
ലണ്ടന്‍: ആള്‍ക്കൂട്ടത്തിലേക്ക് കാറോടിച്ചു കയറ്റിയ സംഭവത്തില്‍ 27പേര്‍ക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്‍ഷിപ്പ് കരസ്ഥമാക്കിയ ലിവര്‍പൂള്‍ ഫുട്‌ബോള്‍ ടീം അംഗങ്ങളോടൊപ്പം ആരാധകര്‍ വിജയാഘോഷം നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് ലിവര്‍പ്പൂള്‍ മേഖലയിലെ താമസക്കാരനായ മധ്യവയസ്‌ക്കനെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാളാണ് കാര്‍ ഓടിച്ചിരുന്നത്.
പരിക്കേറ്റവരില്‍ നാലു പേര്‍ കുട്ടികളാണെന്ന് ആംബുലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലിവര്‍പൂള്‍ ടീം സഞ്ചരിച്ച ബസ് കടന്നുപോയി ഏകദേശം 10 മിനിട്ടുകള്‍ക്ക് ശേഷമാണ് അക്രമി കാര്‍ ഓടിച്ചു കയറ്റിയതെന്ന് ബിബിസി റിപ്പോര്‍ട്ട്‌ചെയ്തു. വളരെ പേടിപ്പെടുത്ത രംഗങ്ങളാണ് ലിവര്‍പൂളില്‍ പാരാമെഡിക്കല്‍ സംഘവും പൊലീസും സാക്ഷ്യം വഹിച്ചതെന്ന് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചു. തീവ്രവാദവുമായി ബന്ധപ്പെട്ട ആക്രമണമാണോയെന്ന് പൊലീസിന് സംശയമുണ്ട്.