CrimeNEWS

സ്വന്തം സഭയുണ്ടാക്കി; അമേരിക്കയില്‍ ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ്, ഉഡായിപ്പ് ‘ബിഷപ്പ്’ പിടിയില്‍

കോട്ടയം: സ്വന്തം സഭയുണ്ടാക്കി ‘ബിഷപ്പാ’യി, തൊഴിലന്വേഷകരുമായി പരിചയപ്പെട്ട് അമേരിക്കയില്‍ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുക്കും… പണം കൈക്കലാക്കിയാല്‍ പിന്നെ കാണാന്‍ കിട്ടില്ല. പണം കൊടുത്തവര്‍ക്ക് വിസയുമില്ല, ജോലിയുമില്ല. ഒടുവില്‍ പോലീസ് വിരിച്ചവലയില്‍ ‘ബിഷപ്പ്’ അഴിക്കുള്ളിലായി.

ഇത് മണിമല ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇവാഞ്ചലിക്കല്‍ സഭയുടെ ‘ബിഷപ്പ്’ മണിമല പള്ളിത്താഴെ വീട്ടില്‍ സന്തോഷ് പി. ചാക്കോ. അടിപിടിയും തട്ടിപ്പും ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ നിരവധി കേസുകള്‍ നിലവിലുള്ളയാളാണ്. നാല് ലക്ഷം രൂപ ശമ്പളത്തില്‍ അമേരിക്കയില്‍ ജോലിവാങ്ങിനല്‍കാമെന്ന് വിശ്വസിപ്പിച്ച് കുറിച്ചി സ്വദേശി അബിനില്‍നിന്ന് പലതവണയായി രണ്ടരലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് ചിങ്ങവനം പോലീസ് ഇന്‍സ്പെക്ടര്‍ വി.എസ്. അനില്‍കുമാര്‍ ‘ബിഷപ്പി’നെ അറസ്റ്റുചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരില്‍നിന്ന് ഇത്തരത്തില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പ്രാഥമിക വിവരമെന്നും, ഒമ്പത് കേസുകള്‍ നിലവില്‍ ഇയാള്‍ക്കെതിരായുണ്ടെന്നും പോലീസ് പറഞ്ഞു.

Signature-ad

ബിഷപ്പെന്ന് പരിചയപ്പെടുത്തിയാണ് ആളുകളുമായി അടുപ്പംസ്ഥാപിക്കുന്നത്. തടര്‍ന്ന് വിസയും ജോലിയും ഉള്‍പ്പെടെ അമേരിക്കന്‍ വാഗ്ദാനങ്ങള്‍ നല്‍കും. ഇതില്‍ വീഴുന്ന ആളുകളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുക്കുകയാണ് രീതി. പള്ളിക്കത്തോട്, പാമ്പാടി, റാന്നി, ചങ്ങനാശ്ശേരി, പൊന്‍കുന്നം, പെരുമ്പെട്ടി, ചിങ്ങവനം, മണര്‍കാട്, മണിമല, തൃശ്ശൂര്‍ എന്നിവിടങ്ങളിലെ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ പരാതിയുമായെത്തുമെന്ന കണക്കുകൂട്ടലിലാണ് പോലീസ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു. എസ്ഐമാരായ വിഷ്ണു, സുനില്‍, സിപിഒമാരായ സിറിയക്, വിനോദ്, മാര്‍ക്കോസ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Back to top button
error: