
കോഴിക്കോട്: ബേപ്പൂര്‍ തീരത്ത് അറബിക്കടലില്‍ വച്ച് തീപിടിച്ച ‘വാന്‍ ഹയി 503’ കപ്പല്‍ 15 ഡിഗ്രിവരെ ചരിഞ്ഞു. കൂടുതല്‍ കണ്ടെയ്‌നറുകള്‍ കടലിലേക്ക് വീണു. കപ്പലില്‍നിന്ന് കട്ടിയേറിയ കറുത്ത പുക ഉയരുന്നു. സാഹചര്യം വിലയിരുത്താന്‍ ഇന്നു കൊച്ചിയില്‍ ഉന്നതതല യോഗം ചേരും. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് ആണ് യോഗം വിളിച്ചിരിക്കുന്നതെന്നാണു വിവരം. സംസ്ഥാന സര്‍ക്കാര്‍, നാവികസേന, കോസ്റ്റ്ഗാര്‍ഡ്, മറ്റ് കേന്ദ്ര ഏജന്‍സികള്‍, കേരള മാരിടൈം ബോര്‍ഡ് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. അഴീക്കലിന് 44 നോട്ടിക്കല്‍ മൈല്‍ അകലെ മാത്രം തീപിടിച്ച വാന്‍ ഹയി 503 കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണു യോഗം വിളിച്ചിരിക്കുന്നത്.
അപകടത്തില്‍ പരുക്കേറ്റ് മംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടു ജീവനക്കാരുടെ നില അതീവഗുരുതരമാണ്. ഇവര്‍ക്കു ശ്വാസനാളിക്കും ശ്വാസകോശത്തിനും ഉള്‍പ്പെടെ പൊള്ളലേറ്റതായി മംഗളൂരുവിലെ എജെ ആശുപത്രി അധികൃതര്‍ അറിയിച്ചു. പൊള്ളലേറ്റ ആറു പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ മൂന്നു പേര്‍ ചൈനക്കാരും രണ്ടു മ്യാന്‍മര്‍ പൗരന്മാരും ഒരു ഇന്തോനീഷ്യ പൗരനുമാണ്. ഗുരുതരമായി പൊളളലേറ്റ രണ്ടു പേര്‍ക്കു 35 മുതല്‍ 40 ശതമാനം പൊളളലാണുള്ളതെന്ന് എജെ ആശുപത്രിയിലെ പ്ലാസ്റ്റിക് സര്‍ജനായ ഡോ.ദിനേശ് കദം അറിയിച്ചു. പരുക്കേല്‍ക്കാതെ രക്ഷപ്പെട്ട 12 പേരെ നഗരത്തിലെ ഹോട്ടലിലേക്ക് മാറ്റി. കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരില്‍ 18 പേരെയും രാത്രിയോടെ ഐഎന്‍എസ് സൂറത്ത് അപകട പ്രദേശത്തു നിന്ന് ഒഴിപ്പിച്ചിരുന്നു.

അതേസമയം, ഇന്നലെ രാവിലെ പടര്‍ന്ന തീ അണയ്ക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. ഹൈ പ്രഷര്‍ വാട്ടര്‍ ജെറ്റ് ഉപയോഗിച്ച് തീ നിയന്ത്രിക്കാന്‍ കോസ്റ്റ് ഗാര്‍ഡ് ശ്രമിക്കുകയാണെന്ന് പ്രതിരോധ സേനാ വക്താവ് അതുല്‍ പിള്ള പറഞ്ഞു. കോസ്റ്റ്ഗാര്‍ഡിന്റെ സചേത്, സമുദ്ര പ്രഹരി തുടങ്ങിയവ രാത്രി മുഴുവന്‍ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെന്നു നാവികസേനാ വക്താവ് അറിയിച്ചു. രാവിലെ കോസ്റ്റ്ഗാര്‍ഡിന്റെ ഡോര്‍ണിയര്‍ വിമാനങ്ങള്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. കോസ്റ്റ്ഗാര്‍ഡിന്റെ സമര്‍ഥ് എന്ന കപ്പലും നാവിക സേന കപ്പലായ ഐഎന്‍എസ് സത്‌ലജും സ്ഥലത്തുണ്ട്.
കപ്പലില്‍ അപകടരമായ രാസവസ്തുക്കള്‍ അടക്കം ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനിടെ കപ്പല്‍ മുങ്ങുന്ന സാഹചര്യമുണ്ടാകുമോ എന്നതാണ് ആശങ്ക പടര്‍ത്തിയിരിക്കുന്നത്. കപ്പലിലെ കണ്ടെയ്‌നറുകളിലേക്കും ഇന്നലെ തന്നെ തീ പടര്‍ന്നിരുന്നു. കപ്പലിന്റെ മധ്യത്തിനു കുറച്ചു മുമ്പായി പടര്‍ന്നു തുടങ്ങിയ തീ പിന്നീട് കപ്പല്‍ ആകെ വ്യാപിക്കുകയായിരുന്നു. കൊളംബോ തുറമുഖത്തു നിന്ന് മുംബൈയിലെ ജവഹര്‍ലാല നെഹ്‌റു തുറമുഖത്തേക്ക് പോവുകയായിരുന്നു സിംഗപ്പുര്‍ പതാക പേറുന്ന കപ്പല്‍. കപ്പലിലെ 18 പേര്‍ രക്ഷപെട്ടെങ്കിലും ഇതില്‍ 2 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ക്കിടെ കാണാതായ 4 പേരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
കപ്പല്‍ ഇപ്പോള്‍ നിയന്ത്രണമില്ലാതെ ഒഴുകിക്കൊണ്ടിരിക്കുകയാണ്. തീരത്തോട് അടുക്കാതിരിക്കാന്‍ ഇന്നലെ ശ്രമങ്ങള്‍ നടത്തിയിരുന്നു. കപ്പലിലെ തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മുങ്ങുന്ന സാഹചര്യമാണു നിലവിലുള്ളത്. ഇങ്ങനെ ഉണ്ടായാല്‍ എണ്ണയും രാസവസ്തുക്കളും കടലില്‍ പടരുന്നത് തടയാനുള്ള ശ്രമങ്ങളാണു കോസ്റ്റ്ഗാര്‍ഡ് നടത്തുന്നത്. നിലവില്‍ അപകട സ്ഥലത്ത് വിന്യസിച്ചിട്ടുള്ള സമുദ്ര പ്രഹരി എന്ന കപ്പല്‍ ഇതിനു കഴിയുന്നതാണ്. തോട്ടപ്പിള്ളി സ്പില്‍വേയ്ക്ക് 14.6 നോട്ടിക്കല്‍ മൈല്‍ അകലെ മുങ്ങിക്കിടക്കുന്ന എംഎസ്‌സി എല്‍സ 3 കപ്പലിലെ എണ്ണയും മറ്റും നീക്കുന്നതിനു സമുദ്ര പ്രഹരി കപ്പല്‍ ഉപയോഗിച്ചിരുന്നു.