
കൊല്‍ക്കത്ത: സഹോദരഭാര്യയെ കൊലപ്പെടുത്തിയശേഷം അറുത്തെടുത്ത തലയുമായി തെരുവിലൂടെ കറങ്ങിനടന്നു. പശ്ചിമബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബസന്തില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. ബിമല്‍ മൊണ്ടല്‍ എന്നയാളാണ് കൊടുംക്രൂരത ചെയ്തത്. സതി മൊണ്ടല്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇരയും പ്രതിയും തമ്മില്‍ കുറച്ചുനാളായി കുടുംബപരമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് വഴക്കായിരുന്നു. കഴുത്തറുത്തുകൊല്ലുമെന്ന് പ്രതി പലതവണ പരസ്യമായി ഭീഷണിമുഴക്കുകയും ചെയ്തിരുന്നു. കൊലപാതകത്തിനുശേഷം മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് തലയറുത്തെടുത്തശേഷം ചോരയൊലിക്കുന്ന തലയും രക്തക്കറപുരണ്ട കത്തിയുമായി തെരുവിലൂടെ അല്പസമയം നടന്നു. ഇത്രയും വര്‍ഷമായി തന്നോട് ചെയ്ത അനീതിക്ക് പകരം വീട്ടിയെന്ന് ബിമല്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. സംഭവം കണ്ട് നാട്ടുകാരും വഴിപോക്കരും സ്ഥലത്തെത്തിയെങ്കിലും പ്രതിയെ ആരും തടഞ്ഞില്ല. ചിലര്‍ ദൃശ്യം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.

കുറച്ചുകഴിഞ്ഞാണ് ബിമല്‍ പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്. ഇയാളുടെ വരവുകണ്ട് പൊലീസുകാര്‍പോലും ഞെട്ടിപ്പോയെന്നാണ് റിപ്പോര്‍ട്ട്. കൊലപാതകം സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തമായ ഉത്തരം നല്‍കാനും ബിമല്‍ മറന്നില്ല. കൊടുംക്രൂരത നേരിട്ടുകണ്ടതിന്റെ ഞെട്ടലില്‍ നിന്ന് ഗ്രാമവാസികള്‍ ഇതുവരെ മുക്തരായിട്ടില്ല. ബിമലും സതിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്ന് അറിയാം. എന്നാല്‍ ഇത്രയും ക്രൂരമായി പ്രതികാരം ചെയ്യുമെന്ന് തങ്ങളാരും കരുതിയില്ലെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ബന്ധുക്കള്‍ ആരും തയ്യാറായിട്ടില്ല.