
മുംബൈ: നിയന്ത്രണ രേഖ കടന്ന് പാക്കിസ്ഥാനിലേക്ക് പോയ നാഗ്പുര്‍ സ്വദേശിനി സുനിത ജാംഗഡെയെ (43) പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറി. ശനിയാഴ്ചയാണ് ഇവരെ പാക്ക് ഉദ്യോഗസ്ഥര്‍ ബിഎസ്എഫിനു കൈമാറിയത്. തുടര്‍ന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ സുനിതയെ അമൃത്സര്‍ പൊലീസിനെ ഏല്‍പിച്ചു. ഇവരെ കസ്റ്റഡിയിലെടുക്കാന്‍ നാഗ്പുരില്‍ നിന്നും പൊലീസ് സംഘം പുറപ്പെട്ടിട്ടുണ്ട്.
സുനിതയെ തിരികെ കൊണ്ടുവരാനായി 2 വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 3 പേര്‍ പുറപ്പെട്ടതായി ഡപ്യൂട്ടി കമ്മിഷണര്‍ നികേതന്‍ കദം പറഞ്ഞു. നാഗ്പുര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തശേഷം സുനിതയെ വിശദമായി ചോദ്യം ചെയ്യുമെന്നും ചാരവൃത്തിയിലോ മറ്റെന്തെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലോ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന് വിശദമായി അന്വേഷിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. അമൃത്സര്‍ പൊലീസ് സീറോ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുവതിയെ സ്വദേശത്ത് തിരിച്ചെത്തിച്ചാലുടന്‍ കേസ് അവിടുത്തെ സ്റ്റേഷനിലേക്കു മാറ്റുമെന്നും നികേതന്‍ കദം കൂട്ടിച്ചേര്‍ത്തു.

മേയ് 14നാണ് അതിര്‍ത്തി കടന്നതെങ്കിലും മേയ് 4ന് സുനിത വീടുവിട്ടിറങ്ങിയെന്നാണു വിവരം. 13 വയസ്സുള്ള മകനൊപ്പം കാര്‍ഗിലില്‍ എത്തിയ സുനിത, ഇന്ത്യന്‍ സൈന്യത്തിന്റെ കണ്ണു വെട്ടിച്ച് നിയന്ത്രണരേഖ കടക്കുകയായിരുന്നു. മടങ്ങിവരാമെന്നും ഇവിടെ തന്നെ കാത്തുനില്‍ക്കണമെന്നും മകനോട് പറഞ്ഞശേഷമാണ് സുനിത പോയത്. നിയന്ത്രണരേഖയ്ക്ക് അടുത്ത് കുട്ടിയെ ഒറ്റയ്ക്ക് കണ്ടതോടെ ഗ്രാമവാസികള്‍ ലഡാക്ക് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കുട്ടി പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കുട്ടി നിലവില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സിഡബ്ല്യുസി)യുടെ സംരംക്ഷണത്തിലാണുള്ളത്. വൈകാതെ കുട്ടിയെയും നാഗ്പുരിലേക്ക് തിരികെ കൊണ്ടുവരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നോര്‍ത്ത് നാഗ്പുരിലെ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന സുനിത, ഇതിനു മുന്‍പു രണ്ടു തവണ പാക്കിസ്ഥാനിലേക്ക് പോകാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും അട്ടാരി അതിര്‍ത്തിയില്‍വച്ച് മടക്കി അയയ്ക്കുകയായിരുന്നു. ഓണ്‍ലൈനിലൂടെ പരിചയപ്പെട്ടയാളെ കാണാനാണ് ഇവര്‍ അതിര്‍ത്തി കടന്നതെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.