
കാസര്‍കോട്: 2023 മുതലുള്ള ഗതാഗത നിയമലംഘന നോട്ടീസുകള്‍ ഒന്നിച്ചയച്ച് മോട്ടോര്‍ വാഹന വകുപ്പ്. കാസര്‍കോട്ട് മുന്നൂറോളം പേര്‍ക്കാണ് രണ്ടുവര്‍ഷത്തെ പിഴ അടയ്ക്കാനുള്ള നോട്ടീസ് ഒന്നിച്ച് ലഭിച്ചത്. ചിലര്‍ക്ക് ഒരുലക്ഷത്തിന് മുകളിലാണ് പിഴ ലഭിച്ചത്. കുമ്പള-ബദിയടുക്ക റോഡില്‍ കുമ്പള ടൗണിന് സമീപം സ്ഥാപിച്ചിരിക്കുന്ന ക്യാമറയാണ് നാട്ടുകാര്‍ക്ക് പണി കൊടുത്തത്.
2023ലാണ് ഇവിടെ ക്യാമറ സ്ഥാപിച്ചത്. എന്നാല്‍ ഇതുവരെ ആര്‍ക്കും പിഴ ലഭിച്ചിരുന്നില്ല. ക്യാമറ പ്രവര്‍ത്തിക്കുന്നില്ലെന്ന നിഗമനത്തിലായിരുന്നു പ്രദേശവാസികള്‍. ഇത് വിശ്വസിച്ച് നിയമലംഘനം നടത്തിയവര്‍ക്കാണ് വന്‍ പണി ലഭിച്ചിരിക്കുന്നത്.

ഗതാഗത നിയമലംഘനം കണ്ടെത്തിയാല്‍ ചുരുങ്ങിയത് 15 ദിവസത്തിനുള്ളില്‍ ചെല്ലാന്‍ അയയ്ക്കണമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ളത്. 2023ല്‍ സമാന വിഷയത്തില്‍ മോട്ടോര്‍ വാഹന വകുപ്പിനെതിനെ കേരള ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു.