IndiaNEWS

മോഷണത്തിനിടെ കല്യാണപ്പെണ്ണിന്റെ സഹോദരനെ കൊന്ന് മോഷ്ടാക്കള്‍; ഭയന്ന് വിവാഹത്തില്‍നിന്നു പിന്മാറി വരനും കുടുംബവും: മുന്‍കൈ എടുത്ത് വിവാഹം നടത്തിക്കൊടുത്ത് പോലിസ്

ലഖ്‌നൗ: സഹോദരിയുടെ വിവാഹത്തിനായി കരുതി വെച്ച സ്വര്‍ണവും പണവും കള്ളന്മാര്‍ കൊണ്ടു പോയി. കള്ളന്മാരൊട് എതിരിടാന്‍ ശ്രമിച്ച കല്ല്യാണ പെണ്ണിന്റെ സഹോദരനെ കള്ളന്മാര്‍ കുത്തിക്കൊന്നു. ഇതോടെ ഏപ്രില്‍ 26ന് നടക്കേണ്ടിയിരുന്ന യുവതിയുടെ വിവാഹം മുടങ്ങി. വിവാഹത്തിന് വെറും രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് മോഷ്ടാക്കള്‍ വീട്ടില്‍ അതിക്രമിച്ച് കയറി കൊല നടത്തിയത്. വിവാഹ വീട് മരണ വീടായതോടെ വിവാഹം മുടങ്ങുകയും ചെയ്തു. മകനെ നഷ്ടപ്പെടുകയും മകളുടെ വിവാഹം മുടങ്ങുകയും ചെയ്തതോടെ സങ്കടക്കടലിലായ യുവതിക്കും കുടുംബത്തിനും തണലായി പോലിസ് എത്തി. മുടങ്ങിപ്പോയ വിവാഹം പോലിസുകാര്‍ മുന്‍ കൈ എടുത്ത് നടത്തുകയും ചെയ്തു.

ഉത്തര്‍പ്രദേശിലെ ഗോണ്ടയിലാണ് സംഭവം. ഉദയ് കുമാരി എന്ന യുവതിയുടെ വിവാഹത്തിന് വെറും രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് മോഷ്ടാക്കള്‍ വീട്ടില്‍ അതിക്രമിച്ച് കയറിയതും സഹോദരന്‍ ശിവ്ദിനെ കൊല്ലപ്പെടുത്തിയതും. ഇതോടെ ഭയന്ന വരന്റെ കുടുംബം വിവാഹത്തില്‍ നിന്ന് പിന്‍മാറുകയും ചെയ്തു. കേസന്വേഷണം പുരോഗമിക്കുന്നതിനിടെ പോലിസുകാര്‍ക്ക് യുവതിയുടെ കുടുംബത്തിന്റെ അവസ്ഥയില്‍ സഹതാപമായി.

Signature-ad

ഇതോടെ ഗോണ്ട പോലീസ് സൂപ്രണ്ട് വിനീത് ജയ്‌സ്വാളും അദ്ദേഹത്തിന്റെ ഭാര്യ തന്‍വി വിനീത് ജയ്‌സ്വാളും ഉദയകുമാരിയ്ക്ക് കൈത്താങ്ങായെത്തി. വരന്റെ കുടുംബത്തെ പറഞ്ഞ് മനസ്സിലാക്കുക മാത്രമല്ല ഇവര്‍ പെണ്‍കുട്ടിയുടെ വിവാഹത്തിന്റെ ചെലവ് വഹിക്കുകയും ചെയ്തു. വിവാഹത്തിന് പുതിയൊരു തീയതി നിശ്ചയിച്ച ശേഷം എസ്.പി വിനീത് ജയ്സ്വാളിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വധുവിന് 1,51,000 രൂപയും സ്വര്‍ണാഭരണങ്ങളും ആവശ്യമായ വീട്ടുപകരണങ്ങളും സമ്മാനമായി നല്‍കി. വിവാഹ വേദിയില്‍ വരന്റെ കുടുംബത്തെ വരവേല്‍ക്കാനും അവര്‍ മുന്നില്‍ നിന്നു.

അതേസമയം, മെയ് 8 ന് ഇന്‍സ്‌പെക്ടര്‍ അരുണ്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് (എസ്ടിഎഫ്) സംഘവുമായുള്ള ഏറ്റുമുട്ടലില്‍ ഉദയകുമാരിയുടെ സഹോദരനെ കൊലപ്പെടുത്തി ആഭരണങ്ങളും പണവും കൊള്ളയടിച്ച സംഘത്തിന്റെ നേതാവായ ഗ്യാന്‍ ചന്ദിന് ഗുരുതരമായി പരിക്കേറ്റു. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അയാള്‍ മരിച്ചു.

തലയ്ക്ക് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച മോഷ്ടാവാണ് ഗ്യാന്‍ ചന്ദ്. അനധികൃതമായി നിര്‍മ്മിച്ച തോക്കുകളും വെടിയുണ്ടകളും പോലീസ് ഇയാളില്‍ നിന്ന് കണ്ടെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: