Breaking NewsIndiaLead NewsNEWSSports

ആർസിബി വിക്ടറി പരേഡ് ദുരന്തക്കടലായി, വിജയികളെ സ്വീകരിക്കാൻ ആരാധകർ സ്റ്റേഡിയത്തിലേക്കിരച്ചെത്തി!! ശ്വാസം കിട്ടാതെ പലരും ബോധരഹിതരായി, 11 മരണം, 50 പേർക്ക് പരുക്ക്, മരിച്ചവരിൽ സ്ത്രീയും

ബെംഗളൂരു∙ ഐപിഎല്ലിലെ കന്നി കിരീട നേട്ടത്തിന് ശേഷം റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് (ആർസിബി) ഒരുക്കിയ സ്വീകരണച്ചടങ്ങ് ദുരന്തക്കടലായി. തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചെന്ന് റിപ്പോർട്ട്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഒരുക്കിയ സ്വീകരണചടങ്ങിൽ ആളുകൾ തടിച്ചുകൂടിയതാണ് അപകടത്തിന് കാരണമായത്. അപകടത്തിൽ 50 പേർക്ക് പരുക്കേറ്റെന്നും 3 പേരുടെ നില ഗുരുതരമാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരിച്ചവരിൽ ഒരു സ്ത്രീയുമുണ്ട്. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. രാവിലെ മുതൽ സ്റ്റേഡിയത്തിനു മുന്നിൽ വലിയ തിരക്കായിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സ്റ്റേഡിയത്തിലേക്കെത്തിയിരുന്നു.

അതേസമയം താരങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വിജയാഘോഷ പരിപാടി റദ്ദാക്കിയതായി അറിയിച്ചു. ആളുകളെ സ്ഥലത്ത് നിന്നും മാറ്റുകയാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Signature-ad

ഐപിഎൽ കിരീടം നേടിയ ആർസിബി ടീമിന് സർക്കാരും കർണാടക ക്രിക്കറ്റ് അസോസിയേഷനുമാണ് സ്വീകരണ പരിപാടി ഒരുക്കിയിരുന്നത്. ആർസിബിയുടെ ഹോം ഗ്രൗണ്ടാണ് ചിന്നസ്വാമി സ്റ്റേഡിയം. സ്റ്റേഡിയത്തിലേക്ക് ആരാധകർ കൂട്ടംകൂട്ടമായെത്തിയതോടെ ശ്വാസം കിട്ടാതെ പലരും ബോധരഹിതരായി വീണു. കുട്ടികളെ തിരക്കുള്ള സ്ഥലത്തേക്ക് കൊണ്ടുവരരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അതൊന്നും പാലിക്കപ്പെട്ടില്ല. പ്രവേശന കവാടത്തിന് മുൻപിലാണ് വലിയ തിരക്കുണ്ടായത്.

നഗരത്തിൽ വൻ ഗതാഗതകുരുക്കിനും തിരക്കിനും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി പോലീസ് വിക്ടറി പരേഡിന് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. ഇതോടെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ വെച്ച് മാത്രമായി ആഘോഷം ചുരുക്കാനും ആർസിബി തീരുമാനമെടുത്തിരുന്നു. എന്നാൽ പിന്നീട് പൊലീസ് ചില നിയന്ത്രണങ്ങളോടെ അനുമതി നൽകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: