
ഗൂഡല്ലൂര്‍: വീട്ടമ്മയെ കൊലപ്പെടുത്തി 6 പവന്‍ സ്വര്‍ണാഭരണം മോഷ്ടിച്ച സംഭവത്തില്‍ മരുമകളും അവരുടെ സഹോദരിയും പിടിയിലായി. നെല്ലാക്കോട്ട വെള്ള കോളനിയിലെ മൈമൂനയെ(55) കഴിഞ്ഞ വെള്ളിയാഴ്ചയാണ് അടുക്കളയില്‍ തലയ്ക്കു പരുക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് മകന്റെ ഭാര്യ ഒന്‍പതാം മൈലില്‍ താമസിക്കുന്ന ഹയറുന്നീസ(35), ഇവരുടെ സഹോദരി കൊട്ടായമേട്ടില്‍ താമസിക്കുന്ന ഹസീന(31) എന്നിവരാണ് പിടിയിലായത്. ഹസീനയുടെ ഭര്‍ത്താവ് നജുമുദ്ദീന്‍ ലഹരിമരുന്നു കടത്തിയ കേസില്‍ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. ഇയാളെ ജാമ്യത്തില്‍ ഇറക്കുന്നതിനായി പണം കണ്ടെത്താനാണ് കൊലപാതകം നടത്തിയത്.
വെള്ളിയാഴ്ച രണ്ടു പേരും മൈമൂനയുടെ വീട്ടിലെത്തി ചായ കുടിച്ച ശേഷം മൈമൂനയെ തോര്‍ത്ത് മുണ്ട് കൊണ്ട് കഴുത്തു ഞെരിച്ചു നിലത്തു വീഴ്ത്തിയ ശേഷം കുക്കറിന്റെ അടപ്പു കൊണ്ട് മുഖത്തടിച്ചു. പിന്നീട് പാചക വാതക സിലിണ്ടര്‍ കൊണ്ട് തലയ്ക്കടിച്ചു. കഴുത്തില്‍ അണിഞ്ഞിരുന്ന ആഭരണങ്ങളും കാത് മുറിച്ച് കമ്മലും ഇവരുടെ മൊബൈല്‍ ഫോണും മോഷ്ടിച്ചു. പാചക വാതകം തുറന്ന് വിട്ട് വീടിന്റെ പിന്നിലൂടെയാണ് ഇരുവരും മടങ്ങിയത്. വൈകുന്നേരം ജോലിക്ക് പോയ ഭര്‍ത്താവ് മുഹമ്മദ് വീട്ടിലെത്തി ലൈറ്റ് ഇടുമ്പോള്‍ പൊട്ടിത്തെറിക്കുമെന്നാണ് ഇവര്‍ പ്രതീക്ഷിച്ചിരുന്നത്.

ഷീറ്റ് മേഞ്ഞ വീടായതിനാല്‍ ഗ്യാസ് പുറത്തേക്ക് പടര്‍ന്നു പോയി. മോഷ്ടിച്ച ആഭരണങ്ങളും മൊബൈല്‍ ഫോണും ഹസീനയുടെ വീട്ടില്‍ നിന്നു പിടിച്ചെടുത്തു. അന്യ സംസ്ഥാന കച്ചവടക്കാരാണ് കൊലപാതകം നടത്തിയതെന്ന് വരുത്തിത്തീര്‍ക്കുന്നതിനായി പ്രതികള്‍ മൃതദേഹം കിടന്ന സ്ഥലത്ത് ബീഡി കൊണ്ടു വന്നിട്ടു.
ഹസീനയുടെ ഭര്‍ത്താവ് ലഹരി കടത്തു കേസില്‍ പ്രതിയായിരിക്കെ ഗൂഡല്ലൂര്‍ സബ് ജയിലില്‍ പൊലീസുകാര്‍ മര്‍ദിച്ച സംഭവം വിവാദമായിരുന്നു. ഭര്‍ത്താവിനെ ജയിലില്‍ മര്‍ദിച്ചതായി ഹസീന നല്‍കിയ പരാതിയില്‍ മൂന്ന് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയും ഒരാളുടെ പേരില്‍ കേസെടുക്കുകയും ചെയ്തിരുന്നു. ജയില്‍ െഎജി നേരിട്ട് ജയിലിലെത്തി അന്വേഷണം നടത്തിയിരുന്നു. മൈമുനയുടെ മരണം അന്വേഷിക്കുന്നതിനായി പൊലീസ് 4 പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചിരുന്നു.