
തിരുവനന്തപുരം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച പരിപാടിയില്‍നിന്നു ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ ഒഴിവാക്കിയ സംഭവത്തില്‍ വിശദീകരണവുമായി രാജ്ഭവന്‍. ഭാരത മാതാവിന്റെ ചിത്രം മാറ്റണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടുവെന്നും മാറ്റാന്‍ കഴിയില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയെന്നും രാജ്ഭവന്‍ പറയുന്നു.
രാജഭവനില്‍ നടക്കുന്ന പരിപാടിയില്‍ എന്തുവേണമെന്ന് രാജ് ഭവന്‍ തീരുമാനിക്കുമെന്ന് ഗവര്‍ണര്‍ നിലപാട് സ്വീകരിച്ചു. രാജ് ഭവന്റെ സെന്‍ട്രല്‍ ഹാളില്‍ സ്ഥിരമായി ഉള്ള ചിത്രമാണിതെന്നും മാറ്റാന്‍ കഴിയില്ലെന്നും ഗവര്‍ണര്‍ നിലപാടെടുത്തു. തുടര്‍ന്നാണ് സര്‍ക്കാര്‍ പരിപാടി ഒഴിവാക്കിയത്.
അതേസമയം, പരിപാടി രാജ്ഭവനില്‍ നിന്നും മാറ്റിയതില്‍ മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായെന്ന വിവരങ്ങളും പുറത്തുവന്നു. ഗവര്‍ണറുടെ നിലപാട് കൃഷിമന്ത്രി പി പ്രസാദ് മുഖ്യമന്ത്രിയെ അറിയച്ചു. തുടര്‍ന്നാണ് പരിപാടി ദര്‍ബാര്‍ ഹാളിലേക്ക് മാറ്റിയത്.

ചീഫ് സെക്രട്ടറിയും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ദര്‍ബാര്‍ ഹാളിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നു. അതേസമയം, ഭാരതാംബ മതചിഹ്നമല്ലെന്നും സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഹിന്ദു ഐക്യവേദി വ്യക്തമാക്കി. രാജ്യത്തെ പ്രതിനിധീകരിക്കുന്നതാണ് ഭാരതാംബയെന്നും ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബു മാധ്യമങ്ങളോട് പറഞ്ഞു.