KeralaNEWS

ആറളം പുനരധിവാസ മേഖലയില്‍ കാട്ടാനയിറങ്ങി; രണ്ട് കുടിലുകള്‍ തകര്‍ത്തു; ഗര്‍ഭിണി ഉള്‍പ്പെടെ രണ്ടു സ്ത്രീകള്‍ക്ക് പരിക്ക്; വനം വകുപ്പിനെതിരെപ്രതിഷേധവുമായി പ്രദേശവാസികള്‍

കണ്ണൂര്‍: ജില്ലയുടെ മലയോരത്തെ വിറപ്പിച്ച് കാട്ടാനക്കൂട്ടം. ആറളം ഫാം പുനരധിവാസ മേഖലയില്‍ കാട്ടാനയിറങ്ങി രണ്ട് കുടിലുകള്‍ തകര്‍ത്തു. ഓടി രക്ഷപ്പെടുന്നതിനിടെ ഗര്‍ഭിണി ഉള്‍പ്പെടെ രണ്ടു സ്ത്രീകള്‍ക്ക് പരിക്ക്. ഗര്‍ഭിണിയായ അശ്വതി, ലീന എന്നിവര്‍ ആനയുടെ തുമ്പികൈക്ക് മുന്നില്‍ നിന്ന് രക്ഷപ്പെട്ടത് അത്ഭുതകരമായി.

പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഒന്‍പതില്‍ പൂക്കുണ്ട് മേഖലയിലായിരുന്നു വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചോടെയായിരുന്നു കാട്ടാനയുടെ ആക്രമണം. പൂക്കുണ്ടിലെ ഷീന നാരായണന്‍, ലീന, തങ്കമ്മ എന്നിവര്‍ താമസിക്കുന്ന കുടിലുകളാണ് ആന തകര്‍ത്തത്. തകര്‍ന്ന ആനമതിലിനോട് ചേര്‍ന്ന് ഭാഗത്തുള്ള വന്യജീവി സങ്കേതത്തില്‍ നിന്നും ഇറങ്ങിയ ആനയാണ് ആക്രമണം അഴിച്ചുവിട്ടത്.

Signature-ad

പുറത്തിറങ്ങിയ രണ്ട് ആനകളില്‍ ഒരാനയാണ് കുടിലിനു നേരേ ആക്രമണം നടത്തിയത്. ആന കുടിലിന് നേരേ തിരിഞ്ഞതോടെ ലീനയും ഗര്‍ഭിണിയായ അശ്വതിയും ഓടി രക്ഷപ്പെടുന്നതിനിടയിലാണ് രണ്ടുപേര്‍ക്കും പരിക്കേറ്റത്. അശ്വതിയുടെ ചെവിക്ക് സമീപത്തായാണ് പരിക്ക്. പരിക്കേറ്റ രണ്ടുപേരെയും പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഗര്‍ഭിണിയെ കൂടുതല്‍ ചികിത്സയ്ക്കായി കണ്ണൂരിലേക്ക് മാറ്റി.

ഇതോടെ മൂന്നുമാസത്തിനുള്ളില്‍ പുനരധിവാസ മേഖലയില്‍ കാട്ടാന തകര്‍ക്കുന്ന പതിനാലാമത്തെ വീടാണിത്. ബുധനാഴ്ച്ച അയ്യന്‍കുന്ന് പഞ്ചായത്തിലെ കച്ചേരികടവില്‍ ഗൃഹനാഥയെ കാട്ടാന ആക്രമിച്ച് പരിക്ക് ഏല്‍പ്പിച്ച സംഭവം നടന്നത്. വാരിയെല്ലുകള്‍ക്ക് പൊട്ടല്‍ സംഭവിച്ച ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇതിനിടെ കാട്ടാനയുടെ ആക്രമണം നടന്ന സ്ഥലത്തെത്തിയ വനപാലക സംഘത്തിലെ ഉദ്യോഗസ്ഥര്‍ തങ്ങളോട് മോശമായി പെരുമാറിയതായി ലീന പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് ആക്രമണത്തില്‍ പെട്ടവര്‍ വനപാലകരുടെ വാഹനത്തില്‍ ആശുപത്രിയിലേക്ക് പോകാന്‍ തയാറായില്ല.

വേറെ വാഹനത്തിനായി ശ്രമിച്ചെങ്കിലും ലഭിക്കാതെ വന്നതോടെ നാട്ടുകാര്‍ ചേര്‍ന്ന് അനുനയിപ്പിച്ച് വനം വകുപ്പ് വാഹനത്തില്‍ കയറ്റി പേരാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ആറളം ഫാം സ്‌കൂള്‍ പരിസരത്ത് പത്തിലധികം വരുന്ന കാട്ടാനക്കൂട്ടം തമ്പടിച്ച് ഭീഷണി സൃഷ്ടിച്ചിരുന്നു. എന്നാല്‍, ആനക്കൂട്ടത്തെ തുരത്താന്‍ വനംവകുപ്പ് തയാറായില്ലെന്നും ഫാം നിവാസികള്‍ക്ക് പരാതിയുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: