Breaking NewsCrimeLead NewsNEWS

മലാപ്പറമ്പ് പെണ്‍വാണിഭം: പ്രതികളായ പൊലീസുകാര്‍ മുങ്ങി; വീട്ടില്‍ പരിശോധന, പാസ്‌പോര്‍ട്ട് കണ്ടെടുത്തു

കോഴിക്കോട്: മലാപ്പറമ്പിലെ ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രം നടത്തിയ സംഭവത്തില്‍ അറസ്റ്റ് ചെയ്ത ആദ്യ 3 പ്രതികളെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. പ്രതികളായ വയനാട് ഇരുളം സ്വദേശി ബിന്ദു, ഇടുക്കി കട്ടപ്പന സ്വദേശി അഭിരാമി, പുറ്റേക്കാട് സ്വദേശി ഉപേഷ് എന്നിവരെയാണ് സ്റ്റേഷനില്‍ എത്തിച്ചു മൊഴിയെടുത്തത്. കേസില്‍ പ്രതി ചേര്‍ത്ത, പൊലീസ് ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് സേന ഡ്രൈവര്‍മാരായ സീനിയര്‍ സിപിഒ ഷൈജിത്ത്, സിപിഒ സനിത്ത് എന്നിവര്‍ മുങ്ങിയ സാഹചര്യത്തിലാണു കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ ചോദ്യം ചെയ്തത്.

തുടര്‍ന്നു പൊലീസുകാരുടെ വീടുകളില്‍ പൊലീസ് മിന്നല്‍ പരിശോധന നടത്തി. ഷൈജിത്തിന്റെ വീട്ടില്‍ നിന്നു പാസ്‌പോര്‍ട്ട് കണ്ടെടുത്തു. മറ്റു രേഖകളുമായാണ് ഇയാള്‍ മുങ്ങിയതെന്നു പൊലീസ് പറഞ്ഞു. സനിത്തിന്റെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും രേഖകളൊന്നും കിട്ടിയില്ല. ഇവര്‍ക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Signature-ad

കേസില്‍ അന്വേഷണം നടത്തി നടപടിക്രമം പൂര്‍ത്തിയായാല്‍ മുങ്ങിയ പൊലീസുകാര്‍ക്കെതിരെ തിരച്ചില്‍ സര്‍ക്കുലര്‍ ഇറക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്കു റിപ്പോര്‍ട്ട് നല്‍കുമെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിദേശത്തുള്ള പ്രതിക്കായി എമിഗ്രേഷന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മുങ്ങിയ പൊലീസുകാരെ കണ്ടെത്തുന്നതിനു സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനിലും നോട്ടിസ് നല്‍കിയതായി അന്വേഷണ സംഘം പറഞ്ഞു. പൊലീസുകാര്‍ മുങ്ങിയ സംഭവത്തില്‍ പൊലീസ് അസോസിയേഷന്‍ ഇടപെടില്ലെന്നും നേതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ കീഴടങ്ങാന്‍ ചിലര്‍ നിര്‍ദേശിച്ചതായി വിവരമുണ്ട്. നാളെ മുന്‍കൂര്‍ ജാമ്യത്തിനു അപേക്ഷ നല്‍കുമെന്നും അറിയുന്നു.

Back to top button
error: