ഓഫീസ് സമയത്തും ഭര്‍ത്താവിന്റെ പല്ലുതേപ്പ്; അവിഹിതം പൊക്കി ഇലക്ട്രിക് ടൂത്ത് ബ്രഷ്; സ്വകാര്യ ഡിറ്റക്ടീവിന്റെ വെളിപ്പെടുത്തല്‍ വൈറല്‍; കുട്ടികളുടെ ബ്രഷിംഗ് ശ്രദ്ധിക്കാന്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ കണ്ടത് ഭര്‍ത്താവിനെ; വെള്ളിയാഴ്ചകളില്‍ സ്‌പെഷല്‍ പല്ലുതേപ്പ്

ഫോണ്‍ കോളുകളും മെസേജുകളുമല്ല, പുതിയ കാലത്ത് രഹസ്യങ്ങള്‍ പൊളിക്കാന്‍ ഒരു ടൂത്ത് ബ്രഷ് മതിയാകും. യുകെയില്‍ നിന്നുള്ള സ്ത്രീ തന്‍റെ ഭര്‍ത്താവിന്‍റെ രഹസ്യ ബന്ധം പൊക്കിയതിന് പിന്നില്‍ ഒരു ഇലക്ട്രിക് ടൂത്ത് ബ്രഷാണ്. അസമയത്തുള്ള ഭര്‍ത്താവിന്‍റെ പല്ലുതേപ്പ് ശ്രദ്ധയില്‍പ്പെട്ടതോടെ നടത്തിയ അന്വേഷത്തിലാണ് കള്ളി വെളിച്ചതായത്.
സ്വകാര്യ ഡിറ്റക്ടീവായ പോള്‍ ജോണ്‍സനാണ് ഇത്തരത്തിലൊരു അന്വേഷണത്തിന്‍റെ വിവരം പങ്കുവച്ചത്. വീട്ടുകാരുടെ ഇലക്ട്രിക് ടൂത്ത് ബ്രഷുകള്‍ ലിങ്ക് ചെയ്ത ആപ്പില്‍ ഭര്‍ത്താവ് അസമയത്ത് ബ്രഷ് ചെയ്യുന്നത് കണ്ടതോടെയാണ് ഭാര്യയ്ക്ക് സംശയം തോന്നിയത്. കുട്ടികളുടെ പല്ലുതേപ്പ് ക്രമീകരിക്കാനാണ് ഫോണില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത്. എന്നാല്‍ ജോലി സമയത്തും ഭര്‍ത്താവ് പല്ലുതേക്കുന്നു എന്നാണ് ആപ്പിലെ ഡാറ്റ കാണിച്ചത്.

പ്രത്യേകിച്ചും വെള്ളിയാഴ്ചകളില്‍ മാത്രമാണ് ഭര്‍ത്താവിന്‍റെ ‘സ്പെഷല്‍’ പല്ലുതേപ്പ്. ഓഫിസിലാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങുന്ന ദിവസങ്ങളിലും ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഭാര്യ അന്വേഷണം തുടങ്ങിയത്. വെള്ളിയാഴ്ചകളില്‍ ഭര്‍ത്താവ് ജോലിക്ക് പോയിട്ട് മാസങ്ങളായെന്നും മറ്റൊരു സ്ത്രീയുടെ വീട്ടിലെത്തുകയാണെന്നുമാണ് രഹസ്യാന്വേഷണത്തില്‍ കണ്ടെത്തിയത്. രാവിലെ 9 മണിക്ക് ഓഫിസിലെത്തേണ്ട ഇയാള്‍ 10.48 ന് പല്ലുതേച്ചതായാണ് ആപ്പില്‍ കണ്ടത്. ഇതോടെയാണ് കള്ളിപിടിക്കപ്പെട്ടത്.
നേരത്തെ ഓസ്ട്രേലിയയിലും സമാനരീതിയിലുള്ള സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭര്‍ത്താവിന്‍റെ രഹസ്യബന്ധം സൂപ്പര്‍മാര്‍ക്കറ്റ് റിവാര്‍ഡ് ആപ്പിലൂടെയാണ് ഭാര്യ കണ്ടെത്തിയത്. കുടുംബക്കാരെ കാണാനാണെന്ന് പറഞ്ഞ് ഭര്‍ത്താവ് ന്യൂ സൗത്ത് വെയില്‍സിലേക്ക് പോവുന്നതില്‍ ഭാര്യയ്ക്ക് സംശയമുണ്ടായിരുന്നു. സൂപ്പര്‍മാര്‍ക്കറ്റിന്‍റെ ആപ്പില്‍ നോക്കിയപ്പോള്‍ ക്വീന്‍സ്‍ലാന്‍ഡില്‍ നിന്നും ഇയാള്‍ സാധനങ്ങള്‍ വാങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇവിടെയാണ് ഭര്‍ത്താവിന്‍റെ മുന്‍ കാമുകിയുടെ വീട്.