ജാതി പ്രശ്‌നമായി, നാല് മക്കള്‍ പിറന്നിട്ടും അകല്‍ച്ച, യൂട്യൂബില്‍ കാണുന്നത് പോലെയായിരുന്നില്ല; താര കുടുംബം നേരിട്ടത്

ഇന്‍ഫ്ലുവന്‍സര്‍ ദിയ കൃഷ്ണയുമായി ബന്ധപ്പെട്ട വിവാദം ആരോപണ പ്രത്യാരോപണങ്ങളുമായി തുടരുകയാണ്. ദിയ ജാതീയമായി അധിക്ഷേപിച്ചു എന്ന് പരാതി നല്‍കിയ ജീവനക്കാരികള്‍ ആരോപിക്കുന്നുണ്ട്. ഇതിന് ദിയ കൃഷ്ണ നല്‍കിയ മറുപടി കഴിഞ്ഞ ദിവസം ഏറെ ചര്‍ച്ചയായി. എന്റെ അച്ഛന്‍ നായരാണ്, അമ്മ ഈഴവയും ഭര്‍ത്താവ് ബ്രാഹ്‌മമണനും. താന്‍ ജാതി വിവേചനം കാണിക്കുന്ന ആളല്ലെന്നാണ് ദിയ പറഞ്ഞത്. കൃഷ്ണകുമാര്‍-സിന്ധു കൃഷ്ണ വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ഇതോടെ ആരാധകര്‍ തിരയുന്നത്. പ്രണയിച്ച് വിവാഹം ചെയ്തവരാണ് കൃഷ്ണ കുമാറും സിന്ധു കൃഷ്ണയും.
ജാതി വ്യത്യാസം, സാമ്പത്തികമായുള്ള അന്തരം തുടങ്ങിയവ കാരണം സിന്ധു കൃഷ്ണയുടെ കുടുംബത്തിന് വിവാഹത്തോട് എതിര്‍പ്പുണ്ടായിരുന്നു. ഒരിക്കല്‍ കൈരളി ടിവിയില്‍ ഇതേക്കുറിച്ച് കൃഷ്ണ കുമാര്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. അന്ന് സാമ്പത്തികമായി ഇവര്‍ എന്നേക്കാളും മുകളിലുള്ള കുടുംബമാണ്. അന്നത്തെ കാലത്ത് പണമുള്ളവരാകുമ്പോള്‍ ഡോക്ടര്‍, എഞ്ചിനീയര്‍ മതി മക്കള്‍ക്ക് എന്ന് ചിന്തിക്കും. എന്റെ കുടുംബത്തേക്കാള്‍ സാമ്പത്തികമായി വളരെ മുകളിലായിരുന്നു ഇവര്‍. എന്തായാലും അവരുടെ ഭാഗത്ത് നിന്ന് എതിര്‍പ്പോ ഇഷ്ടക്കുറവോ ഉണ്ടാകും. അതില്‍ തെറ്റുമില്ല. ജാതി വ്യത്യാസവും അന്ന് പ്രശ്‌നമായെന്ന് കൃഷ്ണ കുമാര്‍ തുറന്ന് പറഞ്ഞു. എത്രയൊക്കെ പുരോഗമനമെന്ന് പറഞ്ഞാലും ഇന്നും അതൊരു ഇഷ്യു തന്നെയാണ്. ഇവളുടെ അച്ഛനും അമ്മയും എന്റെ അച്ഛനും അമ്മയുമായി സംസാരിച്ചപ്പോള്‍ അത് കല്യാണത്തിലേക്ക് നീങ്ങി. ഒരു കുഴപ്പവുമില്ലാതെ വളരെ സ്മൂത്ത് ആയിരുന്നു. ഞാന്‍ വിചാരിച്ചതിനേക്കാളും.

പക്ഷെ അതിന് ശേഷം ജാതി പ്രശ്‌നം ഉണ്ടായി. അത് അവരില്‍ ആര് കയറ്റിക്കൊടുത്തെന്ന് അറിയില്ല. നമ്മുടെ സമുദായത്തില്‍ പഠിപ്പും കാശുമുള്ള പിള്ളേരുള്ളപ്പോള്‍ തെണ്ടി നടക്കുന്ന നടനെക്കൊണ്ട് കെട്ടിക്കണോ എന്ന ചിന്ത പുള്ളിയില്‍ (സിന്ധുവിന്റെ പിതാവ്) വന്നു. ചെറിയ പ്രശ്‌നങ്ങളുണ്ടായി. പക്ഷെ കല്യാണത്തെ ബാധിച്ചില്ല. കല്യാണം തിരുവനന്തപുരത്ത് വെച്ച് വളരെ വിശാലമായി നടത്തി. എങ്കില്‍ പോലും അത് പൂര്‍ണ ഇഷ്ടത്തോടെയായിരുന്നില്ലെന്ന് എനിക്കറിയാം.
പക്ഷെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് അന്നേ എനിക്കറിയാം. അവര്‍ക്ക് നമ്മളെക്കൊണ്ടും ആവശ്യമില്ല, നമുക്ക് അവരെക്കാെണ്ടും ആവശ്യമില്ല എന്ന് തോന്നിച്ചു. അവര്‍ അവരുടെ രീതിയില്‍ പോയി. എന്നാല്‍ വീട്ടില്‍ എന്തെങ്കിലും ഫങ്ഷനുണ്ടെങ്കില്‍ വരും. പക്ഷെ ഇഷ്ടക്കുറവുണ്ട്. അത് ഇപ്പോഴുമുണ്ട് (എട്ട് വര്‍ഷം മുമ്പ് പറഞ്ഞത്). എന്നേക്കാള്‍ വേദന ഇവള്‍ക്കായിരിക്കും. ഇവള്‍ക്ക് എപ്പോള്‍ വേണമെങ്കിലും വീട്ടില്‍ പോകാം. അതിലൊന്നും എനിക്ക് യാതൊരു പ്രശ്‌നവുമില്ല.
ഞാനവരുമായി ഇടപഴകിയിട്ടുമുണ്ട്. എങ്കില്‍ പോലും അവസാനം ഒരു പ്രശ്‌നമുണ്ടാകും. ഞങ്ങള്‍ക്ക് നാല് മക്കളുണ്ട്. അവരിപ്പോള്‍ ഞങ്ങളുടെ വീട്ടില്‍ നിന്നും വെറും നാല് കിലോ മീറ്റര്‍ ദൂരെയാണ് താമസിക്കുന്നത്. ഈ കൊച്ചുമക്കളുമായി എത്ര സുഖകരമായ ജീവിതം അവര്‍ക്കുണ്ടാകും. രണ്ട് കൂട്ടര്‍ക്കും നഷ്ടമാണ്. ഐക്വമത്വം മഹാബലം എന്ന് പറയുന്നത് സത്യമാണ്. പക്ഷെ രണ്ട് കൂട്ടര്‍ക്കും വാശിയുണ്ടെന്നും അന്ന് കൃഷ്ണ കുമാര്‍ പറഞ്ഞു. ഇന്ന് സിന്ധു കൃഷ്ണയുടെ യൂട്യൂബ് ചാനലില്‍ മാതാപിതാക്കളെ കാണാം. സിന്ധുവിന്റെ കൃഷ്ണകുമാറിന്റെയും വീട്ടില്‍ ഇവര്‍ താമസിക്കാറുമുണ്ട്. വിവാഹസമയത്ത് അകല്‍ച്ചയുണ്ടായെങ്കിലും ഇന്നിവര്‍ സന്തോഷത്തോടെ കഴിയുന്നു.