നിലമ്പൂരില്‍ പി.വി അന്‍വര്‍ മത്സരിക്കും; നിര്‍ണായക തീരുമാനവുമായി തൃണമൂല്‍

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി.വി അന്‍വര്‍ മത്സരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. ഇനി യുഡിഎഫിന്റെ ഭാഗമാകാന്‍ കഴിയുമെന്ന പ്രതീക്ഷയില്ലെന്ന് ടിഎംസി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഇ.എ സുകു പറഞ്ഞു.
‘കോണ്‍ഗ്രസ് ഞങ്ങളെ അപമാനിച്ചു. ഇനിയും ഞങ്ങളെ മുന്നണിയില്‍ എടുക്കുമോ എന്ന് ചോദിച്ച് വാതില്‍ മുട്ടി നടക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗൊക്കെ തൃണമൂല്‍കോണ്‍ഗ്രസ് യുഡിഎഫിന്റെ ഭാഗമാകണമെന്ന് ആഗ്രഹിക്കുന്ന പാര്‍ട്ടിയാണ്.എന്നാല്‍ കോണ്‍ഗ്രസ് അതിനെ വാതിലടക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.. ഈ സാഹചര്യത്തില്‍ അങ്ങോട്ട് ചെന്ന് വാതില്‍ മുട്ടേണ്ട എന്ന തീരുമാനമാണ് തൃണമൂലെടുക്കുന്നത്. അഞ്ചുമാസമായി നിരുപാധികമായ പിന്തുണയാണ് നല്‍കിയത്. എന്നാല്‍ അതൊന്നും പരിഗണിക്കിച്ചില്ല. മത്സരം എന്നുപറയുമ്പോള്‍ കടുത്ത മത്സരമായിരിക്കണം.ആര് ജയിക്കണം ആര് തോല്‍ക്കണം എന്നതില്ല,പ്രസക്തി. അന്‍വറിന് കിട്ടുന്ന ഓരോ വോട്ടും പിണറായിസത്തിനെതിരെയുള്ള വോട്ടാണ്’. സുകു പറഞ്ഞു.

അതേസമയം, മുന്നണി സഹകരണ കാര്യത്തില്‍ പി.വി അന്‍വര്‍ തീരുമാനമെടുക്കട്ടെയെന്ന നിലപാടിലാണ് യുഡിഎഫ്. കോണ്‍ഗ്രസ്, ലീഗ് ഉള്‍പ്പെടെ നേതാക്കള്‍ ഇനി അന്‍വറുമായി സംസാരിക്കില്ല. അന്‍വര്‍ എടുക്കുന്ന തീരുമാനമനുസരിച്ച് പ്രതികരിച്ചാല്‍ മതിയെന്നും നേതാക്കള്‍ തമ്മില്‍ ധാരണയായി. സ്ഥിരതയുള്ള നിലപാടിലേക്ക് അന്‍വര്‍ വരുന്നില്ലെന്നാണ് ലീഗ് അടക്കം വിലയിരുത്തുന്നത്.