CrimeNEWS

‘അതിഥികളുമായി ലൈംഗിക ബന്ധത്തിന് അങ്കിതയെ നിര്‍ബന്ധിച്ചു, വിസമ്മതിച്ചപ്പോള്‍ കൊന്ന് കനാലില്‍ ഇട്ടു’

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരി (19) കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ കിട്ടാന്‍ പോരാട്ടം തുടരുമെന്ന് അങ്കിതയുടെ മാതാപിതാക്കള്‍. കേസില്‍ റിസോര്‍ട്ട് ഉടമയും രണ്ടു ജീവനക്കാരും ഉള്‍പ്പെടെ മൂന്നു പ്രതികളെ വെള്ളിയാഴ്ച കോട്വാറിലെ അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. ഉത്തരാഖണ്ഡിലെ പൗരി ജില്ലയിലെ യാങ്കേശ്വറില്‍ സ്ഥിതി ചെയ്യുന്ന വനന്ത്ര റിസോര്‍ട്ട് ഉടമ പുള്‍കിത് ആര്യ, മാനേജര്‍ സൗരഭ് ഭാസ്‌കര്‍, അസി. മാനേജര്‍ അങ്കിത് ഗുപ്ത എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. കീഴ്ക്കോടതിയുടെ വിധിയില്‍ തൃപ്തയല്ലെന്നും എന്നാല്‍ മകളുടെ ആത്മാവിന് അല്‍പം ശാന്തി ലഭിച്ചിട്ടുണ്ടാകുമെന്നും അമ്മ സോണി ദേവി പറഞ്ഞു. ”കൊലയാളികള്‍ക്ക് വധശിക്ഷ ലഭിക്കുന്നതിന് ഇനിയും വലിയൊരു പോരാട്ടം നടത്തേണ്ടതുണ്ട്. മറ്റാരുടെയെങ്കിലും മകളോട് ഇത് ചെയ്യുന്നതിനു മുന്‍പ് ആളുകള്‍ ആയിരം തവണ ചിന്തിക്കും” സോണി ദേവി പറഞ്ഞു.

2022 സെപ്റ്റംബര്‍ 18നു കാണാതായ അങ്കിതയുടെ മൃതദേഹം ഋഷികേശിനു സമീപം ചീല കനാലില്‍നിന്നു കണ്ടെടുത്തുകയായിരുന്നു. ബിജെപി നേതാവ് വിനോദ് ആര്യയുടെ മകന്‍ പുള്‍കിത് ആര്യയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായിരുന്നു അങ്കിത. 2022 ഓഗസ്റ്റിലാണ് അങ്കിത ഇവിടെ ജോലിക്കു കയറിയത്. സെപ്റ്റംബര്‍ 18ന് രാത്രി, അങ്കിതയും പ്രതികളും തമ്മില്‍ തര്‍ക്കം ഉണ്ടായതായി പൊലീസ് പറയുന്നു. ഇതിനുപിന്നാലെ അങ്കിതയെ ഒരു വാഹനത്തില്‍ കയറ്റിക്കൊണ്ടു പോകുകയും ബലപ്രയോഗത്തിനു ശേഷം ചീല കനാലില്‍ തള്ളുകയുമായിരുന്നു. ഇതിനുശേഷം ഇവര്‍ റിസോര്‍ട്ടില്‍ മടങ്ങിയെത്തുകയും അങ്കിതയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ മൂന്നു ദിവസത്തിനു ശേഷമാണ് അന്വേഷണം ആരംഭിച്ചത്. അതും മാതാപിതാക്കളുടെയും നാട്ടുകാരുടെ കനത്ത പ്രതിഷേധത്തിനൊടുവില്‍.

Signature-ad

സുഹൃത്തായ പുഷ്പ് ആണ് അങ്കിതയെ കാണാതായ വിവരം ആദ്യം പുറത്തറിയിക്കുന്നത്. 18ന് രാത്രി അങ്കിത തന്നെ വിളിച്ചിരുന്നെന്നും അതിഥികള്‍ക്കു ചില ‘പ്രത്യേക സേവനങ്ങള്‍’ ചെയ്യാന്‍ റിസോര്‍ട്ട് മാനേജ്‌മെന്റ് നിര്‍ബന്ധിക്കുന്നതായും തന്നോട് പറഞ്ഞെന്നും പുഷ്പ് പറഞ്ഞു. രാത്രി എട്ടരയ്ക്കു ശേഷം ഫോണ്‍ ഓഫായി. പുള്‍കിത് ആര്യയെ വിളിച്ചപ്പോള്‍ അങ്കിത മുറിയിലേക്കു പോയി എന്നാണ് പറഞ്ഞത്. പിറ്റേന്നു രാവിലെ വിളിച്ചപ്പോഴും ഫോണ്‍ ഓഫായിരുന്നു. അങ്കിത ജിമ്മില്‍ പോയി എന്നാണ് മാനേജര്‍ പറഞ്ഞത്. പിന്നാലെയാണ് വിവരം കുടുംബത്തെ അറിയിച്ചതും അവര്‍ പൊലീസിനെ സമീപിച്ചതും. പുഷ്പിന്റെ ഈ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്.

സെപ്റ്റംബര്‍ 24ന്, കാണാതായി ആറു ദിവസങ്ങള്‍ക്കു ശേഷമാണ് ചീല കനാലില്‍ നിന്ന് അങ്കിതയുടെ മൃതദേഹം കണ്ടെടുത്തത്. പോസ്റ്റ്മോര്‍ട്ടത്തില്‍ മരണകാരണം മുങ്ങിമരണമാണെന്നു സ്ഥിരീകരിച്ചിരുന്നു. ഋഷികേശ് എയിംസിലെ നാലംഗ സംഘമാണു പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. അങ്കിതയുടെ ശരീരത്തില്‍ മരണത്തിനു മുന്‍പുള്ള മുറിവുകള്‍ കാണപ്പെട്ടതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മരണത്തിനു മുന്‍പ് ബലപ്രയോഗം നടന്നതിന്റെ സൂചനകളുമുണ്ടായിരുന്നു. ലൈംഗികപീഡനം നടന്നിട്ടില്ലെന്നായിരുന്നു പരിശോധനാ ഫലം. പൊതുജന രോഷം ആളിക്കത്തിയാതതോടെയാണ് പുള്‍കിത് ആര്യയെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്തത്. നാട്ടുകാര്‍ റിസോര്‍ട്ട് അടിച്ചു തകര്‍ക്കുകയും തീയിടുകയും ചെയ്തു. പിന്നീട് സര്‍ക്കാര്‍ തന്നെ റിസോര്‍ട്ട് ഇടിച്ചുനിരത്തി.

90 ദിവസത്തിനുള്ളില്‍ പൊലീസ് 500 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. റിസോര്‍ട്ട് ജീവനക്കാര്‍, ഡിജിറ്റല്‍ ഫൊറന്‍സിക് വിദഗ്ധര്‍, അങ്കിതയുടെ സുഹൃത്തുക്കള്‍ എന്നിവരുള്‍പ്പെടെ നൂറിലധികം പേരെ ചോദ്യം ചെയ്തു. ഇതില്‍ 47 പേരെ കോടതിയില്‍ ഹാജരാക്കി. റിസോര്‍ട്ടിലെ വിഐപി അതിഥികള്‍ക്കു ലൈംഗിക സേവനത്തിനു വിസമ്മതിച്ചതിനാലാണ് അങ്കിതയെ കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു, ചാറ്റുകള്‍, ഓഡിയോ റെക്കോര്‍ഡിങ്ങുകള്‍, സാക്ഷി മൊഴികള്‍ എന്നിവ ഇതിനു തെളിവാണ്. ഈ മാസം 19നാണ് അന്തിമവാദം പൂര്‍ത്തിയായത്. 30നു വിധി പുറപ്പെടുവിച്ചു.

Back to top button
error: