
കുവൈത്ത് സിറ്റി: കുവൈത്തില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കുവൈത്ത് ഫയര്‍ ബ്രിഗേഡിനെ ഉദ്ധരിച്ച് പെനിന്‍സുലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റിഗ്ഗ മേഖലയിലെ രണ്ട് അപ്പാര്‍ട്ടുമെന്റുകളിലാണ് തീപിടിത്തമുണ്ടായത്.
തലസ്ഥാന നഗരത്തില്‍നിന്നും പത്ത് കിലോ മീറ്റര്‍ അകലെയാണ് സംഭവമെന്ന് ഫയര്‍ ഫോഴ്‌സ് വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അല്‍ഗരീബ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോടെ പറഞ്ഞു. മൂന്ന് മൃതദേഹങ്ങള്‍ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തി, രണ്ട് പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ എത്തിയപ്പോഴേക്ക് മരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൊള്ളലുകളുടെ തീവ്രത കാരണം മരണസംഖ്യ ഉയര്‍ന്നേക്കാന്‍ സാദ്ധ്യതയുണ്ട്. സംഭവത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രവാസികള്‍ താമസിച്ച അപ്പാര്‍ട്ട്മെന്റിലാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
കഴിഞ്ഞ വര്‍ഷം ജൂണില്‍ കുവൈത്തിലുണ്ടായ തീപിടിത്തത്തില്‍ മലയാളികളടക്കം 41 പേര്‍ മരിച്ചിരുന്നു. തെക്കന്‍ കുവൈത്തിലെ മംഗഫ് നഗരത്തിലെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.