വിജയാഘോഷത്തിനിടെ 11 മരണം: ആര്‍സിബി ടീമിനെതിരേ കൊലക്കുറ്റം ചുമത്തി പോലീസ്; സംഘാടകരും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനും കൂട്ടു പ്രതികള്‍; പോലീസ് നിര്‍ദേശിച്ചത് ഞായറാഴ്ച ആഘോഷിക്കാന്‍; ഒരുക്കം ആരംഭിക്കും മുമ്പേ ആരാധകര്‍ പാഞ്ഞെത്തി; എഫ്‌ഐആറിലെ വിവരങ്ങള്‍ പുറത്ത്

ബംഗളുരു: ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ജൂണ്‍ നാലിനു തിക്കിലും തിരക്കിലും പെട്ടു 11 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവിനെ (ആര്‍സിബി) മുഖ്യ പ്രതിയാക്കി പോലീസ് കേസ്. ബംഗളുരു പോലീസിന്റെ എഫ്‌ഐആറില്‍ സഹസംഘാടകരായ ഡിഎന്‍എ എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, കര്‍ണാടക സ്‌റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്.
ജൂണ്‍ മൂന്നിനു ഫൈനലില്‍ ആര്‍സിബി വിജയിച്ചതിനു പിന്നാലെ ചിന്നസ്വാമി സ്റ്റാന്‍ഡ്, എംജി റോഡ്, വിത്തല്‍ മല്ല്യ റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ ആരാധകര്‍ സംഗമം തുടങ്ങിയെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം പങ്കെടുത്ത ഉന്നതതല മീറ്റിംഗ് നടത്തിയെന്നും എഫ്‌ഐആറില്‍ ചൂണ്ടിക്കാട്ടുന്നു. പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ എസി.പി, ഡി.സി.പി, ട്രാഫിക് എസി.പി എന്നിവരുള്‍പ്പെടെ ട്രാഫിക്, പൊതു സുരക്ഷ, തിരക്ക് നിയന്ത്രണം എന്നിവ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കി.

എന്നാല്‍, പോലീസിന്റെ അടിയന്തര ആസൂത്രണത്തിനും മുമ്പ് നാലിനും 5.30നും ഇടയില്‍ ആരാധകര്‍ ഒഴുകിയെത്തുകയായിരുന്നു. സംഘാടകര്‍ സ്റ്റേഡിയത്തിനുള്ളിലും പുറത്തുമായി മതിയായ ബാരിക്കേഡുകളും തിരക്ക് നിയന്ത്രണ സംവിധാനങ്ങളും ഒരുക്കാനായില്ലെന്നാണ് എഫ്ഐആറില്‍ പറയുന്നത്. ഇതാണ് പല ഗേറ്റുകളിലും തിക്കുംതിരക്കിനും ആള്‍ക്കൂട്ട സംഘര്‍ഷത്തിനും ഇടയാക്കിയത്. തിരക്കില്‍പെട്ട് 11 പേര്‍ മരിച്ചു. പോലീസുകാര്‍ ഉള്‍പ്പെടെ 64 പേര്‍ക്കു സാരമായി പരിക്കേറ്റു. പോലീസിന്റെ മുന്‍കൂട്ടി നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ച സംഘാടകര്‍ ഗുരുതര വീഴ്ചയാണു വരുത്തിയതെന്നും പറയുന്നു.
കബ്ബണ്‍ പാര്‍ക്ക് പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ എ.കെ. ഗിരീഷ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജൂണ്‍ 5-ന് രാവിലെ 11.15ന് നല്‍കിയ റിപ്പോര്‍ട്ടില്‍ പൊതു സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുകയും അതിന്റെ ഫലമായി ഗുരുതരമായ ദുരന്തം ഉണ്ടാക്കുകയും ചെയ്‌തെന്നും പറയുന്നു. ഭാരതീയ ന്യായ സംഹിത അനുസരിച്ച് നിരവധി വകുപ്പുകളാണ് ആര്‍സിബിക്കും സംഘാടകര്‍ക്കുമെതിരേ ചുമത്തിയിട്ടുള്ളത്. മനപ്പൂര്‍വമല്ലാത്ത നരഹത്യ, മനുഷ്യജീവനും വ്യക്തിഗത സുരക്ഷയ്ക്കും അപകടമുണ്ടാക്കുന്ന പ്രവൃത്തി, അപകടകരമായ ആയുധങ്ങളോ മറ്റു മാര്‍ഗങ്ങളോ ഉപയോഗിച്ചു ഹാനിവരുത്തല്‍, നിയമവിരുദ്ധമായ കൂടിച്ചേരലിലൂടെ കുറ്റകൃത്യം സംഭവിച്ചതില്‍ സംഘാംഗങ്ങള്‍ക്കു പങ്ക് എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
കര്‍ണാടക സര്‍ക്കാര്‍ കേസിന്റെ അന്വേഷണം ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിനേയ്ക്ക് (സിഐഡി) കൈമാറിയതായി അറിയിച്ചിട്ടുണ്ട്. സിഐഡിക്കുള്ളില്‍ സ്‌പെഷല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീം (എസഐടി) രൂപീകരിച്ച് കൂടുതല്‍ ശക്തമായ അന്വേഷണവും നടത്തും.
ആര്‍സിബി ടീമിന്റെ ഐപിഎല്‍ വിജയത്തിനു ശേഷം ജൂണ്‍ 4-ന് നടന്ന പൊതു ആരാധനാ പരിപാടിക്കിടെയാണ് ദാരുണമായ ഈ അപകടം സംഭവിച്ചത്. വിജയാഘോഷങ്ങള്‍ ഞായറാഴ്ച നടത്തണമെന്നായിരുന്നു ബംഗളുരു പോലീസ് നിര്‍ദേശിച്ചത്. എന്നാല്‍, സര്‍ക്കാര്‍ തൊട്ടടുത്ത ദിവസംതന്നെ ആഘോഷം നടത്താന്‍ തത്വത്തില്‍ തീരുമാനമെടുക്കുകയായിരുന്നെന്നും പറയുന്നു.