
എറണാകുളം: മൂവാറ്റുപുഴയില്‍ വെള്ളച്ചാട്ടമോ?, ഇതുവരെ കേട്ടിട്ടില്ലല്ലോ എന്നായിരിക്കും പലരുടെയും ഉത്തരം. റോഡ് പുറമ്പോക്കിലെ ഒരു കെട്ടിടം പൊളിച്ചുനീക്കിയപ്പോഴാണ് പിന്നില്‍ അതിമനോഹരമായ വെള്ളച്ചാട്ടം തെളിഞ്ഞത്. പതിറ്റാണ്ടുകളായി ഒളിച്ചിരുന്ന വെള്ളച്ചാട്ടമാണ് മറനീക്കി പുറത്തുവന്നത്.
യാത്രക്കാര്‍ പുതിയ കാഴ്ചാനുഭവം നല്‍കുകയാണ് മീങ്കുന്നം വെള്ളച്ചാട്ടം. കൊച്ചി- ധനുഷ്‌കോടി റോഡില്‍ ചീയപ്പാറ വെള്ളച്ചാട്ടം പോലെ എംസി റോഡരികിലെ മീങ്കുന്നം വെള്ളച്ചാട്ടവും കാഴ്ചക്കാരെ ആകര്‍ഷിക്കുകയാണ്. മൂവാറ്റുപുഴ നഗരത്തില്‍നിന്ന് 10 കിലോമീറ്റര്‍ എംസി റോഡിലൂടെ യാത്ര ചെയ്താല്‍ എത്തുന്ന മീങ്കുന്നം സെന്റ് ജോസഫ് കത്തോലിക്കാ പള്ളിയോട് ചേര്‍ന്നാണ് വെള്ളച്ചാട്ടം. പള്ളിക്കു മുന്നിലെ കൂറ്റന്‍ പിയാത്ത പ്രതിമയുടെ പശ്ചാത്തലത്തലത്തില്‍ പരന്നൊഴുകുന്ന വെള്ളച്ചാട്ടം കണ്ട് ചിത്രങ്ങള്‍ പകര്‍ത്താനും ഒരു സെല്‍ഫിയെടുക്കാനും എംസി റോഡിലൂടെ യാത്ര ചെയ്യുന്നവരുടെ തിരക്കാണ്.

വെള്ളച്ചാട്ടത്തിന് മുന്നില്‍ റോഡിനോട് ചേര്‍ന്നുണ്ടായിരുന്ന പുറമ്പോക്ക് ഭൂമിയില്‍ താമസിച്ചിരുന്ന കുടുംബങ്ങളെ ഇവിടെ നിന്ന് മറ്റൊരു സ്ഥലത്തേയ്ക്ക് പുനരധിവസിപ്പിക്കുകയും ഇവിടെയുണ്ടായിരുന്ന കെട്ടിടം പൊളിച്ചുനീക്കുകയും ചെയ്തതോടെയാണ് പിന്നിലെ വെള്ളച്ചാട്ടം റോഡിലൂടെ കടന്നുപോകുന്നവര്‍ക്ക് ദൃശ്യമായത്.