ഇറാന്‍-പാകിസ്താന്‍ ഭായ് ഭായ്! ഇറാനില്‍ ആണവാക്രമണം നടത്തിയാല്‍ പാകിസ്താന്‍ തിരിച്ചടിക്കുമെന്ന് ഇറാന്‍

ടെഹ്‌റാന്‍/ഇസ്ലാമാബാദ്: ഇറാനില്‍ ആണവാക്രമണം നടത്തിയാല്‍ പാകിസ്താന്‍ ഇസ്രയേലിനെതിരേ ആണവായുധം പ്രയോഗിക്കുമെന്ന് ഇറാന്‍. ഇക്കാര്യം പാകിസ്താന്‍ തങ്ങളെ അറിയിച്ചിട്ടുള്ളതായി ഇറാന്റെ ഉന്നതോദ്യോഗസ്ഥന്‍ സ്റ്റേറ്റ് ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. അതേസമയം, പാകിസ്താന്‍ ഇക്കാര്യത്തില്‍ ഇതുവരെ പരസ്യപ്രസ്താവന നടത്തിയിട്ടില്ല. അതിനിടെ, ഇസ്രയേലും ഇറാനും തമ്മിലുള്ള പോരാട്ടം പശ്ചിമേഷ്യയില്‍ അശാന്തി വിതച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്.
‘ഇസ്രയേല്‍ ആണവ മിസൈലുകള്‍ പ്രയോഗിച്ചാല്‍ തങ്ങളും ആണവായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുമെന്ന് പാകിസ്താന്‍ ഞങ്ങളെ അറിയിച്ചിട്ടുണ്ട്’ -ഇറാന്റെ സീനിയര്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (ഐആര്‍ജിസി) ജനറലും ഇറാനിയന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ അംഗവുമായ മൊഹ്സെന്‍ റെസായി പറഞ്ഞു. ഇസ്രയേലിനെതിരേ മുസ്ലിം ഐക്യത്തിന് ആഹ്വാനംചെയ്ത് പാകിസ്താന്‍ ഇറാന്റെ പിന്നില്‍ നില്‍ക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.

മുസ്ലിം രാഷ്ട്രങ്ങള്‍ ഇസ്രയേലിനെതിരേ ഒന്നിക്കണമെന്നും അല്ലെങ്കില്‍ ഇറാനും പലസ്തീനും യമനും നേരിടുന്ന അതേ വിധി അവര്‍ക്കും നേരിടേണ്ടിവരുമെന്നും പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് കഴിഞ്ഞദിവസം ദേശീയ അസംബ്ലിയില്‍ പറഞ്ഞിരുന്നു. ഇസ്രയേലുമായി നയതന്ത്ര ബന്ധം പുലര്‍ത്തുന്ന മുസ്ലിം രാഷ്ട്രങ്ങള്‍ ബന്ധം വിച്ഛേദിക്കണമെന്നും ജൂതരാഷ്ട്രത്തിനെതിരേ സംയുക്ത തന്ത്രം രൂപവത്കരിക്കുന്നതിന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്‍ യോഗം വിളിക്കണമെന്നും ആസിഫ് ആവശ്യപ്പെട്ടു.