
കൊല്ലം: യുവാവിനെ കൊലപ്പെടുത്തി വനത്തില്‍ തള്ളിയ സംഭവത്തില്‍ ഒന്നാംപ്രതിയും അറസ്റ്റില്‍. കറവൂര്‍ തൊടീക്കണ്ടം അനില്‍ഭവനില്‍ അനില്‍കുമാറാണ് പത്തനാപുരം പോലീസിന്റെ പിടിയിലായത്.
പുനലൂര്‍ കോടതിയില്‍ കീഴടങ്ങാനായി അഭിഭാഷകനുമൊത്ത് എത്തിയപ്പോഴായിരുന്നു അറസ്റ്റ്. കേസിലെ രണ്ടാംപ്രതി കറവൂര്‍ ചണ്ണയ്ക്കാമണ്‍ കിഴക്കേക്കരവീട്ടില്‍ ഷാജഹാനെ (റഹ്‌മാന്‍ ഷാജി) നേരത്തേ പിടികൂടിയിരുന്നു.

പിറവന്തൂര്‍ തൊടീക്കണ്ടം ഓലപ്പാറ പുത്തന്‍വീട്ടില്‍ രജി(ഓമനക്കുട്ടന്‍-36)യുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇവര്‍ പിടിയിലായത്. കൊല്ലപ്പെട്ട രജി, അനില്‍കുമാറിന്റെ ഭാര്യയെ മര്‍ദിച്ചതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ 10-ന് രാത്രി വാഴത്തോട്ടത്തില്‍ കാവലിനായി പോയ രജിയെ ഇരുവരും ചേര്‍ന്ന് മര്‍ദിച്ചു കൊലപ്പെടുത്തി പെരുന്തോയില്‍ തലപ്പാക്കെട്ട് ഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നു. രണ്ടുദിവസത്തിനുശേഷമാണ് ജീര്‍ണിച്ച മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്.