
ഇടുക്കി: വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട വിനോദ സഞ്ചാരിയെ അദ്ഭുതകരമായി രക്ഷപ്പെടുത്തി. നെടുങ്കണ്ടം തൂവല്‍ വെള്ളച്ചാട്ടത്തിലാണ് തമിഴ്‌നാട് മധുര സ്വദേശിയായ യുവാവ് ഒഴുക്കില്‍പ്പെട്ടത്. ഇടുക്കി രാമക്കല്‍മേട് സന്ദര്‍ശനത്തിന് എത്തിയ നാലംഗ സംഘം തൂവല്‍ വെള്ളച്ചാട്ടം കാണാന്‍ എത്തുകയായിരുന്നു. സെല്‍ഫി എടുക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ടെങ്കിലും യുവാവ് പാറയില്‍ തങ്ങിനിന്നു.
കൂടെ എത്തിയവര്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തി. യുവാവിന്റെ ശരീരത്തില്‍ കയര്‍ കെട്ടി വലിച്ച് കയറ്റി. യുവാവ് തങ്ങി നിന്നതിനു താഴെ വലിയ രണ്ട് കയങ്ങളാണ്.
കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 12 ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്. കഴിഞ്ഞ വര്‍ഷവും രണ്ട് യുവാക്കള്‍ ഇവിടെ അപകടത്തില്‍പ്പെട്ട് മരിച്ചിരുന്നു. മഴ മാറിയതോടെ നിരവധി വിനോദസഞ്ചാരികളാണ് തൂവലിലേക്ക് എത്തുന്നത്. വെള്ളച്ചാട്ടത്തിന് അരികിലേക്ക് പോകരുതെന്ന് കര്‍ശന നിര്‍ദേശം ഉണ്ട്. ഇത് അവഗണിച്ചാണ് ആളുകള്‍ വെള്ളച്ചാട്ടത്തില്‍ ഇറങ്ങുന്നത്.






