Breaking NewsIndiaNEWS

‘ആരാധന വേണം, പക്ഷേ അത് ജീവനേക്കാൾ വലുതല്ല’!! ഡികെ ശിവകുമാർ, ‘സന്തോഷം നിറഞ്ഞ ആഘോഷങ്ങൾക്കുമേൽ ദുഃഖത്തിന്റെ നിഴൽ വീണു’- യെഡിയൂരപ്പ

ബെംഗളൂരു: ഐപിഎൽ ജേതാക്കളായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിക്ടറി പരേഡിനിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവർക്ക് അനുശോചനം അറിയിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. ഏറെ വേദനിപ്പിക്കുന്നതും ഞെട്ടിക്കുന്നതുമായ സംഭവമാണെന്ന് ശിവകുമാർ എക്‌സിൽ കുറിച്ചു.

‘ആർസിബിയുടെ ഐപിഎൽ വിജയാഘോഷങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടിയിരുന്ന ആളുകൾ ദുരന്തത്തിൽ മരിച്ചുവെന്നത് അങ്ങേയറ്റം വേദനാജനകവും ഞെട്ടലുളവാക്കുന്നതുമാണ്. മരിച്ചവർക്കും അവരുടെ കുടുംബാംങ്ങൾക്കും അനുശോചനം അറിയിക്കുന്നു. ആരാധന വേണം, പക്ഷേ അത് ജീവനേക്കാൾ വലുതല്ല. എല്ലാവരും സുരക്ഷിതരായിരിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു’, ശിവകുമാർ പറഞ്ഞു.

Signature-ad

കൂടാതെ വിജയാഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്ര നിർത്തിവെച്ചതിൽ ശിവകുമാർ മാപ്പ് പറഞ്ഞിരുന്നു. കർണാടകയും ആർസിബിയും വലിയ അഭിമാനത്തിലാണെന്നും എന്നാൽ ഇത് അനിയന്ത്രിതമായ ആൾക്കൂട്ടമാണെന്ന് ശിവകുമാർ പറഞ്ഞിരുന്നു. ആഘോഷം നിർത്തിവച്ചതിൽ ബെംഗളൂരുവിലെയും കർണാടകയിലെയും മുഴുവൻ പേരോടും മാപ്പ് പറയുന്നുവെന്നും ശിവകുമാർ പറഞ്ഞു.

അതേസമയം സംഭവത്തിൽ കർണാടക സർക്കാരിനെതിരെ ബിജെപി രംഗത്തെത്തി. സംസ്ഥാന സർക്കാർ മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ടെന്ന് ബിജെപി നേതാവ് ബിഎസ് യെഡിയൂരപ്പ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ കാര്യക്ഷമതയില്ലായ്മയും ഉത്തരവാദിത്തമില്ലായ്മയുമാണ് അപകടത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.

‘എന്തുകൊണ്ടാണ് പരിപാടിക്ക് അനുമതി നൽകിയത്? മുന്നറിയിപ്പ് ഉണ്ടായിട്ടും ശരിയായ മുൻകരുതലുകൾ എന്തുകൊണ്ട് എടുത്തില്ല? ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും ഉടൻ സ്വീകരിക്കണം. സന്തോഷം നിറഞ്ഞ ആഘോഷങ്ങൾക്കുമേൽ ദുഃഖത്തിന്റെ നിഴൽ വീണു’, യെഡിയൂരപ്പ പറഞ്ഞു. അതേസമയം അപകടത്തിനിടയിലും ആഘോഷം നടന്നുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: