
ന്യൂഡല്‍ഹി: ചാരവൃത്തിക്കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് കേരളത്തിലും എത്തി. കേരളം സന്ദര്‍ശിച്ചശേഷം ഫെബ്രുവരിയില്‍ വീഡിയോ പങ്കുവെക്കുകയും ചെയ്തു. കണ്ണൂരില്‍നിന്നാണ് ജ്യോതി യാത്ര ആരംഭിച്ചത്. ദൃശ്യങ്ങളില്‍ വിമാനത്താവളവും വിവരണങ്ങളും പങ്കുവെക്കുന്നുണ്ട്.
കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, മൂന്നാര്‍, ആലപ്പുഴ, കൊച്ചി, തിരുവനന്തപുരം, ഇടുക്കി അടക്കമുള്ളിയടങ്ങള്‍ ജ്യോതി സന്ദര്‍ശിച്ച് വീഡിയോയും ചിത്രങ്ങളും പകര്‍ത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. ഈ യാത്ര വെറുമൊരു യാത്രയല്ലെന്നും ഓര്‍മ്മകളുടെ യാത്രയാണെന്നും ജീവിച്ചിരിക്കുന്ന കാലത്തോളം ഓര്‍മ്മിപ്പിക്കപ്പെടുമെന്നും കേരളത്തിലെ സന്ദര്‍ശനത്തിന് ശേഷം പങ്കുവെച്ച വീഡിയോയില്‍ ജ്യോതി പറയുന്നുണ്ട്.

തുടര്‍ച്ചയായി പാകിസ്താന്‍ സന്ദര്‍ശിക്കുകയും പാക് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നയാളാണ് ജ്യോതി എന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇത് തെളിയിക്കുന്ന ചിത്രങ്ങളും വീഡിയോകളുമടക്കം പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ സാഹചര്യത്തിലാണ് കഴിഞ്ഞ കുറച്ചുകാലങ്ങളായി ഇവരെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ചുവരികയായിരുന്നു.
എവിടെയൊക്കെ യാത്രചെയ്തു, അവിടെനിന്ന് എന്തൊക്കെ പകര്‍ത്തി, ആരെയൊക്കെ കണ്ടു, മറ്റു യൂട്യൂബര്‍മാര്‍ ആരെയൊക്കെ കണ്ടിട്ടുണ്ട് തുടങ്ങിയ കാര്യള്‍ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ജ്യോതി മല്‍ഹോത്രവഴി മറ്റു വ്‌ളോഗര്‍മാരെയും പാകിസ്താന്‍ ലക്ഷ്യംവെച്ചിരുന്നുവെന്നാണ് വിവരം.
പാകിസ്താനുവേണ്ടി തന്ത്രപ്രധാന സ്ഥലങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുക, ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കുക എന്നതായിരുന്നു പാക് രഹസ്യാന്വേഷണ വിഭാഗം വീഡിയോ ക്രിയേറ്റര്‍മാരില്‍നിന്ന് ലക്ഷ്യമിട്ടിരുന്നത്. ഇതിന് പുറമെ പാകിസ്താനെ പുകഴ്ത്തി സല്‍പ്പേര് ഉണ്ടാക്കിക്കൊടുക്കുക എന്നതും വ്‌ലോഗര്‍മാരിലൂടെ പാകിസ്താന്‍ ലക്ഷ്യമിട്ടിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
ഡല്‍ഹിയിലെ പാക് ഹൈക്കമ്മിഷന്‍ ഇവര്‍ നിരന്തരം സന്ദര്‍ശിച്ചിരുന്നതായാണ് വിവരമുണ്ട്. ചാരവൃത്തിയാരോപിച്ച് പുറത്താക്കിയ ഉദ്യോഗസ്ഥനുമായി ജ്യോതി ബന്ധം പുലര്‍ത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.