തരൂര്‍ മടങ്ങിയെത്തുന്നു; കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് ഊഹാപോഹം; ലക്ഷ്യം ഉപരാഷ്ട്രപതി പദം? തരൂരിന് എതിരായ നടപടിയില്‍ പാര്‍ട്ടിക്കും ആശയക്കുഴപ്പം; നിലമ്പൂര്‍ തെരഞ്ഞെടുപ്പ് കഴിയുംവരെ പ്രതികരിച്ചേക്കില്ല; തരൂരിന്റെ മറുപടികള്‍ തിരിച്ചടിച്ചേക്കുമെന്നും ഭയം
ശശി തരൂര്‍ എംപി സ്ഥാനം രാജിവയ്ക്കുമെന്ന ഊഹാപോഹം ശക്തമാണ്. ബിജെപി കേന്ദ്രങ്ങള്‍ക്കും ഈ ആഗ്രഹമുണ്ട്. ഇത്തരം വിവരം പ്രചരിക്കുന്നതും ബിജെപിയോടടുത്ത കേന്ദ്രങ്ങളില്‍നിന്നാണ്. ഉപരാഷ്ട്രപതി ജഗധീപ് ധന്‍കറിന്റെ കാലാവധി 2027 ഓഗസ്റ്റില്‍ അവസാനിക്കും

തിരുവനന്തപുരം: കോണ്‍ഗ്രസ് വിടുമെന്ന ഊഹാപോഹങ്ങള്‍ക്കിടെ, ഓപറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സംഘത്തില്‍ ഉള്‍പ്പെട്ട ശശി തരൂര്‍ എംപി ചൊവ്വാഴ്ച തിരിച്ചെത്തും. ഓപ്പറേഷന്‍ സിന്ദൂറില്‍ ഉള്‍പ്പെടെ മോദിയേയും കേന്ദ്രസര്‍ക്കാരിനെയും നിരന്തരം പുകഴ്ത്തുന്ന തരൂരിനെതിരെ നടപടിയെടുക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളിലും ആശയക്കുഴപ്പമുണ്ട്. അതിനിടെയാണ് തരൂരിന് ബിജെപി ഉന്നതസ്ഥാനം വാഗ്ദാനംചെയതിട്ടുണ്ടെന്ന വാര്‍ത്ത വരുന്നത്. ഇത് തരൂരോ കോണ്‍ഗ്രസോ നിഷേധിച്ചിട്ടുമില്ല.
ഓപ്പറേഷന്‍ സിന്ദൂര്‍ വിദേശരാജ്യങ്ങളോട് വിശദീകരിക്കാനുള്ള സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് നല്‍കിയ പട്ടികയില്‍ ശശി തരൂരിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. പാര്‍ലമെന്റിന്റെ വിദേശകാര്യങ്ങള്‍ക്കായുള്ള സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആയിട്ടും തരൂരിനെ ഉള്‍പ്പെടുത്താതിരുന്നത് ഹൈക്കമാന്‍ഡിനുള്ള നീരസം കാരണമാണ്. നേരത്തെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ അത് ലംഘിച്ച് സ്വയം സ്ഥാനാര്‍ഥിയായതുമുതല്‍ തുടങ്ങുന്നു തരൂരിനോടുള്ള അകല്‍ച്ച.

അന്ന് തരൂരിന് ലഭിച്ച വോട്ടുകള്‍ നേതൃത്വത്തെ ഞെട്ടിക്കുകയും ചെയ്തു. പ്രസിഡന്റ് സ്ഥാനാര്‍ഥിയായതിനാല്‍ മാത്രമാണ് അദ്ദേഹത്തെ പിന്നീട് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടുത്തിയത്. തുടര്‍ന്നിങ്ങോട്ട് പലകാര്യത്തിലും കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടിനു വിരുദ്ധമായിരുന്നു തരൂരിന്റെ വാക്കുകള്‍. കേരളത്തിലെ വ്യവസായ വികസനത്തെക്കുറിച്ച് നല്ലതുപറഞ്ഞതിന് സംസ്ഥാന നേതാക്കള്‍ പരസ്യമായി രംഗത്തുവരികയും ഹൈക്കമാന്‍ഡ് നേരിട്ട് പ്രതിഷേധം അറിയിക്കുകയും ചെയ്തു. എന്നാല്‍, മോദി അനുകൂല നിലപാടില്‍ നേതൃത്വത്തിന് അത്തരം സമീപനമുണ്ടായില്ല.
ശശി തരൂര്‍ എംപി സ്ഥാനം രാജിവയ്ക്കുമെന്ന ഊഹാപോഹം ശക്തമാണ്. ബിജെപി കേന്ദ്രങ്ങള്‍ക്കും ഈ ആഗ്രഹമുണ്ട്. ഇത്തരം വിവരം പ്രചരിക്കുന്നതും ബിജെപിയോടടുത്ത കേന്ദ്രങ്ങളില്‍നിന്നാണ്. ഉപരാഷ്ട്രപതി ജഗധീപ് ധന്‍കറിന്റെ കാലാവധി 2027 ഓഗസ്റ്റില്‍ അവസാനിക്കും. അപ്പോള്‍ ആ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന പ്രചാരണവുമുണ്ട്. ഇത്തരം വാര്‍ത്തകളോടുള്ള ശശി തരൂരിന്റെ പ്രതികരണം എന്താകുമെന്നതും പ്രധാനമാണ്.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പു കഴിയുംവരെ തരൂരിനെതിരെ കോണ്‍ഗ്രസ് നീങ്ങില്ലെന്നു വ്യക്തമാണ്. അതിനുശേഷമുള്ള നടപടികളാണ് നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനത്തിനെതിരേ നേരത്തേ ഹിന്ദു പത്രത്തില്‍ എഡിറ്റോറിയല്‍ എഴുതിയാണ് പ്രതികരിച്ചത്. ഇതില്‍ ഇന്ത്യയുടെ ദേശീയതയും മുമ്പ് നേതാക്കള്‍ സ്വീകരിച്ച നിലപാടുകളും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇന്ത്യ പ്രതിസന്ധിയെ നേരിടുമ്പോഴെല്ലാം രാഷ്ട്രീയ പാര്‍ട്ടികള്‍ ‘സ്‌കോര്‍’ ചെയ്യുന്നതിനാണു ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പു നേട്ടത്തിനായി ‘ദു:ഖം’ ആയുധമാക്കുന്നു. 2019 ലെ പുല്‍വാമ ആക്രമണത്തിനുശേഷം ഇതു കണ്ടു. തെരഞ്ഞെടുപ്പ അടുത്തിരിക്കേ ദേശീയ സുരക്ഷയ്ക്കപ്പുറം അത് ആഭ്യന്തര രാഷ്ട്രീയത്തിലേക്കു വഴിമാറി. ജനാധിപത്യ പ്രവര്‍ത്തനങ്ങളില്‍ വിട്ടുവീഴ്ചയുണ്ടാകാതെ ദീര്‍ഘകാല പ്രതിരോധ തന്ത്രം രൂപപ്പെടുത്താനുള്ള ഇന്ത്യയുടെ ശേഷിയെ ഇതു ദുര്‍ബലമാക്കുമെന്നും തരൂര്‍ പറയുന്നു.
‘നമ്മുടെ മുന്നിലുള്ള വെല്ലുവിളി വ്യക്തമാണ്. ഭീകരതയെന്നതു പാര്‍ട്ടി പ്രത്യയശാസ്ത്രങ്ങളാല്‍ രൂപപ്പെടുത്തിയതല്ല. ഒറ്റക്കെട്ടായ പ്രതികരണം ആവശ്യമായ ബാധയാണ്. നയതന്ത്ര ചര്‍ച്ചകളില്‍ കൂട്ടായ തീരുമാനങ്ങളുണ്ടാകണം. ഹ്രസ്വകാല നേട്ടങ്ങളെക്കാള്‍ ദീര്‍ഘവീക്ഷണമുണ്ടാകണം. അതിനു പ്രത്യയശാസ്ത്ര ഭിന്നതകള്‍ മറികടക്കാന്‍ കഴിയണമെന്നും’ കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള ഒളിയമ്പായി തരൂര്‍ പറഞ്ഞു വയ്ക്കുന്നു.
1999ലെ കാര്‍ഗില്‍ യുദ്ധ സമയത്ത് രാജ്യം ഒറ്റക്കെട്ടായി നിന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം സര്‍ക്കാരിന്റെ സൈനിക നീക്കങ്ങളെ പിന്തുണച്ചു. ‘കാര്‍ഗിലിലെ നമ്മുടെ സൈനികരുടെ ധീരത ഓരോ ഇന്ത്യക്കാരനെയും അഭിമാനഭരിതരാക്കി. അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല’ എന്നായിരുന്നു സോണിയയുടെ പ്രതികരണം. 2016-ല്‍ ഉറി ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടത്തിയപ്പോള്‍, അത് വ്യക്തമായ സന്ദേശത്തോടെയായിരുന്നു. നീണ്ട സംഘര്‍ഷങ്ങളിലേക്കു കടക്കാതെ ശക്തി പ്രകടിപ്പിക്കുക. ബിജെപി- കോണ്‍ഗ്രസ് പരിധികള്‍ക്കപ്പുറം നടപടിയെ അഭിനന്ദിക്കുന്നതില്‍ രാജ്യം ഒറ്റക്കെട്ടായെന്നും തരൂര്‍ ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
‘ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരായി ഒന്നിക്കുന്നത് ഇന്ത്യയുടെ താത്പര്യങ്ങള്‍ക്കുവേണ്ടിയാണ്. സ്വദേശത്തു വിഭജനമുണ്ടെന്നതു ശത്രുവിനു ധൈര്യം നല്‍കും. പ്രകോപനപരമായ വാക്കുകള്‍ ഒരു പ്രയോജനവും ഉണ്ടാക്കുന്നില്ല. ഉത്തരവാദിത്തമുള്ള ഒരു ശക്തിയായി ഇന്ത്യ ഉയര്‍ന്നുവരണമെങ്കില്‍, അതിന്റെ രാഷ്ട്രീയം പക്വതയുള്ളതാണെന്നും, രാഷ്ട്രം എല്ലായ്പ്പോഴും പാര്‍ട്ടി താല്‍പ്പര്യങ്ങള്‍ക്കു മുകളിലുണ്ടെന്നും ഉറപ്പാക്കണം. പ്രതിരോധം, ഭീകരതയോടുള്ള അസഹിഷ്ണുത, മാതൃരാജ്യത്തിന്റെ സുരക്ഷ, പ്രാദേശിക തന്ത്രം, ആഗോള നയതന്ത്രം എന്നിവയെക്കുറിച്ചുള്ള നയങ്ങള്‍ ഉഭയകക്ഷി സമവായത്തോടെ രൂപപ്പെടുത്തണം. ഏത് പാര്‍ട്ടി അധികാരത്തിലാണെങ്കിലും അവ സ്ഥിരത പുലര്‍ത്തുന്നുവെന്ന് ഉറപ്പാക്കണം- തരൂര്‍ പറയുന്നു.