
ബംഗളുരു: ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് മാതാപിതാക്കള്‍ പാക് അധിനിവേശ കശ്മീരിലാണെന്നു വെളിപ്പെടുത്തി മുന്‍ ഇംഗ്ലീഷ് ഓള്‍ റൗണ്ടറും കൊല്‍ക്കത്ത ടീമംഗവുമായ മൊയീന്‍ അലി. ഭീകരക്യാമ്പുകളെ ലക്ഷ്യമിട്ട് ഇന്ത്യ ഓപ്പറേഷനുകള്‍ നടത്തുമ്പോഴായിരുന്നു മാതാപിതാക്കള്‍ കുടുങ്ങിയത്. മാതാപിതാക്കള്‍ നാട്ടിലേക്ക് മടങ്ങിയതില്‍ സന്തോഷമുണ്ടെന്നും അങ്ങേയറ്റം ഭ്രാന്തമായ അവസ്ഥയിലായിരുന്നു അപ്പോഴെന്നും അലി പറഞ്ഞു.
‘എന്റെ മാതാപിതാക്കള്‍ ആ സമയത്ത് കശ്മീരിലായിരുന്നു. ആക്രമണം നടന്ന സ്ഥലത്തുനിന്ന് ഒരുമണിക്കൂര്‍ മാത്രം ദൂരത്തില്‍. അതിനാല്‍ അങ്ങേയറ്റം ആശങ്കയിലായിരുന്നു. എന്നാല്‍, അന്നൊരു വിമാനം ചാര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞു. അവര്‍ക്കു പുറത്തുകടക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. പക്ഷേ, അന്നുണ്ടായ ആശങ്കകള്‍ക്ക് അതിരില്ലായിരുന്നെന്നും’ ഒരു പോഡ്കാസ്റ്റില്‍ പറഞ്ഞു.

‘ഭ്രാന്ത് പിടിച്ച സമയമായിരുന്നു. യുദ്ധം ശരിക്കും ആരംഭിക്കുന്നതിനു മുമ്പ് കശ്മീരില്‍ ആക്രമണങ്ങള്‍ ആരംഭിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാം വഷളായി. പെട്ടെന്നു യുദ്ധത്തിന്റെ നടുവിലായതുപോലെ തോന്നി. എന്നാല്‍, മിസൈല്‍ പതിക്കുന്ന ശബ്ദങ്ങളൊന്നും കേട്ടില്ല. പെട്ടെന്നു രാജ്യത്തുനിന്നു പുറത്തു കടക്കാനും വീട്ടില്‍ സുഖമായി തിരിച്ചെത്തിയെന്നും ആളുകളെ അറിയിക്കാന്‍ കഴിഞ്ഞു’- അദ്ദേഹം പറഞ്ഞു.
യുദ്ധത്തെക്കുറിച്ചു സഹകളിക്കാരുമായും ചര്‍ച്ച ചെയ്‌തെന്ന് അലി പറഞ്ഞു. മേയ് ഏഴിന് ഈഡന്‍ ഗാര്‍ഡനില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരേയായിരുന്നു മൊയീന്‍ അവസാനമായി കളിച്ചത്. പാകിസ്താന്‍ ഇന്ത്യയുടെ വ്യോമതാവളങ്ങളെയും നഗരങ്ങളെയും ആക്രമിക്കാന്‍ ശ്രമിച്ചതിനാല്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ മറ്റു കളികള്‍ റദ്ദാക്കി.
‘എന്താണ് സംഭവിക്കുന്നതെന്നും കാര്യങ്ങള്‍ എങ്ങനെയാണെന്നും ആളുകള്‍ക്ക് ഉറപ്പില്ലായിരുന്നു. ഞാന്‍ പലരോടും സംസാരിച്ചു. ചിലര്‍ ‘യുദ്ധമുണ്ടാകില്ല, എല്ലാം ശരിയാകും. ഇതൊക്കെ മുമ്പ് സംഭവിച്ചിട്ടുണ്ട്’ എന്നു പറഞ്ഞു. ‘ഒരു യുദ്ധം ഉണ്ടാകുമെന്നും പ്രതികാര നടപടികളുണ്ടാകുമെന്നും’ ചിലര്‍ പറഞ്ഞു. വളരെയധികം നുണകളും കേട്ടു. ആളുകളെ വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. വാര്‍ത്താ ഏജന്‍സികളും പത്രപ്രവര്‍ത്തകരും വ്യത്യസ്തമായിരുന്നില്ല. എന്താണു നടക്കുന്നതെന്ന് അവര്‍ക്കും ധാരണയുണ്ടായിരുന്നില്ല. എന്താണു നടക്കുന്നതെന്നോ എവിടെ നില്‍ക്കണമെന്നോ അറിയാത്തതാണ് ഭയപ്പെടുത്തുന്ന കാര്യം. വിമാനങ്ങള്‍ റദ്ദാക്കപ്പെടുന്നതും ഞങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്തതുമാണ് ഞങ്ങളെ ആശങ്കപ്പെടുത്തിയ കാര്യം. വിമാനങ്ങളില്ലാതെ കുടുങ്ങിപ്പോയ പ്രാദേശിക കളിക്കാര്‍ക്കാണ് ഏറെ ബുദ്ധിമുട്ടുണ്ടായത്- മോയിന്‍ വിശദീകരിച്ചു.
പ്ലേ ഓഫില്‍നിന്നു പുറത്തായതിനു പിന്നാലെ ഐപിഎല്ലിന്റെ ശേഷിക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കാന്‍ മൊയീന്‍ ടീമിലെത്തിയിട്ടില്ല. ഇദ്ദേഹത്തിനു പകരം കളിക്കാരനുണ്ടാകുമോ എന്നും വ്യക്തമാക്കിയിട്ടില്ല. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന അവരുടെ ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചു. 25ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ അവസാന ലീഗ് ഘട്ട പോരാട്ടത്തില്‍ അവര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ (എസ്ആര്‍എച്ച്) നേരിടും.