LIFELife Style

എല്ലാം അച്ഛന്‍ നോക്കി, മുംബൈയിലെത്തിയോടെ എല്ലാം മാറി; അന്ന് വിലക്ക് വന്നപ്പോള്‍…

സിനിമാ രംഗത്ത് നിന്നും ഏറെക്കാലമായി മാറി നില്‍ക്കുകയാണ് അസിന്‍. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളില്‍ തുടരെ ഹിറ്റുകള്‍ ലഭിച്ച അസിനെ ഇന്നും പ്രേക്ഷകര്‍ മറന്നിട്ടില്ല. വളരെ പെട്ടെന്നായിരുന്നു കരിയറില്‍ അസിന്റെ വളര്‍ച്ച. വളരെ ശ്രദ്ധാപൂര്‍വമായിരുന്നു അസിന്റെ സ്‌ക്രിപ്റ്റ് സെലക്ഷന്‍. കൊമേഴ്ഷ്യല്‍ സിനിമകളില്‍ ശ്രദ്ധേയ നായികാ വേഷം അസിന് ലഭിച്ചു. ഒന്നിന് പിറകെ ഒന്നായി സൂപ്പര്‍സ്റ്റാര്‍ സിനിമകളാണ് അസിന്‍ ചെയ്തത്. തമിഴ് ചിത്രം ഗജിനിയുടെ ഹിന്ദി റീമേക്കിലൂടെ ബോളിവുഡിലേക്ക് കടന്ന അസിന് അവിടെയും ഹിറ്റുകള്‍ ലഭിച്ചു. ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയ താരങ്ങളുടെ നായികയായി നടി അഭിനയിച്ചു.

ഹിന്ദിയില്‍ തിരക്കായതോടെ തമിഴിലും തെലുങ്കിലും അസിന്‍ സജീവമല്ലാതായി. കാവലന്‍ മാത്രമാണ് ബോളിവുഡ് നടിയായ ശേഷം അസിന്‍ ചെയ്ത തമിഴ് സിനിമ. തമിഴകത്ത് നിന്നും നടി മാറി നിന്നത് സ്വന്തം ഇഷ്ടപ്രകാരമായിരുന്നില്ല. അക്കാലത്തുണ്ടായ ചില വിവാദങ്ങളാണ് ഇതിന് കാരണം. 2010 ലായിരുന്നു ഈ സംഭം. സല്‍മാന്‍ ഖാന്‍ നായകനായ റെഡി എന്ന ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗിനായി അസിന്‍ ശ്രീലങ്കയിലേക്ക് പോയി. ആ സമയത്ത് തമിഴ്നാടും ശ്രീലങ്കയും തമ്മില്‍ പ്രശ്നങ്ങളുണ്ട്.

Signature-ad

ശ്രീലങ്കയില്‍ വെച്ചുള്ള എല്ലാ കള്‍ച്ചറല്‍ പരിപാടികളും അഭിനേതാക്കള്‍ ഒഴിവാക്കണമെന്ന് സൗത്ത് ഇന്ത്യന്‍ ഫിലിം ആര്‍ട്ടിസ്റ്റ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗിന് അസിന് ശ്രീലങ്കയില്‍ പോയി. ഇതിന്റെ പേരില്‍ സംഘടന അസിനെ വിലക്കി. എന്നാല്‍ ഷൂട്ടിംഗ് സ്ഥലത്തെക്കുറിച്ച് തനിക്ക് നേരത്തെ അറിയില്ലായിരുന്നെന്നും അറിഞ്ഞപ്പോള്‍ പ്രൊഡ്യൂസറോട് പറഞ്ഞതാണെന്നുമായിരുന്നു അന്ന് അസിന്റെ വിശദീകരണം.

ശ്രീലങ്കയില്‍ ഷൂട്ടിന് പോയ വിവേക് ഒബ്റോയ്, സെയ്ഫ് അലി ഖാന്‍, സല്‍മാന്‍ ഖാന്‍, ലാറ ദത്ത തുടങ്ങിയ താരങ്ങളെയും സൗത്ത് ഇന്ത്യന്‍ ഫിലിം ആര്‍ട്ടിസ്റ്റ്സ് അസോസിയേഷന്‍ വിലക്കിയിരുന്നു. എന്നാല്‍ ഇവരാരും തെന്നിന്ത്യന്‍ സിനിമാ ലോകവുമായി ബന്ധമുള്ളവരല്ല. പക്ഷെ അസിന്‍ തമിഴിലെയും തെലുങ്കിലും വിലപിടിപ്പുള്ള താരമാണന്ന്. അക്കാലത്ത് അസിനെ തെന്നിന്ത്യന്‍ സിനിമകളില്‍ കാണാന്‍ പറ്റാത്തതിന് പ്രധാന കാരണം ഈ വിലക്കാണ്.

ബോളിവുഡാണെങ്കില്‍ അസിന് പൂര്‍ണമായും ചേര്‍ന്ന് പോകാന്‍ പറ്റുന്ന ഇന്‍ഡസ്ട്രിയായിരുന്നില്ല. ഗ്ലാമറസ് ലോകമായ ബോളിവുഡിലെ ലൈഫ് സ്റ്റൈല്‍, ഗോസിപ്പുകള്‍, പാര്‍ട്ടികള്‍ എന്നിവയോടൊന്നും അസിന് താല്‍പര്യമുണ്ടായിരുന്നില്ല. ഗ്ലാമര്‍ വേഷങ്ങളോ ഇന്റിമേറ്റ് രംഗങ്ങളോ ചെയ്യാന്‍ അസിന്‍ തയ്യാറായിരുന്നില്ല. ഇത് ബോളിവുഡിലെ അവസരങ്ങള്‍ കുറച്ചു.

അസിന്റെ കരിയറില്‍ വലിയ സ്വാധീനമുണ്ടായിരുന്നയാള്‍ പിതാവ് ജോസഫ് തോട്ടുങ്കലാണ്. തമിഴിലും തെലുങ്കിലും നടി അഭിനയിച്ചിരുന്ന കാലത്ത് പ്രൊഫഷനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് ജോസഫ് തോട്ടുങ്കലാണ്. പ്രതിഫലക്കാര്യത്തിലും ഡേറ്റിന്റെ കാര്യത്തിലുമൊന്നും അസിന് പ്രശ്നങ്ങളുണ്ടാകാതെ പിതാവ് ശ്രദ്ധിച്ചു. എന്നാല്‍ ബോളിവുഡില്‍ ചെന്നപ്പോള്‍ ഇതായിരുന്നില്ല സാഹചര്യം.

ബോളിവുഡ് മറ്റൊരു ലോകം തന്നെയായിരുന്നു. പ്രൊഫഷനില്‍ പിതാവിന്റെ ഇടപെടല്‍ അക്കാലത്ത് ബി ടൗണ്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായി. ഇതിനെതിരെ അസിന്‍ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ലഭിച്ചിരുന്ന സ്വകാര്യത ബോളിവുഡില്‍ അസിന് ലഭിച്ചിരുന്നില്ല. തെന്നിന്ത്യയിലേത് പോലെ കരിയര്‍ വളര്‍ത്തുക ബോളിവുഡില്‍ നടിക്ക് എളുപ്പവുമായിരുന്നില്ല. 2016 ല്‍ വിവാഹ ശേഷം അസിന്‍ അഭിനയ രംഗം വിടുകയാണുണ്ടായത്.

 

 

Back to top button
error: