Breaking NewsLead News

ജാഗ്രതാ നിർദ്ദേശം: കപ്പലിലെ കണ്ടെയ്നറുകളിൽ മാരക വിഷപദാർങ്ങളും സ്ഫോടക വസ്തുക്കളും, ഇവ കേരള തീരത്ത് അടിയാൻ സാധ്യത

      കോഴിക്കോട്: വാൻ ഹായ് 503 കപ്പലിൽ നിന്ന് കടലിൽ പതിച്ച കണ്ടെയ്‌നറുകൾ നാളെയും മറ്റന്നാളും (തിങ്കൾ, ചൊവ്വ) മുതൽ കേരളത്തിന്റെ വിവിധ തീരങ്ങളിൽ അടിയും. ഇക്കാര്യം അറിയിച്ചത് ദുരന്തനിവാരണ അതോറിറ്റിയാണ്. എറണാകുളം ജില്ലയുടെ തെക്കു ഭാഗത്തും, ആലപ്പുഴ- കൊല്ലം ജില്ലകളുടെ തീരങ്ങളിലുമായാണ് ഈ കണ്ടെയ്നറുകൾ വന്നടിയുക. കോസ്റ്റ് ഗാര്‍ഡ്, ഐടിഒപിഎഫ് എന്നിവയുടെ വിലയിരുത്തല്‍ പ്രകാരമാണ് കണ്ടെയ്‌നറുകള്‍ എത്താനിടയുള്ള തീരങ്ങള്‍ വിലയിരുത്തിയത്.

കണ്ടെയ്‌നറുകള്‍ തീരത്ത് എത്തുമെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ പൊതുജനങ്ങള്‍, കപ്പലില്‍ നിന്ന് വീണതെന്നു  സംശയിക്കുന്ന ഏതു വസ്തു കടല്‍ തീരത്ത് കണ്ടാലും സ്പര്‍ശിക്കാന്‍ ശ്രമിക്കരുതെന്ന് അധികൃതര്‍ അറിയിച്ചു. ഇത്തരം വസ്തുക്കളില്‍ നിന്നും 200 മീറ്റര്‍ എങ്കിലും അകലം പാലിച്ച് നില്‍ക്കുക. മാത്രമല്ല ഉടന്‍ തന്നെ 112 ല്‍ വിളിച്ച് അറിയിക്കണം എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പറയുന്നു.

Signature-ad

അതെസമയം തീപിടിച്ച വാന്‍ ഹായ് 503 കപ്പലിൽ പടരുന്ന അഗ്നി കഴിഞ്ഞ ദിവസങ്ങളിലെ തീവ്ര പ്രയത്നത്തിനൊടുവിൽ നിയന്ത്രണ വിധേയമാക്കി. നാവികസേനയും ഇന്ത്യന്‍ തീരസംരക്ഷണ സേനയും ചേർന്ന് നടത്തിയ സംയുക്ത ദൗത്യത്തിലൂടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഡെക്കിലുള്ള രാസവസ്തുക്കൾ മൂലം വൈകിട്ടോടെ വീണ്ടും തീപിടിച്ചു. ഇതും നിയന്ത്രണത്തിലാക്കി. എങ്കിലും തീ പൂർണമായും കെട്ടിട്ടില്ല. ഇപ്പോഴും പുക പുറത്തു വന്നു കൊണ്ടിരിക്കുകയാണ്.

തീ പിടിച്ച കപ്പലിനെ കൂടുതൽ പുറങ്കടലിലേക്ക് നീക്കുന്ന ജോലികളാണ് ഇപ്പോൾ നടന്നു വരുന്നത്. ഇത് ഏറെക്കുറെ വിജയിച്ചിട്ടുണ്ട്. കേരള തീരത്ത് നിന്നും 35 നോട്ടിക്കല്‍ മൈല്‍ ദൂരത്തേക്ക് കപ്പലിനെ മാറ്റിയതായി കോസ്റ്റ് ഗാർഡ് അറിയിച്ചു. മുമ്പ് കപ്പൽ കിടന്നിരുന്നത് 28 നോട്ടിക്കല്‍ മൈല്‍ അകലെയാണ്. മാത്രവുമല്ല, കപ്പൽ പതിയെ തെക്കോട്ട് നീങ്ങിക്കൊണ്ടിരിക്കുന്ന സ്ഥിതിയും ഉണ്ടായിരുന്നു.

ഇന്ത്യന്‍ നാവിക സേനയും കപ്പല്‍ കമ്പനി നിയോഗിച്ച രക്ഷാപ്രവര്‍ത്തകരും ചേർന്നാണ് കപ്പലിനെ കെട്ടിവലിച്ച് നീക്കുന്ന ദൗത്യത്തിൽ ഏർപ്പെട്ടത്. ഇന്ത്യന്‍ തീരപ്രദേശത്ത് നിന്ന് കുറഞ്ഞത് 50 നോട്ടിക്കല്‍ മൈല്‍ അകലേക്ക് കപ്പലിനെ മാറ്റാണ് നാവികസേന പ്രയത്നിക്കുന്നത്. ഇതും വരും മണിക്കൂറുകളിൽ  സാധ്യമാകും എന്നാണ് കരുതുന്നത്.

കണ്ണൂർ അഴീക്കൽ തീരത്ത് നിന്ന് 44 നോട്ടിക്കൽ മൈൽ അകലെ ഈ മാസം ഒൻപതിനാണ് വാൻ ഹായ് 503 എന്ന സിംഗപ്പൂർ ചരക്ക് കപ്പലിന് തീ പിടിച്ചത്. കപ്പലിൽ സ്ഫോടക വസ്തുക്കളും മാരക വിഷപദാർങ്ങളും അടങ്ങിയ കണ്ടെയ്നറുകളാണുള്ളത് എന്ന കാര്യം കേരളത്തിൽ വലിയ ആശങ്ക പടർത്തിയിട്ടുണ്ട്. ഹെലികോപ്റ്ററിലൂടെ തീ അണയ്ക്കാനുള്ള ഡ്രൈ കെമിക്കൽ പൗഡർ വിതറിയാണ് ഡെക്കിലെ തീ അണച്ചത്.

Back to top button
error: