
കോഴിക്കോട്: താമരശ്ശേരി പുതുപ്പാടി പഞ്ചായത്തിലെ കൈതപ്പൊയിലില്‍ റോഡരികില്‍ നിര്‍ത്തിയിട്ട വാഹനം മോഷ്ടിച്ച് കടത്തിയ യുവാവിനെ കൊടുവള്ളിയില്‍വെച്ച് പിടികൂടി. മലപ്പുറം വള്ളിക്കുന്ന് സ്വദേശിയായ മുനീബി(32)നെയാണ് നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസിലേല്‍പ്പിച്ചത്.
ശനിയാഴ്ച രാത്രി ഒന്‍പതോടെയാണ് കൈതപ്പൊയിലില്‍ റോഡരികില്‍ നിര്‍ത്തിയിട്ട അടിവാരം നൂറാംതോട് സ്വദേശിയുടെ എസ്യുവി ഇയാള്‍ മോഷ്ടിച്ചത്. വാഹനത്തിലുണ്ടായിരുന്ന കുടുംബം സമീപത്തെ തുണിക്കടയില്‍ കയറുകയും വാഹനയുടമ വണ്ടിയുടെ താക്കോലെടുക്കാതെ തൊട്ടടുത്ത് ഫോണ്‍ചെയ്ത് നില്‍ക്കുകയും ചെയ്യുന്ന സമയത്തായിരുന്നു മോഷണം. ഉടന്‍തന്നെ വാഹനയുടമ ബഹളംവെക്കുകയും സാമൂഹികമാധ്യമക്കൂട്ടായ്മകളിലൂടെ മോഷണവിവരം പ്രചരിപ്പിക്കുകയും ചെയ്തു.

വാഹനം കടത്തിക്കൊണ്ടുപോകുന്നതിനിടെ എസ്യുവി ഏതാനും ഇരുചക്രവാഹനങ്ങളിലും കാറുകളിലും ഇടിച്ചു. ഒടുവില്‍ കൊടുവള്ളി-നരിക്കുനി റോഡില്‍നിന്ന് വരുകയായിരുന്ന ഒരു കാറില്‍ ഇടിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ തടഞ്ഞുവെച്ച് കൈകാര്യംചെയ്തു. കൊടുവള്ളി പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടി താമരശ്ശേരി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.