CrimeNEWS

സിനിമയെ വെല്ലുന്ന തിരക്കഥ, പത്തോളം വിവാഹങ്ങള്‍! 2 വയസ്സുള്ള കുട്ടിയുടെ അമ്മയായ ‘പ്രതിശ്രുത വധു’ അറസ്റ്റില്‍

തിരുവനന്തപുരം: സിനിമയെ വെല്ലുന്ന തിരക്കഥ മെനഞ്ഞ് കേരളത്തില്‍ വിവിധ പ്രദേശങ്ങളില്‍ യുവാക്കളെ വിവാഹം കഴിച്ചു മുങ്ങിയ യുവതി അറസ്റ്റില്‍. എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്മയാണ് പിടിയിലായത്. പത്ത് പേരെയാണ് രേഷ്മ ഇത്തരത്തില്‍ വിവാഹം കഴിച്ചു മുങ്ങിയത്. അടുത്ത വിവാഹത്തിനായി ഒരുങ്ങി ഓഡിറ്റോറിയത്തിലേക്കു പോകാന്‍ നില്‍ക്കുമ്പോഴാണ് നാടകീയമായ അറസ്റ്റ് നടന്നത്. പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗത്തിന്റെ പരാതിയില്‍ ആര്യനാട് പൊലീസാണ് രേഷ്മയെ അറസ്റ്റ് ചെയ്തത്.

45 ദിവസം മുന്‍പ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിന് രേഷ്മ എത്തിയത്. അടുത്ത മാസം തിരുവനന്തപുരം സ്വദേശിയായ മറ്റൊരാളുമായി രേഷ്മയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്നു പ്രതിശ്രുത വരനും ബന്ധുവും ചേര്‍ന്ന് ഇവരുടെ ബാഗ് പരിശോധിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. പരിശോധനയില്‍ മുന്‍പ് വിവാഹം രേഖകള്‍ കണ്ടെത്തിയിരുന്നു.

Signature-ad

വിവാഹ പരസ്യങ്ങള്‍ നല്‍കുന്ന ഗ്രൂപ്പില്‍ പഞ്ചായത്ത് അംഗം രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറിലേക്ക് മേയ് 29 നാണ് കോള്‍ വരുന്നത്. രേഷ്മയുടെ അമ്മയെന്നാണ് ആ സ്ത്രീ സ്വയം പരിചയപ്പെടുത്തിയത്. രഷ്മയുടെ നമ്പര്‍ ഇദ്ദേഹത്തിന് കൈമാറുകയും തുടര്‍ന്ന് ഇവര്‍ പരസ്പരം സംസാരിക്കുകയും ചെയ്തു. തന്നെ ദത്തെടുത്തതാണെന്നും വിവാഹത്തിന് അമ്മയ്ക്ക് എതിര്‍പ്പാണെന്നും ഉപദ്രവിക്കാറുണ്ടെന്നും രേഷ്മ ഇയാളെ പറഞ്ഞു വിശ്വസിപ്പിച്ചു.

വിവാഹം ഉറപ്പിച്ച ശേഷം, തിരുവനന്തപുരത്ത് വെമ്പായത്ത് എത്തിയ യുവതിയെ യുവാവ് കൂട്ടിക്കൊണ്ടു പോയി സുഹൃത്തിന്റെ വീട്ടില്‍ താമസിപ്പിച്ചു. ഇതിനിടെ യുവതിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നുകയായിരുന്നു. തുടര്‍ന്നാണ് ബാഗ് പരിശോധിച്ചതും പൊലീസില്‍ പരാതി നല്‍കിയതും. രേഷ്മയ്ക്ക് രണ്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: