്കപ്പെടുന്ന ചില പൊതു സ്ഥാപനങ്ങള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കുമെതിരെ അന്വേഷണത്തിന് അദ്ദേഹം ശുപാര്‍ശ ചെയ്തതായി റിപ്പോര്‍ട്ടുണ്ട്, ഇത് ഒരു വിഭാഗം സിപിഎം നേതാക്കള്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നും, അദ്ദേഹത്തിന്റെ സ്ഥലം മാറ്റത്തില്‍ കലാശിച്ചു എന്നുമാണ് ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്. ഈ അഭിപ്രായ ഭിന്നത അദ്ദേഹത്തിന്റെ ഭാവി പോസ്റ്റിങ്ങുകളെ ബാധിക്കുമോ എന്ന് കണ്ടറിയണം.
കേന്ദ്ര ഡെപ്യൂട്ടേഷനില്‍ അപേക്ഷിക്കുന്നതിനായി ഏപ്രില്‍ 24 മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിക്കായി ഇദ്ദേഹം കാത്തിരിക്കുകയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, അപേക്ഷ സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുകയാണ്, ഇത് അദ്ദേഹത്തിന് എംപാനല്‍ ചെയ്യപ്പെടാനുള്ള സാധ്യത കുറയ്ക്കുന്നു. ഡയറക്ടര്‍ ജനറലായി എംപാനല്‍ ചെയ്യപ്പെട്ടിരുന്നെങ്കില്‍, യോഗേഷിനെ സിബിഐയുടെയോ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയോ ഡയറക്ടറായി നിയമിക്കുന്നതിന് പരിഗണിക്കപ്പെടുമായിരുന്നു.