
തൃശൂര്‍: പടിയൂരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രേംകുമാര്‍ കാണാമറയത്ത്; എന്നാല്‍ പ്രതിയെ കണ്ടതായി പലയിടങ്ങളില്‍ നിന്ന് പൊലീസിനു ഫോണ്‍ കോളുകള്‍ വന്നു. ഇക്കഴിഞ്ഞ 2നാണ് ഭാര്യ കൈതവളപ്പില്‍ രേഖയെയും ഭാര്യാ മാതാവ് മണിയെയും വാടകവീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. പ്രേംകുമാറിനെ എറണാകുളത്ത് കണ്ടു എന്ന വിവരം ചിലര്‍ അന്വേഷണ സംഘത്തെ അറിയിച്ചതായും സൂചനയുണ്ട്. ഇവിടെ നേരത്തെ ഇയാള്‍ ജോലി ചെയ്ത സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
എംബിഎ യോഗ്യതയുള്ള പ്രേംകുമാര്‍ മലയാളം, ഇംഗ്ലിഷ് ഉള്‍പ്പെടെ വിവിധ ഭാഷകളും അറിയുന്ന ആളാണെന്നാണ് നിഗമനം. നേരത്തെ ക്രൂരകൃത്യം നടത്തി പരിചയമുള്ള ഇയാള്‍ പഴുതുകള്‍ അടയ്ക്കാന്‍ ആദ്യഘട്ടം മുതലേ ശ്രമം നടത്തിയിട്ടുണ്ട്. മുന്‍ ഭാര്യ വിദ്യയെ കൊലപ്പെടുത്തിയ ശേഷം അവരുടെ ഫോണ്‍ ഇയാള്‍ മുംബൈയിലേക്ക് പോയ ട്രെയിനില്‍ ഉപേക്ഷിച്ചിരുന്നു. കൊലപാതകം നടന്നത് രണ്ടിനാണെങ്കിലും സംഭവം പുറംലോകം അറിഞ്ഞത് നാലിനായതിനാല്‍ പ്രതിക്ക് രക്ഷപ്പെടാന്‍ രണ്ടുദിവസം ലഭിച്ചതും പൊലീസിന് വെല്ലുവിളിയാണ്.

പൊലീസിന്റെ അഞ്ച് സംഘങ്ങളും ഒരു സൈബര്‍ സംഘവുമാണ് അന്വേഷിക്കുന്നത്. ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രേംകുമാര്‍ രണ്ടുമാസത്തോളം ജയിലില്‍ കഴിഞ്ഞെങ്കിലും ജാമ്യം അനുവദിച്ചു. കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്ന വിചാരണയ്ക്ക് പതിവായി ഹാജരാകുന്ന പ്രതിയാണെന്നും പൊലീസ് പറഞ്ഞു.