LIFELife StyleSocial MediaTRENDING

കാല് തെറ്റി ട്രെയിനിന് അടിയിലേക്ക് വീഴാന്‍ പോയി, രക്ഷപ്പെട്ട നിരോഷ വീണത് പ്രണയത്തിലേക്ക്

പ്രശസ്ത തമിഴ് നടനായിരുന്ന എംആര്‍ രാധയുടെ മകളും നടി രാധിക ശരത്കുമാറിന്റെ അനുജത്തിയുമാണ് നിരോഷ. ഒരു മുത്തശ്ശി കഥ എന്ന സിനിമയിലൂടെ മലയാളത്തിലാണ് നിരോഷ ആദ്യമായി അഭിനയിക്കുന്നത്. അതിനുശേഷം തമിഴില്‍ അഭിനയിച്ചതോട് കൂടി നടിയുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായി.

നടിയെപ്പറ്റി ആലപ്പി അഷ്റഫ് വെളിപ്പെടുത്തിയ കാര്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ് അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങിനെ : പ്രിയദര്‍ശന്റെ സിനിമയിലൂടെയാണ് നിരോഷ അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. മണിരത്നത്തിന്റെ അഗ്‌നിനക്ഷത്രം എന്ന സിനിമയില്‍ ലിസിയായിരുന്നു ആദ്യം നായികയായി അഭിനയിച്ചത്. രണ്ട് മൂന്ന് ദിവസം ലിസി ആ സിനിമയില്‍ അഭിനയിച്ചെങ്കിലും അതിലെ പാട്ട് സീനില്‍ ബിക്കിനി ഇട്ട് അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞാണ് ലിസി പിന്മാറുന്നത്. പിന്നീട് പ്രിയദര്‍ശനാണ് നിരോഷയെ കുറിച്ച് മണിരത്നത്തിനോട് പറയുന്നത്. അങ്ങനെ ഒരു പൂങ്കാവനം എന്ന് തുടങ്ങുന്ന പാട്ടില്‍ ബിക്കിനിയിട്ട് നിരോഷ അഭിനയിച്ചു.

Signature-ad

ആ പാട്ട് വലിയ ഹിറ്റാവുകയും ചെയ്തു. ഞാന്‍ ആ ഗാനം വീണ്ടും വീണ്ടും കാണുമെന്നാണ് അക്കാലത്ത് അമിതാഭ് ബച്ചന്‍ പോലും പറഞ്ഞിട്ടുള്ളത്. അങ്ങനെ ആ സിനിമയുടെ നിര്‍മാതാവ് കോടികളാണ് വാരിക്കൂട്ടിയത്. പക്ഷേ നിരോഷ മലയാളത്തില്‍ അഭിനയിച്ച സിനിമ വിജയിക്കാതെ പോയി. അതിന്റെ നിര്‍മാതാവിന് പിച്ചച്ചട്ടിയും എടുത്ത് നടക്കേണ്ട അവസ്ഥയും വന്നു. എന്നാല്‍ പിന്നീട് നിരോഷ തമിഴിലും തെലുങ്കിലും കന്നഡത്തിലുമൊക്കെ നിറസാന്നിധ്യമായി വളര്‍ച്ചയുടെ പടവുകള്‍ താണ്ടി.

സിന്ദൂരപ്പൂവേ എന്ന സിനിമയില്‍ നടന്‍ രാംകിയുടെ ഒപ്പവും നിരോഷ അഭിനയിച്ചിരുന്നു. പല കാര്യത്തിനും ചേര്‍ച്ച ഇല്ലാതെ വന്നതോടെ ഇരുവരും തമ്മില്‍ വഴക്ക് പതിവായി. തന്റെ ശരീരത്ത് അനുവാദമില്ലാതെ തൊട്ടു എന്ന് പറഞ്ഞും നടി അദ്ദേഹത്തോട് വഴക്ക് കൂടി. കമല്‍ ഹാസന്‍ പോലും സ്ത്രീകളെ തൊട്ടുരുമി അഭിനയിക്കുമ്പോള്‍ അനുവാദം വാങ്ങിക്കാറുണ്ടെന്നും നടി രാംകിയെ ഓര്‍മ്മിപ്പിച്ചു. പിന്നീടും വഴക്ക് തുടര്‍ന്ന് കൊണ്ടേയിരുന്നു.

ഒരു ദിവസം ഓടി കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നുമൊരു സീന്‍ എടുക്കുകയാണ്. രാംകി വാതിലിന് സൈഡില്‍ നില്‍ക്കുമ്പോള്‍ നിരോഷ ഓടി വരുന്നതാണ് സീന്‍. പെട്ടെന്ന് കാല് തെറ്റി നിരോഷ ട്രെയിനിന് അടിയിലേക്ക് വീഴാന്‍ പോയി. ആ സമയത്ത് രാംകി അവരുടെ പാവാടയില്‍ പിടിച്ച് വലിച്ച് ട്രെയിനിനുള്ളിലേക്ക് ഇട്ടു. നിരോഷയുടെ ബോധം അപ്പോഴെക്കും പോയിരുന്നു. പിന്നീട് നടിയെ ശുശ്രൂഷിച്ചത് രാംകിയാണ്. അവിടെ നിന്നും താരങ്ങളുടെ പ്രണയം ആരംഭിച്ചു.

വീട്ടുകാരുടെ എതിര്‍പ്പുകളെല്ലാം അവഗണിച്ച് കൊണ്ടാണ് താരങ്ങള്‍ വിവാഹിതരാവുന്നത്. യാതൊരു ദുഃശീലവുമില്ലാത്ത നടനാണ് രാംകി. മോട്ടിവേറ്ററും സൈക്കോളജിസ്റ്റുമാണ് അദ്ദേഹം. നിരോഷയും രാംകിയും വിവാഹിതരായിട്ട് ഇരുപത്തിയൊന്‍പത് വര്‍ഷത്തോളം കഴിഞ്ഞു. ചെറിയ പ്രശ്നം പോലുമില്ലാതെ സന്തോഷത്തോടെ ജീവിക്കുകയാണെങ്കിലും കുട്ടികള്‍ ഇല്ലെന്നുള്ള വലിയ ദുഃഖമാണ് ദമ്പതിമാര്‍ക്കുള്ളത്. അടുത്ത കാലത്തായി നീണ്ട ഇടവേളയ്ക്ക് ശേഷം രണ്ടാളും സിനിമയിലേക്ക് തിരിച്ച് വന്നുവെന്നും ആലപ്പി അഷ്റഫ് പറയുന്നു.

 

Back to top button
error: