
തൃശൂര്‍: ഇരിങ്ങാലക്കുട പടിയൂര്‍ ഇരട്ടക്കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. പ്രതിയെന്ന് സംശയിക്കുന്ന കോട്ടയം കുറിച്ചി സ്വദേശി പ്രേംകുമാറിന്റെ ചിത്രം പൊലീസ് പുറത്തുവിട്ടു. ഇയാള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ ഉടന്‍ അറിയിക്കണമെന്ന് തൃശൂര്‍ ജില്ലാ പൊലീസ് മേധാവി നിര്‍ദേശിച്ചു.

ബുധനാഴ്ച ഉച്ചയോടെയാണ് പടിയൂര്‍ പഞ്ചായത്ത് ഓഫീസിന്റെ അടുത്ത് വാടകയ്ക്ക് താമസിക്കുന്ന കാറളം വെള്ളാനി കൈതവളപ്പില്‍ മണി (74), മകള്‍ രേഖ ( 43) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ച രേഖയുടെ രണ്ടാം ഭര്‍ത്താവാണ് പ്രേംകുമാര്‍. ആദ്യഭാര്യയായ ഉദയംപേരൂര്‍ സ്വദേശി വിദ്യയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിലും പ്രതിയാണ് പ്രേംകുമാര്‍. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് രണ്ടാം ഭാര്യയെയും അവരുടെ അമ്മയെയും കൊലപ്പെടുത്തിയത്. പ്രേംകുമാറിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ താഴെ പറയുന്ന നമ്പറുകളില്‍ബന്ധപെടേണ്ടതാണെന്ന് പൊലീസ് നിര്‍ദേശിച്ചു.

ഇന്‍സ്പെക്ടര്‍ , കാട്ടൂര്‍ പൊലീസ് സ്റ്റേഷന്‍ – 9497947203
ഡിവൈഎസ്പി ഇരിങ്ങാലക്കുട – 94979 90088
ജില്ലാ പൊലീസ് മേധാവി തൃശ്ശൂര്‍ റൂറല്‍- 9497996978
രണ്ട് ദിവസമായി അമ്മയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനാല്‍ മൂത്തമകള്‍ സിന്ധു വീട്ടിലെത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. പുറകിലത്തെ വാതില്‍ തള്ളി തുറന്ന് അകത്ത് കയറിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്. മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കം ഉണ്ടായിരുന്നു. വീടിനുള്ളില്‍ സാധനങ്ങള്‍ അലങ്കോലമായ നിലയില്‍ ആയിരുന്നു.
ആദ്യ വിവാഹ ബന്ധം വേര്‍പിരിഞ്ഞ രേഖ 5 മാസം മുന്‍പാണ് കോട്ടയം സ്വദേശിയായ പ്രേംകുമാറിനെ വിവാഹം കഴിച്ചത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രേംകുമാറിനെതിരെ ഇരിങ്ങാലക്കുട വനിതാ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നതായി സഹോദരി പറഞ്ഞു. രേഖയും പുരുഷ സുഹൃത്തുക്കളും തമ്മിലുള്ള ചിത്രങ്ങള്‍ വസ്ത്രത്തില്‍ ഒട്ടിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഭാര്യയുടെ സ്വഭാവത്തെ വിമര്‍ശിച്ചും കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാകാം കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. പ്രേംകുമാറിനെ അന്നേദിവസം വീട്ടില്‍ കണ്ടിരുന്നതായി മൊഴിയുണ്ട്. ഇതാണ് സംശയം ബലപ്പെടുത്തുന്നത്. അവിഹിത ജീവിതങ്ങള്‍ ഏറെയുള്ള പ്രേംകുമാറിന്റെ നടപടികള്‍ അത്യന്തം ദുരൂഹമാണ്. കഴിഞ്ഞ അഞ്ച് മാസമായി മണിയും മകളും ഇവിടെ വാടകയ്ക്ക് താമസിച്ച് വരികയാണ്. മണി ഇരിങ്ങാലക്കുടയില്‍ വീട്ടുജോലിക്കായിരുന്നു പോയിരുന്നു.