
തിരുവനന്തപുരം: അര്‍ജന്റീനയെയും മെസിയെയും കേരളത്തിലെത്തിക്കാന്‍ മാച് ഫീ അടച്ചെന്ന് കായികമന്ത്രി വി.അബ്ദുറഹിമാന്‍. കരാര്‍ പ്രകാരം കളിക്കു മുന്‍പുള്ള തുക അടച്ചെന്നാണ് സ്‌പോണ്‍സര്‍ പറഞ്ഞത്. തുക എത്രയെന്ന് സര്‍ക്കാരിന് അറിയില്ല. കളി എവിടെയെന്ന് തീരുമാനിക്കണം. അതിനായി അര്‍ജന്റീന ടീം അധികാരികള്‍ കേരളത്തിലെത്തണം. തിരുവനന്തപുരത്തിനായിരിക്കും മുന്‍ഗണന.
രണ്ടാം സ്ഥാനത്ത് കൊച്ചിയായിരിക്കും. എതിരാളിയായി സൗദി അടക്കം അഞ്ചു ടീമുകള്‍ പരിഗണനയിലുണ്ട്. സാമ്പത്തികമായി ഒരു ബാധ്യതയും സര്‍ക്കാര്‍ ഏറ്റെടുക്കില്ല. സ്‌പോണ്‍സര്‍മാര്‍ ചെയ്യേണ്ടതെല്ലാം ചെയ്തുകഴിഞ്ഞു. തിങ്കളാഴ്ചയോടെ വിശദാംശങ്ങള്‍ അറിയാമെന്നും വി.അബ്ദുറഹിമാന്‍ വിശദീകരിച്ചു.

മെസ്സിയും അര്‍ജന്റീനയും കേരളത്തിലേക്കെന്ന പുതിയ പ്രഖ്യാപനത്തിലും അവ്യക്തത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മന്ത്രി വിശദീകരണവുമായി എത്തിയത്. മെസിയും സംഘവും എപ്പോള്‍ എത്തും, എവിടെ വെച്ചായിരിക്കും മത്സരം തുടങ്ങിയ കാര്യങ്ങളൊന്നും പറയാതെയായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനം. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ഭാഗത്തുനിന്നും ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
സ്‌പോണ്‍സര്‍മാര്‍ തുക നല്‍കാത്തതിനാല്‍ അര്‍ജന്റീന ടീം എത്തില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഏകദേശം 128 കോടി രൂപയാണ് അര്‍ജന്റീന ടീമിന് നല്‍കേണ്ടി വരിക. ഇതില്‍ 77 കോടി രൂപ അഡ്വാന്‍സായി നല്‍കണം. ഇതില്‍ സ്‌പോണ്‍സര്‍മാര്‍ വീഴ്ച വരുത്തി എന്നായിരുന്നു വിവരം. കഴിഞ്ഞ ഏപ്രിലിലും മെസ്സിയും അര്‍ജന്റീനയും കേരളത്തിലെക്ക് എത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഒരു മാസത്തിനകം അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികള്‍ കേരളത്തിലെത്തി ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു.