Breaking NewsIndiaLead NewsNEWSWorld

നൂറടിയോളം വിമാനം ഉയര്‍ന്നിട്ടും ഉയര്‍ത്താത്ത ചക്രങ്ങള്‍; നേരെതന്നെ ഇരിക്കുന്ന ചിറകിനു പിന്നിലെ ഫ്‌ളാപ്പുകള്‍; ലാന്‍ഡിംഗ് ഗിയറിനു പകരം ഫ്‌ളാപ്പ് ഗിയറുകള്‍ പൈലറ്റുമാര്‍ വലിച്ചോ? 3000 മീറ്റര്‍ റണ്‍വേയില്‍ ഉപയോഗിച്ചത് 1900 മീറ്റര്‍ മാത്രം; തീഗോളമാകുന്നതിന് മുമ്പുള്ള വീഡിയോ ദൃശ്യങ്ങളില്‍നിന്ന് വിദഗ്ധര്‍ നല്‍കുന്ന ആദ്യ ഘട്ട സൂചനകള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്നു മിനുട്ടുകള്‍ക്കുള്ളില്‍ തീഗോളമായി മാറിയ ദുരന്തം ലോകത്തെ ഞെട്ടിച്ചു. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കിട്ടുന്നതുവരെ അതേക്കുറിച്ചു പറയാന്‍ കഴിയില്ലെങ്കിലും ആദ്യഘട്ടത്തില്‍ ഈ രംഗത്തെ വിദഗ്ധര്‍ ചില സൂചനകള്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. ലോകത്തെ ഏറ്റവും സുരക്ഷിതമായ വിമാനമെന്ന നിലയില്‍നിന്നു ചെലവു ചുരുക്കലിന്റെ ഭാഗമായി വരുത്തിയ ചില മാറ്റങ്ങള്‍ വലിയതോതില്‍ വിമാനത്തെ ബാധിച്ചിട്ടുണ്ടെന്നു വിമര്‍ശനങ്ങള്‍ പുറത്തു വന്നിരുന്നു. ഇതു സംബന്ധിച്ച ഡോക്കുമെന്ററി തന്നെ നെറ്റ് ഫ്‌ളിക്‌സ് പുറത്തുവിട്ടിട്ടുണ്ട്.

ALSO READ | PREMIUM   ബോയിംഗിന്റെ സുരക്ഷാ പിഴവുകള്‍ വീണ്ടും; ചര്‍ച്ചയായി നെറ്റ്ഫ്‌ലിക് ഡോക്കുമെന്ററി; ലാഭം ഇരട്ടിപ്പിക്കാന്‍ കമ്പനി വരുത്തിയ മാറ്റങ്ങള്‍ തിരിച്ചടിയായി; പിഴവു ചൂണ്ടിക്കാട്ടിയ എന്‍ജിനീയര്‍മാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; ബാറ്ററികള്‍ തീപിടിച്ചതോടെ 2013ല്‍ എല്ലാ വിമാനങ്ങളും നിലത്തിറക്കി; തീഗോളമായി വെന്തെരിഞ്ഞത് കോര്‍പറേറ്റ് ലാഭക്കൊതിയുടെ ഇരകളോ?

Signature-ad

പുറത്തുനിന്നുള്ള കാഴ്ചകള്‍ വിലയിരുത്തി വിമാനത്തിന് എന്തു സംഭവിച്ചിട്ടുണ്ടാകാം എന്ന വിലയിരുത്തലാണ് സോഷ്യല്‍ മീഡിയയില്‍ ഈ രംഗത്ത് വര്‍ഷങ്ങളായി ഗവേഷണം നടത്തുന്നവരും വിമാനങ്ങളെ നിരീക്ഷിക്കുന്നവരും നടത്തുന്നത്. അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനത്തിന്റെ കാരണങ്ങളെക്കുറിച്ച് ഇപ്പോഴേ പറയുന്നതിന്റെ അപാകത നിലനില്‍ക്കുമ്പോള്‍തന്നെയാണ് ആദ്യഘട്ടമെന്ന നിലയില്‍ ചില സംശയങ്ങള്‍ ഈ രംഗത്ത് ദീര്‍ഘകാലമായി നിരീക്ഷണം നടത്തുന്ന ജേക്കബ് കെ. ഫിലിപ് ചില കാര്യങ്ങള്‍ പങ്കുവയ്ക്കുന്നത്.

പോസ്റ്റ് ഇങ്ങനെ

 

വിമാനത്തിന്റെ, ആകാശത്തെ അവസാന നിമിഷങ്ങളുടെ, ലഭ്യമായ ഒരു വിഡിയോയില്‍ കാണുന്ന മൂന്നു കാര്യങ്ങളാണ്-

1. അറുനൂറടിയോളം പൊക്കത്തില്‍ പറക്കുമ്പോഴും താഴ്ന്നു തന്നെയിരിക്കുന്ന ചക്രങ്ങള്‍
2. വിഡയോയിലെ വിദൂരക്കാഴ്ചയില്‍, നേരെ തന്നെയിരിക്കുന്നു എന്നു തോന്നിക്കുന്ന, ചിറകിനു പിന്നിലെ ഫ്ളാപ്പുകള്‍.
3. വീഴ്ചയ്ക്കു മുന്നേ മുകളിലേക്കുകയരാനുള്ള ശ്രമം

200-400 അടിപ്പൊക്കത്തിലെത്തുമ്പോഴേക്കും വീലുകള്‍ മുകളിലേക്കുയര്‍ത്തുകയാണ് പതിവ്. ഇവിടെ അറുനൂറായിട്ടും പൈലറ്റുമാര്‍ ചക്രങ്ങള്‍ മുകളിലേക്കു കയറ്റാത്തത് പ്രശ്നത്തിന്റെ തന്നെ സൂചികയാണ്.

സാധ്യതകള്‍ പലതാണ്

ഠ ലാന്‍ഡിങ് ഗിയര്‍ ചലിപ്പിക്കുന്ന ഹെഡ്രോളിക് സംവിധാനത്തിന്റെ തകരാര്‍
ഠ പൈലറ്റുമാരുടെ മറവി
ഠ വിമാനത്തിന്റെ കുഴപ്പം തിരിച്ചറിഞ്ഞ്, തിരിച്ചിറങ്ങാനുള്ള ശ്രമം ആരംഭിച്ചത്.

എന്നാല്‍ ഇതോടൊപ്പം ഫ്ളാപ്പുകള്‍ നേരെയാക്കിയെന്നത് (വിഡിയോയിലെ ദൂരക്കാഴ്ച സത്യമാണെങ്കില്‍) പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. ടേക്ക് ഓഫ് ചെയ്യുമ്പോഴും പറന്നു കയറുമ്പോഴും ചിറകിനു പിന്നിലെ ഈ പാളികള്‍ താഴ്ത്തി വയ്ക്കുന്നത് വിമാനത്തിന് മുകളിലേക്ക് കൂടുതല്‍ തള്ളല്‍ കിട്ടാനാണ്. ഈ ലിഫ്റ്റ് കുറഞ്ഞാല്‍ രണ്ടു കാര്യങ്ങളും നടക്കില്ല. അഹമ്മദാബാദ് വിമാനത്താവളത്തിലെ 3505 മീറ്റര്‍ നീളമുള്ള റണ്‍വേയിലെ വെറും 1900 മീറ്ററില്‍ താഴെ ദൂരം മാത്രം ഉപയോഗിച്ച് പറന്നുയര്‍ന്ന ഈ വിമാനത്തിലെ ഫ്ളാപ്പുകള്‍, ഉയരാനുള്ള ഓട്ടത്തില്‍ താഴ്ന്നു തന്നെയിരുന്നു എന്നത് ഉറപ്പാണ്.

ഉയര്‍ന്നു കഴിഞ്ഞ്, ഉയരം ഏകദേശം 1000 അടിയാകമ്പോഴാണ്, അതായത് വിമാനത്തിന് നല്ലവേഗം കിട്ടിയശേഷം, ഫ്ളാപ്പുകള്‍ നേരെയാക്കുക. അതേവരെ നല്ല ലിഫ്റ്റ്-മുകളിലേക്കുള്ള തള്ളല്‍- വേണമെങ്കില്‍ ഫ്ലാപ്പുകള്‍ ഇങ്ങിനെ ഇരുന്നേ പറ്റൂ.

ഇന്ന് വിമാനം വീഴുമ്പോള്‍ ഉയരം 625 അടിയായിരുന്നു. അതേസമയം, 200-400 അടിയില്‍ മുകളിലേക്കു വലിച്ചു കയറ്റിക്കഴിഞ്ഞിരിക്കേണ്ട വീലുകള്‍ ഈ പൊക്കത്തിലും, താഴ്ന്നു തന്നെയിരിക്കുകയും ചെയ്തു.

ആദ്യം തോന്നാവുന്ന സംശയം ഇതാണ്: ലാന്‍ഡിഗ് ഗിയര്‍ വലിച്ചുകയറ്റാനുള്ള ലിവറെന്നു കരുതി ഫ്ളാപ്പുകള്‍ നേരെയാക്കാനുള്ള ലിവര്‍ വലിച്ചിട്ടുണ്ടാകുമോ പൈലറ്റുമാര്‍? ഡ്രീംലൈനര്‍ വിമാനത്തില്‍ ഇതിനുള്ള സാധ്യത കുറവാണ്. മാറിപ്പോകാന്‍ തക്കം അടുത്തടുത്തല്ല രണ്ടും. പൈലറ്റുമാരുടെ നടുക്കുള്ള പെഡസ്റ്റലില്‍ എന്‍ജിന്‍ ത്രോട്ടിലിന് വലത്താണ് ഫ്ളാപ്പ് ലിവര്‍.

ലാന്‍ഡിങ് ഗിയര്‍ ലിവറാകട്ടെ മുഖ്യ ഇന്‍സ്ട്രമെന്റ് പാനലില്‍, ഫ്ളൈറ്റ് ഡിസ്പ്ലേ പാനലിലനു താഴെ, ക്യാപറ്റന്റെ സൈഡിലാണ് (ഇടതുവശത്ത്). നേരെയായ ഫ്ളാപ്പുകളും താഴെ ഇറങ്ങിത്തന്നെ നില്‍ക്കുന്ന വീലുകളും: ഇവ രണ്ടും ഒന്നിച്ചു സംഭവിക്കുന്നത് ഏറ്റവും അപകടകരമായ അവസ്ഥയുമാണ്.

വിമാനത്തിന് ഉയര്‍ന്നു പോകാനുള്ള, മുകളിലേക്കുള്ള തള്ളല്‍ കുറയുകയും, തള്ളി താഴേക്കു നില്‍ക്കുന്ന വീലുകള്‍ വായുപ്രവാഹത്തിന് തടസമുണ്ടാക്കി, ഡ്രാഗ്- അതായത് പിന്നിലേക്കുള്ള വലിവ്- കൂടുകയും ചെയ്യും. വിമാനം ഉയരുന്നുമില്ല, വേഗം കുറയുകയും ചെയ്യുന്നു എന്നതാകും ഫലം.

വിമാനം ഉയരുന്നില്ലെന്നു കാണുമ്പോള്‍, സ്വാഭാവികമായും വിമാനത്തിന്റെ മൂക്ക് മുകളിലേക്കുയര്‍ത്താനുള്ള പ്രേരണയാണുണ്ടാവുക. ഇങ്ങിനെ, കുറഞ്ഞ വേഗത്തില്‍, കുറഞ്ഞ ലിഫ്റ്റില്‍, മൂക്ക് മുകളിലേക്കുയരുമ്പോള്‍, വായുവിന്റെ മുകളിലേക്കുള്ള തള്ളല്‍ പിന്നെയും ഏറെ കുറയുകയാണുണ്ടാവുക. സ്റ്റാള്‍ എന്നു പറയുന്ന ഈ അവസ്ഥില്‍ വിമാനം കല്ലിട്ടതുപോലെ താഴേക്കു പതിക്കുകയും ചെയ്യും.

ഇതാകാം വിമാനം പെട്ടെന്നു താഴേക്കു പതിക്കാനുള്ള കാരണമായി ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, നിരീക്ഷണം കൃത്യമാണോ എന്നറിയുന്നതിനു കൂടുതല്‍ വിലയിരുത്തലുകള്‍ ആവശ്യമായി വരും. ഇതു കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് അനുസരിച്ചു വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: