
തിരുവനന്തപുരം/ കൊച്ചി: ഐബി ഉദ്യോഗസ്ഥയും താനും തമ്മില്‍ പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നുവെന്നും അവര്‍ ജീവനൊടുക്കിയ ദിവസവും തമ്മില്‍ വഴക്കിട്ടിരുന്നുവെന്നും ചോദ്യംചെയ്യലില്‍ സുകാന്ത് പൊലീസിനോടു വെളിപ്പെടുത്തി. യുവതിയുമായി ഇടയ്ക്കിടെ വഴക്കുണ്ടാക്കുമായിരുന്നെങ്കിലും പിന്നീട് അവ പരിഹരിക്കുമായിരുന്നു. എന്നാല്‍ ജീവനൊടുക്കിയതിന്റെ കാരണം തനിക്കറിയില്ലെന്ന നിലപാടിലാണ് പ്രതി.
ജോധ്പുരിലെ ഐബി ട്രെയിനിങ് ക്യാമ്പില്‍വെച്ചാണ് യുവതിയെ പരിചയപ്പെട്ടതും അടുപ്പമായതുമെന്നാണ് സുകാന്ത് പറയുന്നത്. കഴിഞ്ഞ ദിവസം പേട്ട പൊലീസ് കസ്റ്റഡിയിലെടുത്ത സുകാന്തിനെ യുവതിയുടെ തിരുവനന്തപുരത്തെ ഫ്‌ലാറ്റിലും നെടുമ്പാശേരിയില്‍ ഇയാളുടെ ഫ്‌ലാറ്റിലുമെത്തിച്ച് തെളിവെടുത്തു. നെടുമ്പാശേരി വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥനായിരുന്ന സുകാന്ത് യുവതിയെ തന്റെ താമസസ്ഥലത്ത് എത്തിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്.

കസ്റ്റഡി കാലാവധി തീരുന്ന ഇന്ന് പ്രതിയെ തിരുവനന്തപുരം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ തെളിവെടുപ്പിനായി പിന്നീട് വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനാണു പൊലീസ് നീക്കം.
പത്തനംതിട്ട സ്വദേശിനിയായ ഐബി ഉദ്യോഗസ്ഥ മാര്‍ച്ച് 24-നാണ് ചാക്ക റെയില്‍വേ മേല്‍പ്പാലത്തിനു സമീപം ട്രെയിന്‍ തട്ടി മരിച്ചത്. ഇതിനു മുന്‍പ് യുവതി അവസാനമായി ഫോണ്‍ചെയ്തത് സുകാന്തിനെയായിരുന്നു.