
പാലക്കാട്: കൊടുന്തരപ്പുള്ളിയില്‍ കാപ്പാക്കേസ് പ്രതിയായ മകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അച്ഛന്‍ പിടിയില്‍. മദ്യപിച്ച് ബഹളമുണ്ടാക്കിയ മകന്‍ സിജിലിനെ (33) അച്ഛന്‍ ശിവന്‍കുട്ടി കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിന് ശേഷം ഒളിവില്‍ പോയ അച്ഛന്‍ ശിവന്‍കുട്ടിയെ രാത്രി പത്തോടെ പോലീസ് പിടികൂടി. തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് അച്ഛനും മകനും തമ്മില്‍ പ്രശ്നം തുടങ്ങിയത്. ഏഴരയോടെയാണ് ശിവന്‍കുട്ടി മകനെ കൊലപ്പെടുത്തിയത്. കത്തി ഉപയോഗിച്ചാണ് വെട്ടിയത്. സിജിലിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സിജിലിന്റെ പേരില്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 21-ലധികം കേസുകളുണ്ടെന്നും ഇയാള്‍ പതിവായി മദ്യപിച്ച് വഴക്കുണ്ടാക്കാറുണ്ടെന്നും പോലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകീട്ടും വീട്ടില്‍ വഴക്കുണ്ടാക്കി. പിന്നീട് ശിവനുമായി തര്‍ക്കവും ഉന്തും തള്ളും നടന്നു. ഇതിനിടെയാണ് സിജിലിന്റെ കഴുത്തില്‍ മുറിവേറ്റത്. പിടിവലിക്കിടെ സിജിലിന്റെ തൊണ്ടയുടെ ഭാഗത്തും പുറത്തും മുറിവേറ്റിട്ടുണ്ട്.

വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന കൊടുവാള്‍ കൊണ്ടാണ് പരിക്കേറ്റതെന്നാണ് വിവരം. മുറിവേറ്റ് ഇറങ്ങിയോടിയ സിജിലിനെ ഇതുവഴി ബൈക്കിലെത്തിയ പരിചയക്കാര്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി എട്ടരയോടെ മരിച്ചു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തു.