
ഷില്ലോങ്/ഭോപ്പാല്‍/ലഖ്‌നൗ: മേഘാലയയില്‍ മധുവിധുവിനിടെ ഭര്‍ത്താവിനെ വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതി കൃത്യമായ ആസൂത്രണം നടത്തിയിരുന്നതായി പൊലീസ്. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയായ രാജാ രഘുവന്‍ശിയെ (29) കൊലപ്പെടുത്താന്‍ ഭാര്യ സോന(25)വും കാമുകന്‍ രാജ് കുശ്വാഹയും ചേര്‍ന്ന് മൂന്ന് വാടകക്കൊലയാളികളെയാണ് ഏര്‍പ്പെടുത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
വിവാഹത്തിനു മുന്‍പുതന്നെ സോനത്തിന്, കുശ്വാഹയുമായി പ്രണയമുണ്ടായിരുന്നു. സോനത്തിന്റെ സഹോദരന്റെ ടൈല്‍സ് ഡിസ്ട്രിബ്യൂഷന്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു ഇരുപതുകാരനായ ഇയാള്‍. എന്നാല്‍, വീട്ടുകാര്‍ ബിസിനസുകാരനായ രാജാ രഘുവംശിയുമായി വിവാഹം നടത്തുകയായിരുന്നു. വിവാഹത്തിന്റെ നാലാം ദിനം സോനം വീട്ടിലേക്ക് പോയി. ഈ ഘട്ടത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തത്. സോനം കഴിഞ്ഞ ദിവസം യുപി പൊലീസില്‍ കീഴടങ്ങി. കൊലപാതകത്തിന് സഹായിച്ച രാജിനെയും നാല് കൂട്ടാളികളെയും പൊലീസ് അറസ്റ്റു ചെയ്തു.

വിവാഹ ആഭരണങ്ങളെല്ലാം ധരിച്ചാണ് ദമ്പതികള്‍ ഹണിമൂണിനായി മേഘാലയയിലേക്ക് പോയത്. രാജാ രഘുവന്‍ശി ധരിച്ച ഡയമണ്ട് മോതിരത്തിനും മാലയ്ക്കും 10 ലക്ഷം രൂപയിലധികം വിലയുണ്ട്. രാജിന്റെ അമ്മ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ സോനമാണ് ആഭണങ്ങള്‍ എല്ലാം ധരിക്കാന്‍ നിര്‍ദേശിച്ചതെന്നായിരുന്നു മറുപടി. ആഭരണങ്ങള്‍ കൊലപാതകികള്‍ കൈക്കലാക്കിയതായി പൊലീസ് പറഞ്ഞു. മേഘാലയ ട്രിപ്പ് പ്ലാന്‍ ചെയ്തതും ടിക്കറ്റ് ബുക്ക് ചെയ്തതും സോനമായിരുന്നു. ഭര്‍ത്താവിനെ കൊന്നത് താനല്ലെന്നും ആഭരണത്തിനായി നാലംഗ സംഘം കൊലപ്പെടുത്തിയെന്നുമാണ് സോനം പറയുന്നത്. തനിക്ക് ലഹരി നല്‍കി മയക്കിയതായും സോനം പൊലീസിനോട് പറഞ്ഞു.
കൊലയാളികളില്‍ 4 പേരെ വിവിധ സ്ഥലങ്ങളില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. 19നും 23നും ഇടയ്ക്കു പ്രായമുള്ള ഇവര്‍ കുറ്റം സമ്മതിച്ചു. മേയ് 11 ന് വിവാഹിതരായ ദമ്പതികള്‍ ഹണിമൂണിനായി 20ന് ആണ് മേഘാലയയില്‍ എത്തിയത്. പൂര്‍വഖാസി ജില്ലയിലെത്തിയ ഇവരെ 23 മുതല്‍ കാണാതായി. ഇവര്‍ വാടയ്‌ക്കെടുത്ത സ്‌കൂട്ടര്‍ പിറ്റേന്നു വഴിയോരത്ത് ഉപേക്ഷിച്ചനിലയില്‍ കണ്ടതിനെത്തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ രഘുവന്‍ശിയുടെ മൃതദേഹം 2ന് വെയ്‌സാവ്‌ഡോങ് വെള്ളച്ചാട്ടത്തിനു സമീപത്തെ മലയിടുക്കില്‍ നിന്നു കണ്ടെടുത്തു. സ്വര്‍ണമാലയും മോതിരവും കാണാതായത് സംശയത്തിനിടയാക്കി. അടുത്ത ദിവസം സമീപത്തുനിന്ന് രക്തം പുരണ്ട വാക്കത്തിയും 2 ദിവസത്തിനുശേഷം മഴക്കോട്ടും ലഭിച്ചു. കാണാതായ ദിവസം രാവിലെ സോനത്തെ 3 പുരുഷന്മാരോടൊപ്പം കണ്ടതായി ഒരു ടൂറിസ്റ്റ് ഗൈഡ് പൊലീസിനെ അറിയിച്ചതാണ് കേസില്‍ വഴിത്തിരിവായത്.