
പത്തനംതിട്ട: വിവാഹ ആലോചനയുമായി എത്തിയ യുവാവിനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസ്. പന്തളം തോന്നല്ലൂര്‍ സ്വദേശിനി ദേവിക ആര്‍ നായര്‍ (26), അമ്മ എംഎസ് ശ്രീലേഖ (47) എന്നിവര്‍ക്കെതിരെയാണ് പന്തളം പൊലീസ് കേസെടുത്തത്. തിരുവനന്തപുരം സ്വദേശിനിയുടെ പരാതിയിലാണ് കേസ്. ഇവരുടെ സഹോദരിയുടെ മകനെയാണ് പ്രതികള്‍ കബളിപ്പിക്കാന്‍ ശ്രമിച്ചത്.
ദേവികയെ വിവാഹ പരസ്യത്തിലൂടെയാണ് യുവാവ് പരിചയപ്പെടുന്നത്. പിന്നീട് വിവാഹ ആലോചനയിലേക്ക് കടന്നു. യുവാവുമായും വീട്ടുകാരുമായും ദേവിക അടുത്ത ബന്ധത്തിലായിരുന്നു. അമ്മയ്ക്ക് അര്‍ബുദമാണെന്നാണ് ദേവിക എല്ലാവരോടും പറഞ്ഞത്. അമ്മയുടെ ചികിത്സയ്ക്ക് വേണ്ടി ആശുപത്രിയില്‍ കെട്ടിവയ്ക്കാനെന്ന് പറഞ്ഞ് 1,76,500 രൂപ യുവാവില്‍ നിന്ന് തട്ടിയെടുത്തു. പല തവണകളായാണ് പണം തട്ടിയത്. പിന്നീട് 57,550 രൂപ ബാങ്ക് അക്കൗണ്ട് വഴി തിരികെ നല്‍കി. ബാക്കി 1,18,950 രൂപ തിരിച്ചു നല്‍കിയില്ലെന്ന് പരാതിയില്‍ പറയുന്നു.

ഇതിന് ശേഷമാണ് ദേവിക മുമ്പ് വിവാഹിതയായിരുന്നുവെന്നും യുവാവ് അറിയുന്നത്. കൂടാതെ ഒരു കുട്ടിയുടെ അമ്മയാണെന്നും മനസിലായി. തന്നെ കബളിപ്പിച്ചതാണെന്ന് ബോദ്ധ്യമായതോടെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. ജനുവരി ഒന്നിനും മേയ് 29നും ഇടയിലാണ് തട്ടിപ്പ് നടന്നതെന്നും പരാതിയില്‍ പറയുന്നു.