Breaking NewsBusinessLead NewsNEWSPravasiWorld

ഇറാനും അമേരിക്കയും തൊടുക്കുന്ന റോക്കെറ്റൊക്കെ എന്ത്? അതിലും വേ​ഗത്തിലാ വിമാന ടിക്കറ്റ് നിരക്കിന്റെ കുതിപ്പ്!! യുഎഇയിൽ നിന്ന് കേരളത്തിലെത്താൻ എയർഇന്ത്യയ്ക്ക് 45,000, ഇൻഡിഗോയ്ക്കായാൽ അരലക്ഷത്തിനടുത്ത്, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് റാസൽഖൈമയിൽ നിന്ന് കുറഞ്ഞ ടിക്കറ്റ് നിരക്ക് 50,000 ത്തിന് മുകളിൽ മാത്രം

ദുബായ്: യുദ്ധകാലത്തെ പ്രത്യേക സർവീസ് വിമാനക്കമ്പനികൾക്ക് ചാകരക്കാലം. യുദ്ധം തുടങ്ങിയതോടെ ഈടാക്കുന്നത് സാധാരണയേക്കാൾ മൂന്നിരട്ടി തുക. അവധിക്കാലത്ത് പ്രവാസികളുടെ നാട്ടിലേക്കുള്ള യാത്രയ്ക്ക് സാധാരണയായി വിമാനക്കമ്പനികൾ ഈടാക്കുന്നത് താങ്ങാൻ കഴിയാത്ത നിരക്കാണെങ്കിലും അതുക്കും മേലെയാണ് പശ്ചിമേഷ്യയിൽ യുദ്ധകാലത്ത് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കൂട്ടിയത്. എല്ലാ കാലത്തും വിമാനടിക്കറ്റ് നിരക്ക് സങ്കീർണമായൊരു പ്രശ്‌നം തന്നെയാണ്. നിലവിൽ പതിവ് സർവീസുകളില്ല.

ഇത്തിഹാദ്, ഇൻഡിഗോ, എമിറേറ്റ്‌സ്, ഫ്ലൈ ദുബായ്, എയർ അറേബ്യ, എയർഇന്ത്യ എക്‌സ്പ്രസ് എന്നീ വിമാനങ്ങൾ കേരളത്തിലേക്കും തിരിച്ചും പ്രത്യേക സർവീസ് നടത്തുന്നുണ്ട്. പ്രത്യേക സർവ്വീസിൽ ഇപ്പോൾ യുഎഇയിൽ നിന്ന് കേരളത്തിലെത്താൻ 40,000 രൂപയാണ് ശരാശരി നിരക്ക്. എന്നാൽ എമിറേറ്റ്‌സിൽ 2500 ദിർഹം, എയർഇന്ത്യ എക്‌സ്പ്രസിൽ 1800 ദിർഹം, ഇൻഡിഗോ 1900 എന്നിങ്ങനെയാണ് ശരാശരി നിരക്ക് വരുന്നത്.

Signature-ad

ജനുവരിയിലെ തണുപ്പ് കഴിഞ്ഞാൽ പൊതുവെ ടിക്കറ്റ് നിരക്ക് കുറഞ്ഞുവരികയാണ് പതിവ്. ആ കണക്കുകൂട്ടലിൽ ഓഫ് സീസണിൽ അവധി തെരഞ്ഞെടുത്ത് നാട്ടിൽ പോകുന്ന സാധാരണക്കാർക്ക് കിട്ടിയ അപ്രതീക്ഷിത തിരിച്ചടിയാണ് കൂടിയ ടിക്കറ്റ് നിരക്ക്. അതുപോലെ സ്വകാര്യ ട്രാവൽ കമ്പനികൾ പ്രത്യേക വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് റാസൽഖൈമയിൽ നിന്നാണ് കൂടുതൽ സർവീസ്. ഇതിൽ 2000 ദിർഹത്തിൽ കുറഞ്ഞ ടിക്കറ്റ് കിട്ടാനില്ല എന്നതാണ് യുദ്ധകാലത്തെ സ്ഥിതി.

ഇനി ടിക്കറ്റ് കിട്ടിയാലും യുദ്ധ സാഹചര്യത്തിൽ വിമാനം കൃത്യ സമയത്ത് യാത്ര തുടങ്ങുമോ എന്നതാണ് മറ്റൊരാശങ്ക. ടിക്കറ്റുള്ള യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടും മുൻപ് വിമാന കമ്പനി അധികൃതരെ ബന്ധപ്പെട്ട് സർവീസുണ്ടെന്ന് ഉറപ്പാക്കണമെന്ന് യുദ്ധത്തിന്റെ ആദ്യ ദിവസം മുതൽ നിർദേശം ഉണ്ടായിരുന്നു.

അതേസമയം പെരുന്നാൾ നാട്ടിൽ ആഘോഷിക്കാനിരുന്നവരെയാണ് ടിക്കറ്റ് നിരക്ക് വർദ്ധന കൂടുതലും വലയ്ക്കുന്നത്. റംസാന്റെ അവസാന വാരത്തിലാണ് ഇവരുടെ യാത്ര. എന്നാൽ കൂടിയ വിമാനടിക്കറ്റ് നിരക്കും സർവീസുകൾ കൃത്യമായി ഉണ്ടാകുമോ എന്ന ആശങ്കയും കാരണം ഇക്കൂട്ടർക്കും ഇത്തവണത്തെ നാട്ടിൽ പോക്ക് പ്രയാസകരമാണ്. യുദ്ധം ഉടനെ അവസാനിച്ചാലും വിമാന ടിക്കറ്റ് നിരക്ക് ഉയർന്ന് തന്നെ നിൽക്കാനാണ് സാധ്യത. യുദ്ധ സമയത്തെ സർവീസുകൾ റദ്ദാക്കിയതിന്റെയും താളം തെറ്റിയതിന്റെയും നഷ്ടം വിമാന കമ്പനികൾ യാത്രക്കാരിൽ നിന്ന് ഈടാക്കുകതന്നെ ചെയ്യും എന്നതാണ് കാരണം. ജൂൺ അവസാനം സ്‌കൂളുകൾക്ക് മധ്യവേനൽ അവധിയാണ്. അതിന്റെ ബുക്കിങ്ങുകൾ ഇപ്പോഴേ തുടങ്ങിയതിനാൽ നിരക്ക് കൂടി തന്നെ നിൽക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: