പ്രണയം നടിച്ചു ചിത്രങ്ങള്‍ കൈക്കലാക്കി; ശല്യം സഹിക്കാതെ ബന്ധം വേര്‍പെടുത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് യുവാവിന്റെ ഭീഷണി; ജാര്‍ഖണ്ഡ് സ്വദേശിയെ പോലീസ് പിടികൂടിത് മുംബൈയിവച്ച്; പ്രതി ഉപയോഗിച്ചത് ഒന്നിലധികം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍

റാഞ്ചി: യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ച് യുവാവിന്‍റെ ഭീഷണിപ്പെടുത്തല്‍. യുവാവുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ 25ക്കാരനായ യുവാവ് ആസിഡ് ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പെണ്‍കുട്ടി വെളിപ്പെടുത്തി. ഝാർഖണ്ഡ് സ്വദേശിയായ ഇമാമുൾ ഹഖ് ഹസനുൽ ഹോദയെ ബുധനാഴ്ച മുംബൈയിൽ നിന്നാണ് പിടികൂടിയത്.
പൊലീസ് പറയുന്നതനുസരിച്ച് 2022-ൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. പ്രതി വ്യാജ വിവരങ്ങൾ നൽകി ഫെയ്സ്ബുക്കിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും പരാതിക്കാരിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ക്രമേണ സ്നേഹബന്ധം സ്ഥാപിച്ച് യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കുകയും അവ ഉപയോഗിച്ച് ഭീഷണിപ്പെടുത്താനും ഉപദ്രവിക്കാനും തുടങ്ങി.

ശല്യം സഹിക്കാന്‍ കഴിയാതെ വന്നതോടെ യുവതി ഇയാളുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചു. ഇത് യുവാവിന്‍റെ ഉള്ളില്‍ പകയ്ക്ക് കാരണമായി. യുവാവ് ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ യുവതിയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്തി. കൂടാതെ ആസിഡ് ആക്രമണം നടത്തുമെന്നും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു.
ഝാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെ ദൊരാണ്ട പൊലീസ് സ്റ്റേഷനിലാണ് കേസ് ആദ്യം രജിസ്റ്റർ ചെയ്തത്. പിന്തുടരൽ, ഭീഷണിപ്പെടുത്തൽ, ഐ.ടി. നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്തതുമുതൽ പ്രതി ഒളിവിൽ കഴിയുകയും ഒന്നിലധികം വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് യുവതിയെ ഉപദ്രവിക്കുന്നത് തുടരുകയും ചെയ്തിരുന്നു.
റാഞ്ചിയിലെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് പ്രതിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. സാങ്കേതിക നിരീക്ഷണങ്ങളുടെയും രഹസ്യ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ, ഝാർഖണ്ഡിലെ ബൊക്കാറോ സ്വദേശിയും മുംബൈയിലെ മാഹിം റെയിൽവേ സ്റ്റേഷന് സമീപം താമസക്കാരനുമായ ഹോദയെ ബുധനാഴ്ച താനെ ജില്ലയിലെ കാശിമിറ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് കൂടുതൽ നിയമനടപടികൾക്കായി റാഞ്ചി പൊലീസ് സംഘത്തിന് കൈമാറി.