KeralaNEWS

വെള്ളം വാങ്ങാനായി വണ്ടി നിര്‍ത്തി, 2 വയസുകാരന്‍ ഇറങ്ങിയതറിയാതെ വീട്ടുകാര്‍ യാത്ര തുടര്‍ന്നു

കാസര്‍കോട്: കുപ്പിവെള്ളം വാങ്ങാനായി റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍നിന്ന് രണ്ടുവയസ്സുകാരന്‍ ഇറങ്ങിയത് അകത്തുള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. ഇവര്‍ യാത്ര തുടര്‍ന്നതിന് പിന്നാലെ ആ ഭാഗത്തേക്ക് റോഡരികിലൂടെ കുട്ടി ഒറ്റയ്ക്ക് നടന്നു.

ഞായറാഴ്ച അഞ്ചരയോടെ ബസ് സ്റ്റാന്‍ഡിനുസമീപമാണ് കാര്‍ നിര്‍ത്തിയിരുന്നത്. കുട്ടി മീറ്ററുകളോളം നടന്നപ്പോള്‍ എതിരേവന്ന വഴിയാത്രക്കാരന്‍ ശ്രദ്ധിച്ചു. കാര്‍പോയ ഭാഗത്തേക്ക് കൈചൂണ്ടുന്നതല്ലാതെ കുട്ടി ഒന്നും പറഞ്ഞില്ല. ഇയാള്‍ കുട്ടിയെ എടുത്ത് പോലീസ് എയ്ഡ് പോസ്റ്റിലെത്തിച്ചു. പോലീസുകാര്‍ വെള്ളം കൊടുത്തു. ആളുകള്‍ കൂടിയതോടെ കുട്ടി കരയാന്‍ തുടങ്ങി. യാത്ര തുടര്‍ന്ന് പത്തുമിനിറ്റിലധികം കഴിഞ്ഞപ്പോഴാണ് കുണിയ സ്വദേശികളായ കുടുംബം കുട്ടി ഒപ്പമില്ലാത്തതറിഞ്ഞ് തിരിച്ചുപുറപ്പെട്ടത്.

Signature-ad

വെള്ളം വാങ്ങാനായി ഒരാള്‍ പുറത്തിറങ്ങിയപ്പോള്‍ രണ്ടോ മൂന്നോ കുട്ടികളും ഇറങ്ങിയിരുന്നു. എല്ലാവരും കയറിയിട്ടുണ്ടാകുമെന്നു കരുതിയാണ് യാത്ര തുടര്‍ന്നതെന്ന് കുട്ടിയുടെ അമ്മാവന്‍ പറഞ്ഞു. കരഞ്ഞുകൊണ്ട് ഓടിവന്ന അമ്മയെയും ബന്ധുക്കളെയും കണ്ടതോടെ കുട്ടിയുടെ കരച്ചില്‍ മാറി.

Back to top button
error: