KeralaNEWS

ഭര്‍ത്താവിനെ മണ്ഡലം സെക്രട്ടറിയാക്കാന്‍ കമ്മിറ്റിയില്‍ വാദം; ബിജിമോള്‍ക്ക് സിപിഐ വിലക്ക്

ഇടുക്കി: സമ്മേളനത്തില്‍ പാര്‍ട്ടി മാര്‍ഗരേഖ നടപ്പാക്കുന്നതു ലംഘിച്ചതിന് മുന്‍ എംഎല്‍എ ഇ.എസ്.ബിജിമോള്‍ക്ക് സിപിഐ നേതൃത്വത്തിന്റെ വിലക്ക്. ഇടുക്കി ജില്ലയ്ക്കു പുറത്തുള്ള സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നാണു മഹിളാ സംഘം സംസ്ഥാന സെക്രട്ടറി കൂടിയായ ബിജിമോളെ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് വിലക്കിയത്.

വിലക്കിനെക്കുറിച്ച് അറിയില്ലെന്നു ബിജിമോള്‍ പ്രതികരിച്ചു. മേയ് 18ന് ഏലപ്പാറ മണ്ഡലം സമ്മേളനത്തില്‍ മേല്‍ഘടകത്തിന്റെ പ്രതിനിധിയായി പങ്കെടുത്ത ബിജിമോള്‍ പാര്‍ട്ടി സമ്മേളന മാര്‍ഗരേഖ നടപ്പാക്കുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. മണ്ഡലം സെക്രട്ടറിയെ നിശ്ചയിക്കാനായി ചേര്‍ന്ന യോഗത്തില്‍ ജില്ലാ എക്‌സിക്യൂട്ടീവിന്റെ തീരുമാനമായി എന്‍.ജയന്റെ പേരു നിര്‍ദേശിക്കപ്പെട്ടു.

Signature-ad

ബിജിമോളുടെ ഭര്‍ത്താവും ജില്ലാ കമ്മിറ്റിയംഗവുമായ പി.ജെ.റെജിയുടെ പേരും ഉയര്‍ന്നു. ബിജിമോള്‍, റെജിക്കു വേണ്ടി പരസ്യ നിലപാടെടുത്തു എന്നാണു സംസ്ഥാന നേതൃത്വത്തിന്റെ കണ്ടെത്തല്‍. തര്‍ക്കമുണ്ടാവുകയും സെക്രട്ടറി തിരഞ്ഞെടുപ്പു നടക്കാതെ സമ്മേളനം അവസാനിപ്പിക്കുകയും ചെയ്തു. ബിജിമോളുടെ നടപടി തെറ്റാണെന്നു പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് വിലയിരുത്തി. ബിജിമോളുടെ വീഴ്ചകള്‍ ജില്ലാ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാനാണു സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം.

Back to top button
error: