CrimeNEWS

മുഖത്തേക്ക് മൂത്രം ഒഴിച്ചു, കൂട്ടബലാത്സംഗം ചെയ്യിച്ചു, ദേഹത്ത് മാരകവൈറസ് കുത്തിവെച്ചു; ബി.ജെ.പി. എംഎല്‍എയ്‌ക്കെതിരേ യുവതിയുടെ പരാതി

ബെംഗളൂരു: ബിജെപി എംഎല്‍എയുടെ നേതൃത്വത്തില്‍ തന്നെ കൂട്ടബലാത്സംഗം ചെയ്യിപ്പിക്കുകയും മുഖത്ത് മൂത്രമൊഴിക്കുകയും ദേഹത്ത് മാരകവൈറസ് കുത്തിവെക്കുകയും ചെയ്തുവെന്ന് യുവതിയുടെ പരാതി. ബിജെപിയുടെ രാജരാജേശ്വരി നഗര്‍ എം.എല്‍.എ മുനിരത്നയ്ക്കെതിരെ ബിജെപി പ്രവര്‍ത്തക കൂടിയായ നാല്‍പ്പതുകാരിയുടെ പരാതിയെ തുടര്‍ന്ന് ബെംഗളൂരു പോലീസ് കേസെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

മുനിരത്ന എംഎല്‍എ, വാസന്ത, ചെന്നകേശവ, കമല്‍ എന്നിവരാണ് കേസിലെ പ്രതികള്‍. 2023 ജൂണ്‍ 11-ന് മാതിക്കെരെയിലെ ജെ.പി പാര്‍ക്കിനടുത്തുള്ള മുനിരത്നയുടെ ഓഫീസിലാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. വാസന്തയും കമലും ചേര്‍ന്ന് ഒരു എസ്.യു.വിയില്‍ തന്നെ കൂട്ടിക്കൊണ്ടുപോയി എം.എല്‍.എയുടെ ഓഫീസിലെത്തിക്കുകയായിരുന്നുവെന്ന് യുവതി മൊഴി നല്‍കി.

Signature-ad

”മുനിരത്ന, വാസന്ത, ചെന്നകേശവ എന്നിവര്‍ എന്റെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുകയും ഞാന്‍ സഹകരിച്ചില്ലെങ്കില്‍ എന്റെ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് മുനിരത്നയുടെ നിര്‍ദ്ദേശപ്രകാരം വാസന്തയും ചെന്നകേശവയും ചേര്‍ന്ന് എന്നെ ബലാത്സംഗം ചെയ്തു. പിന്നീട് എംഎല്‍എ എന്റെ മുഖത്ത് മൂത്രമൊഴിച്ചു,” അവര്‍ പരാതിയില്‍ പറഞ്ഞു.

അജ്ഞാതനായ ഒരാള്‍ മുറിയിലേക്ക് വന്ന് മുനിരത്നയ്ക്ക് ഒരു പെട്ടി കൈമാറിയെന്നും ഇതിനു പിന്നാലെ, എംഎല്‍എ തന്നെ കുത്തിവെക്കുകയും സംഭവത്തെക്കുറിച്ച് പുറത്തുപറഞ്ഞാല്‍ കുടുംബത്തെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിലുണ്ട്. മുനിരത്നയുടെ നിര്‍ദ്ദേശപ്രകാരം തനിക്കെതിരെ കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും നേരത്തെ അറസ്റ്റിലായിരുന്നുവെന്നും ഇവര്‍ പറയുന്നു

ജയിലില്‍നിന്ന് പുറത്തിറങ്ങിയ ശേഷം വാസന്തയും കമലും തന്റെ വീട്ടിലെത്തുകയും തനിക്കെതിരെയുള്ള കേസുകളെല്ലാം ഒഴിവാക്കാന്‍ എംഎല്‍എ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്ത് വീണ്ടും മുനിരത്നയുടെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തുവെന്നും അവര്‍ പറഞ്ഞു. ജനുവരിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ വൈറസ് ബാധ സ്ഥിരീകരിച്ചതായും അവര്‍ പോലീസിനെ അറിയിച്ചു. മെയ് 19-ന് ജീവനൊടുക്കാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് അവര്‍ പരാതി നല്‍കിയത്.

മുനിരത്നയ്ക്കെതിരെയുള്ള കേസ് പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി) അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. സിനിമാ നിര്‍മ്മാതാവില്‍നിന്ന് രാഷ്ട്രീയക്കാരനായ വ്യക്തിയാണ് മുനിരത്‌ന. കര്‍ണാടകയിലെ രാജരാജേശ്വരി നഗറില്‍നിന്ന് നാല് തവണ തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം നിലവില്‍ ആ മണ്ഡലത്തിലെ എംഎല്‍എയാണ്.

 

Back to top button
error: