CrimeNEWS

വി.എസിനെയും വെറുതേവിട്ടില്ല! പ്രാണനും കൊണ്ട് അച്ഛന്‍ ബന്ധുവീട്ടില്‍ അഭയം തേടി; അമ്മയെ ചവിട്ടിക്കൊന്ന മണികണ്ഠന്‍ സ്ഥിരം അക്രമി

തിരുവനന്തപുരം: കിടപ്പുരോഗിയായ അമ്മയെ കട്ടിലില്‍ നിന്നു വലിച്ചു നിലത്തിട്ട് ചവിട്ടിക്കൊന്ന കേസില്‍ അറസ്റ്റിലായ വെമ്പായം തേക്കട ഭൂതത്താന്‍കുഴി പുത്തന്‍വീട്ടില്‍ മണികണ്ഠന്‍ (46) മദ്യപിച്ച് പതിവായി വീട്ടിലും നാട്ടിലും അക്രമങ്ങള്‍ നടത്തുന്നയാള്‍. അമ്മ ഓമനയമ്മയാണ് (75) കേസുകളില്‍നിന്ന് രക്ഷപ്പെടുത്തിയിരുന്നത്. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ വധിക്കുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയതിന് മണികണ്ഠനെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മകന് മാനസിക പ്രശ്‌നമുണ്ടെന്ന് പറഞ്ഞ് ഓമനയമ്മയാണ് അന്ന് കേസില്‍ നിന്നു രക്ഷപ്പെടുത്തിയത്.

സഹോദരി അനിതകുമാരിയുടെ കണ്‍മുന്നിലായിരുന്നു കൊലപാതകം. മണികണ്ഠന്റെ മര്‍ദനത്തില്‍ ഓമനയമ്മയുടെ കൈകാലുകള്‍ ഒടിഞ്ഞു. ആറുമാസം മുന്‍പ് മണികണ്ഠന്‍ തള്ളിവീഴ്ത്തി തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ പിതാവ് തങ്കപ്പന്‍പിള്ള ജീവഭയം കൊണ്ട് സഹോദരിയുടെ മകളുടെ വീട്ടിലായിരുന്നു താമസം. പണയത്തിലായ ബൈക്ക് തിരിച്ചെടുക്കാന്‍ പണം ആവശ്യപ്പെട്ട് മണികണ്ഠന്‍ ഓമനയമ്മയെ അസഭ്യം പറഞ്ഞാണ് തുടക്കം. തുടര്‍ന്ന് കട്ടിലില്‍ നിന്നു ചവിട്ടി നിലത്തിട്ട് അതിക്രൂരമായി മര്‍ദിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ അനിതകുമാരി തള്ളി മാറ്റിയെങ്കിലും മണികണ്ഠന്‍ മര്‍ദനം തുടര്‍ന്നു. ബഹളം പതിവായതിനാല്‍ അയല്‍വാസികളാരും ആദ്യം എത്തിയില്ല. രക്തം വാര്‍ന്നു കിടന്ന ഓമനയമ്മയെ മണികണ്ഠന്‍ സ്ഥലം വിട്ട് രണ്ടുമണിക്കൂര്‍ കഴിഞ്ഞാണ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനായത്. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ അധികം വൈകാതെ മരിച്ചു.

Signature-ad

മണികണ്ഠന്‍ വീടിനും പതിവായി നാശമുണ്ടാക്കും. വീടിന്റെ ഇളകിപ്പോയ കതകുകള്‍ പോലും ഇക്കാരണത്താല്‍ മാറ്റിയിട്ടില്ല. മദ്യപിച്ച് പതിവായി വീട്ടിലും നാട്ടിലും അക്രമങ്ങള്‍ നടത്തുന്ന മണികണ്ഠനെ പൊലീസ് പിടികൂടിയാലും ഓമനയമ്മ സ്റ്റേഷനിലെത്തി പുറത്തിറക്കുമെന്ന് ബന്ധുക്കള്‍ പറയുന്നു.

 

Back to top button
error: