
ആലപ്പുഴ: കരുവാറ്റ റെയില്‍വേ സ്റ്റേഷനില്‍ യുവാവും സ്‌കൂള്‍ വിദ്യാര്‍ഥിനിയും ട്രെയിന്‍ ഇടിച്ചു മരിച്ചു. ചെറുതന കണ്ണോലില്‍ കോളനിയില്‍ മുരളീധരന്‍ നായര്‍ -അംബിക ദമ്പതികളുടെ മകന്‍ ശ്രീജിത്ത് (38), ഹരിപ്പാട് നടുവട്ടം കാട്ടില്‍ചിറയില്‍ രവീന്ദ്രന്‍ നായര്‍ -വിമല ദമ്പതികളുടെ മകള്‍ ദേവിക (17) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാവിലെ 11.30ന് കൊച്ചുവേളി അമൃത്സര്‍ എക്‌സ്പ്രസ് ട്രെയിനിനു മുന്നില്‍ ചാടി ഇരുവരും ജീവനൊടുക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ബൈക്കില്‍ ദേശീയപാത വഴി റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഇരുവരും പ്ലാറ്റ് ഫോമിന്റെ വടക്കുഭാഗത്ത് അരമണിക്കൂറോളം സംസാരിച്ചു നില്‍ക്കുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. ട്രെയിന്‍ വരുന്ന ശബ്ദംകേട്ട് ഇരുവരും ഒന്നാം നമ്പര്‍ ഫ്‌ലാറ്റ്‌ഫോമില്‍ കയറി നില്‍ക്കുന്നത് സമീപമുള്ള ഗേറ്റ് കീപ്പര്‍ ശ്രദ്ധിച്ചു.

കരുവാറ്റയില്‍ സ്റ്റോപ് ഇല്ലാത്ത ട്രെയിനായതിനാല്‍ വേഗത്തില്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക് കടന്നു. ഇതോടെ ഇരുവരും ചെരിപ്പ് അഴിച്ചു വയ്ക്കുന്നത് കണ്ട ഗേറ്റ് കീപ്പര്‍ ചാടരുത് എന്ന് ഉറക്കെ വിളിച്ച് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ട്രെയിന്‍ അടുത്ത് വന്നതോടെ ഇരുവരും ഒന്നിച്ച് ട്രെയിനിനു മുന്നിലേക്ക് ചാടുകയായിരുന്നു. ഷാംപൂ വാങ്ങാന്‍ കടയില്‍ പോകുകയാണ് എന്നു പറഞ്ഞാണ് ദേവിക രാവിലെ വീട്ടില്‍ നിന്നു പോയത്.
ആലപ്പുഴയിൽ 17 കാരിയും 38 കാരനും ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു
ദേവിക ഹരിപ്പാട് ഗവ. ബോയ്‌സ് എച്ച്എസ്എസില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. ശ്രീജിത്തിന്റെ ഭാര്യ രാഖിയുടെ വീടിനു സമീപമാണ് ദേവികയുടെ വീട്. ശ്രീജിത്തുമായുള്ള അടുപ്പത്തില്‍നിന്നു ദേവികയെ പിന്തിരിപ്പിക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇരുവരുടെയും മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. ദേവികയുടെ സംസ്‌കാരം ഇന്ന് 4ന് നടക്കും. സഹോദരന്‍: വൈശാഖ്. ശ്രീജിത്തിന്റെ സംസ്‌കാരം ഇന്ന് 3ന്.